പോര്‍ച്ചുഗല്‍ സമനിലയില്‍ കുരുങ്ങി: വിജയക്കൊടി നാട്ടി ഫ്രഞ്ചുപട

Web Desk
Posted on May 29, 2018, 10:27 pm
ഒലിവര്‍ ജിറൂഡ് ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടുന്നു
  • ഇറാനും സൗദിക്കും പരാജയം

പാരിസ്: ലോകകപ്പ് സന്നാഹമത്സരങ്ങളില്‍ കരുത്തരായ ഫ്രാന്‍സ് വിജയം കൊയ്തപ്പോള്‍, യൂറോ ജേതാക്കളായ പോര്‍ച്ചുഗല്‍ സമനിലയില്‍ കുരുങ്ങി.

അയര്‍ലണ്ടിനെതിരെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. ആഫ്രിക്കന്‍ ശക്തികളായ ടുണീഷ്യയാണ് പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചത്. മറ്റൊരു മത്സരത്തില്‍, ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ ഇറ്റലി ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് സൗദി അറേബ്യയെ മറികടന്നു.

അയര്‍ലണ്ടിനെതിരെ മേധാവിത്വത്തോടെ പന്തുതട്ടിയ ഫ്രാന്‍സ് എതിരാളികള്‍ക്ക് ഒരവസരവും കൊടുത്തില്ല. 40ആം മിനിറ്റില്‍ ഒളിവര്‍ ജിറൗഡും 43ആം മിനിറ്റില്‍ നബീല്‍ ഫെക്കിറുമാണ് ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത്. മത്സരത്തില്‍ ആറ് സേവുകളുമായി ബാറിന് കീഴില്‍ മിന്നും പ്രകടനം കാഴ്ചവെച്ച കോളിന്‍ ഡോയലാണ് അയര്‍ലണ്ടിന്റെ പരാജയഭാരം കുറച്ചത്.
ട്യുണീഷ്യക്കെതിരെ രണ്ടുഗോളുകളുടെ ലീഡ് സ്വന്തമാക്കിയതിന് ശേഷമാണ് പോര്‍ച്ചുഗല്‍ മത്സരം കൈവിട്ടത്. ആന്ദ്രേ സില്‍വ, ജോവോ മരിയോ എന്നിവര്‍ പറങ്കിപ്പടയ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍ ബദ്രി, ബെന്‍ യൂസുഫ് എന്നിവര്‍ ട്യുണീഷ്യയെ ഒപ്പമെത്തിച്ചു. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ നിരയില്‍ ഇറങ്ങിയില്ല.

മറ്റു മല്‍സരങ്ങളില്‍ ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാത്ത ഇറ്റലിയും തുര്‍ക്കിയും റഷ്യന്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന ഇറാനെയും സൗദി അറേബ്യയെയും തോല്‍പ്പിച്ചു. തുര്‍ക്കി 2–1ന് ഇറാനെയും ഇറ്റലി ഇതേ സ്‌കോറിന് സൗദിയെയും പരാജയപ്പെടുത്തുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ദക്ഷിണ കൊറിയ 2–0ന് ഹോണ്ടുറാസിനെ തോല്‍പ്പിച്ചു.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലെത്തിയ ഇറ്റാലിയന്‍ സൂപ്പര്‍ താരം മരിയോ ബലോട്ടെലി ടീമിന്റെ ആദ്യ ഗോള്‍ നേടി ആഘോഷിച്ചു. ജിയാന്‍ പിയറോ വെന്റൂറോ രാജിവെച്ച ഒഴിവില്‍ ഈ മാസം പകുതിയോടെ ഇറ്റലിയുടെ പരിശീലകസ്ഥാനമേറ്റ റോബര്‍ട്ട് മാഞ്ചീനിയാണ് ബലോട്ടലിയെ ടീമിലേക്ക് തിരിച്ചു വിളിച്ചത്. 2014 ലോകകപ്പിലായിരുന്നു ബലോറ്റെലി ഇതിനു മുമ്പ് അവസാനമായി അസൂറിപ്പടയ്ക്കു വേണ്ടി കളിച്ചത്.

നിലവില്‍ നീസിന്റെ താരമായ ബലോട്ടലി സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ തുടക്കം മുതല്‍ തകര്‍പ്പന്‍ ഫോമിലാണ് കളിച്ചത്. ആദ്യ ഗോള്‍ നേടുന്നതിന് മുന്‍പും ബലോട്ടലി ഇറ്റലിക്ക് വേണ്ടി വലകുലുക്കിയെങ്കിലും ഓഫ് സൈഡ് കെണിയില്‍ താരം വീഴുകയായിരുന്നു.
21ാം മിനിറ്റില്‍ സൂപ്പര്‍ സോളോ ഗോളിലൂടെയായിരുന്നു ബലോട്ടെല്ലി ലക്ഷ്യംകണ്ടത്. 68 ാം മിനിറ്റില്‍ ആന്ദ്രെ ബെലോട്ടിയുടെ വകയായിരുന്നു ഇറ്റലിയുടെ രണ്ടാം ഗോള്‍. 72ാം മിനിറ്റില്‍ യഹ്‌യ അല്‍ ഷെഹ്‌റിയുടെ വകയായിരുന്നു സൗദിയുടെ ഏക ഗോള്‍.