Saturday
23 Mar 2019

വര്‍ണങ്ങളിലാറാടി റഷ്യ വസന്തം വിരിഞ്ഞു

By: Web Desk | Thursday 14 June 2018 8:39 PM IST


  • സംഗീതവും ദൃശ്യവിസ്മയങ്ങളും കൊണ്ട് വിരുന്നൊരുക്കി ഉദ്ഘാടന ചടങ്ങുകള്‍
  • റൊണാള്‍ഡോ ലോകകപ്പ് ബോള്‍ സാബിവാകയ്ക്ക് കിക്ക് ചെയ്ത് കൈമാറി

മോസ്‌കോ: റഷ്യ ഫുട്‌ബോള്‍ വസന്തത്തിന്റെ നിറങ്ങളണിഞ്ഞു. ഇനി എല്ലാ കണ്ണുകളും റഷ്യയിലേക്കാണ്. ഒരുമാസം ആവേശകരമായ ഫുട്‌ബോള്‍ കാഴ്ചകള്‍.
ഇന്ന് നിറക്കാഴ്ചകളിലേക്കാണ് മോസ്‌കോയും മറ്റ് ആതിഥേയ നഗരങ്ങളും കണ്ണുതുറന്നത്. തെരുവുകള്‍ വിവിധ നിറങ്ങള്‍ ഇടകലര്‍ന്ന ആഘോഷക്കാഴ്ചകളായി മാറി. സ്വന്തംരാജ്യത്തിന്റെ ജഴ്‌സിയണിഞ്ഞ ആരാധകക്കൂട്ടങ്ങള്‍ ഗാനങ്ങളും നൃത്തവുമായി ആവേശംപകര്‍ന്നു. രാജ്യം ഇന്നുവരെ കാണാത്ത തരത്തിലുള്ള ആഘോഷങ്ങളുമായി റഷ്യയും വിരുന്നെത്തിയ ആരാധകര്‍ക്കൊപ്പം ചേര്‍ന്നു.

ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ലഭിച്ച അവസരം റഷ്യ ഉത്സവമാക്കി. ലോകകപ്പ് സമാധാനപരമായി നടത്താന്‍ റഷ്യയ്ക്ക് ആകുമോ എന്ന് നെറ്റി ചുളിച്ചവര്‍ക്ക് മറുപടി കൂടിയാണ് റഷ്യ നല്‍കിയിരിക്കുന്നത്. കാണികളെ കൈയിലെടുക്കുന്ന ദൃശ്യവിസ്മയങ്ങളും സംഗീതപ്രകടനങ്ങളും കൊണ്ട് ഒരുക്കിയ വിരുന്നായി മാറി ഉദ്ഘാടനച്ചടങ്ങുകള്‍.
വയലിനിസ്റ്റ് യുറി ബാഷ്‌മെറ്റും പിയാനിസ്റ്റ് ഡാനില്‍ ട്രിഫാനോവും ചേര്‍ന്നുള്ള സംഗീതപരിപാടിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. 500 ഓളം കലാകാരന്മാര്‍ നൃത്തപരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രമുഖ ഗായകന്‍ റോബി വില്യംസും ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡോയും വേദിയിലെത്തി. സംഗീതപരിപാടി ഒരു മിനിട്ടും 20 സെക്കന്‍ഡും നീണ്ടുനില്‍ക്കുന്നതായിരുന്നു. റഷ്യന്‍ ഓപ്പറ ഗായിക ഐഡ ഗാരിഫ്യൂള്ളിനയും 32 ജോഡി നര്‍ത്തകരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

ലോകകപ്പിന്റെ പന്തുമായി എത്തിയത് മോഡല്‍ വിക്ടോറിയ ലോപിരെവ ആയിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയംവരെയെത്തിയ ശേഷം തിരികെയെത്തിയ ഔദ്യോഗിക ബോള്‍ റൊണാള്‍ഡോ ലോകകപ്പിന്റെ മാസ്‌കോട്ടായ സാബിവാകയ്ക്ക് കിക്ക് ചെയ്ത് കൈമാറി. ഇതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് സമാപനമായി. മുന്‍ സ്‌പെയിന്‍ നായകന്‍ ഇകര്‍ കസിയസ്. റഷ്യന്‍ മോഡല്‍ നതാലിയ വോഡിയനോവ എന്നിവരാണ് ലോകകപ്പ് ട്രോഫി സ്റ്റേഡിയത്തില്‍ എത്തിച്ചത്.

ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഇരുപതോളം രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്, അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിനിയാന്‍, അബ്ഖാസിയന്‍ പ്രസിഡന്റ് റൗള്‍ ഖ്വാംജിംബ, ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ, ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ്, കസാഖിസ്ഥാന്‍ പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവ്, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂരാന്‍ബായി ജീന്‍ബകോവ്, നോര്‍ത്ത് കൊറിയന്‍ അസംബ്ലി പ്രസീഡിയം പ്രസിഡന്റ് ക്െ യോങ് നാം എന്നിവരാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനൊപ്പം ഉദ്ഘാടനചടങ്ങിനെത്തിയത്.

25 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ലോകമെമ്പാടും വിറ്റഴിച്ചിരിക്കുന്നത്. ഇതില്‍ ഒമ്പത് ലക്ഷത്തോളം ടിക്കറ്റുകള്‍ വാങ്ങിയിരിക്കുന്നത് റഷ്യക്കാര്‍ തന്നെയാണ്. 90000 ആരാധകരാണ് യുഎസില്‍ നിന്നും റഷ്യയിലെത്തുന്നത്. ബ്രസീലില്‍ നിന്നും 72.500 ആരാധകരെത്തിയിട്ടുണ്ട്.