20 April 2024, Saturday

ലോകത്തിന്റെ മനംകവർന്ന ഖത്തർ ലോകകപ്പ്

Janayugom Webdesk
December 20, 2022 5:00 am

കാറ്റുനിറച്ചൊരു പന്തും വിജയ പ്രതീകമായൊരു സ്വര്‍ണക്കപ്പും. ലോകം എല്ലാം മറന്ന് അലിഞ്ഞു ചേർന്ന ഒരുമാസക്കാലത്തോളം നീണ്ട ഖത്തർ ലോകകപ്പ് ദോഹയിലെ ലുസൈയ്ൽ സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ പതിനായിരങ്ങളെ സാക്ഷിയാക്കി സമാപിച്ചിരിക്കുന്നു. ഭൂലോകത്തിന്റെ കാൽപന്ത് തട്ടകങ്ങളെ പ്രതിനിധീകരിച്ച് 32 ടീമുകളാണ് അഭിമാനക്കപ്പിനായി പൊരുതാനെത്തിയത്. ടീമുകളോരുത്തരും സ്വന്തമാക്കാൻ കൊതിച്ച മോഹക്കപ്പിന് ഫുട്ബോൾ ജീവിതമാക്കിയ ലാറ്റിനമേരിക്കൻ രാജ്യം അർജന്റീന പുതിയ അവകാശികളായി. യൂറോപ്പിലെ കരുത്തരും റഷ്യയിലെ ജേതാക്കളുമായ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് ചരിത്രനേട്ടം അർജന്റീന സ്വന്തമാക്കിയത്. സംഘാടനമികവുകൊണ്ടും മത്സരങ്ങളുടെ നിലവാരം കൊണ്ടും കാണികളുടെ ബാഹുല്യംകൊണ്ടും ഖത്തർ ലോകകപ്പ് മുൻകാല ടൂർണമെന്റുകളെ അപേക്ഷിച്ച് വലിയ വിജയമായെന്നാണ് വിലയിരുത്തൽ. ഖത്തർ ലോകകപ്പിന് മുമ്പും പിമ്പും എന്ന തരത്തിൽ താരതമ്യപ്പെടുത്താവുന്ന വിധം കളിക്കളത്തിനകത്തും പുറത്തും പഴുതുകളേതുമില്ലാതെയാ‌യിരുന്നു സംഘാടനമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തന്നെ തുറന്ന് സമ്മതിക്കുകയുമുണ്ടായി. അതിർവരമ്പുകളില്ലാതെ മനുഷ്യനെ ഒന്നാക്കാൻ കഴിയുന്ന മറ്റൊന്നും ഈ ഭൂഗോളത്തിലില്ലെന്നും അതു കാൽപന്തുമാത്രമാണെന്നും ഒരിക്കൽ കൂടി ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയിരിക്കുന്നു ഖത്തറിലെ പുൽമൈതാനങ്ങൾ. ഖത്തർ ലോകകപ്പിലെ മത്സരങ്ങളെ വിലയിരുത്തിയാൽ എല്ലാ മത്സരങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ടവയായിരുന്നു. ഗ്രൂപ്പുതലം മുതൽ ഫൈനൽ വരെ ഉയർന്ന നിലവാരം കളികൾക്കുണ്ടായിരുന്നു. പോരാട്ടങ്ങളുടെ പോരാട്ടമെന്ന വിശേഷണം സ്വന്തമാക്കിയ കലാശപ്പോര് ഖത്തർ ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശത്തെ പാരമ്യത്തിലെത്തിച്ചു.

2018ലെ ചാമ്പ്യന്മാരായ ഫ്രാൻസും 1986ലെ ജേതാക്കളായ അർജന്റീനയും ലോകഫുട്ബോളിന്റെ അമരസ്ഥാനം ലക്ഷ്യം വച്ച് പൊരുതിയപ്പോൾ ആ പോരാട്ടം ഇന്നോളം കണ്ട ഫുട്ബോൾ ബലപരീക്ഷണങ്ങളിൽ ഏറ്റവും കടുപ്പമേറിയതായി. ആദ്യ പകുതിയിൽ അർജന്റീനയുടെ തികഞ്ഞ മേധാവിത്വം വ്യക്തമാക്കിയ രണ്ട് ഗോളുകൾ. രണ്ടാം പകുതിയുടെ അവസാന 15 മിനിറ്റുകളിൽ ഫ്രാൻസിന്റെ തിരിച്ചടി. ഒരോ ഗോളടിച്ച് ഒപ്പത്തിനൊപ്പം നിന്ന അധികസമയം. ഒടുവിൽ അർജന്റീനയുടെ വിജയദാഹത്തിന് മുന്നിൽ ഫ്രഞ്ച് പട വഴിമാറിയ ഷൂട്ടൗട്ട്. 4–2 ന് അർജന്റീനയുടെ ഐതിഹാസിക വിജയത്തോടെ ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ നഷ്ടസ്വപ്നങ്ങൾക്ക് പുതുജീവൻ കൈവന്ന മൂഹൂർത്തങ്ങൾ കൂടിയാണ് ലൂസൈയ്ൽ സ്റ്റേഡിയത്തിൽ പിറന്നുവീണത്. ഖത്തർ ലോകകപ്പിൽ കിരീടനേട്ടത്തിന് ഇരട്ടി തിളക്കം സമ്മാനിച്ച് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസിക്ക്. ലോകകപ്പിന്റെ ചരിത്രത്തിൽ രണ്ടു തവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരമായി മെസി. അതേസമയം, വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് മെസിയെ മറികടന്ന് ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ സ്വന്തമാക്കി. കലാശപ്പോരാട്ടത്തിനു മുൻപ് മെസിയും എംബാപ്പെയും അഞ്ച് ഗോളുകൾ വീതം നേടി ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും, ഫൈനലിൽ ഇരട്ടഗോൾ നേടിയ മെസിയെ ഹാട്രിക് മികവിൽ മറികടന്നാണ് എംബാപ്പെയുടെ ഗോൾഡൻ ബൂട്ട് നേട്ടം. എല്ലാം കഴിഞ്ഞപ്പോൾ ലയണൽ മെസിയെന്ന അർജന്റീനൻ ഇതിഹാസ നായകന്റെ ചുംബനം കപ്പിലമർന്നിരിക്കുന്നു.


ഇതുകൂടി വായിക്കൂ: കണ്ണ് കടിക്ക് മരുന്ന് വേണം


മെസിയോടൊപ്പം പൂർണതയിലെത്തി നിൽക്കുന്നത് ലോകകപ്പ് കൂടിയാണ്. മറഡോണയുടെ മുത്തം മാത്രമല്ല മെസിയുടെ മുത്തവും അനുഭവിക്കുന്നതിന്റെ പൂർണതയിൽ നിർവൃതികൊള്ളുന്നുണ്ടാകും ആ സുവർണ കിരീടം. ഖത്തറിൽ കളികൾ നിയന്ത്രിക്കാനുള്ള റഫറി പാനലിലെ വനിതകളുടെ പങ്കാളിത്തവും ലോകം ശ്രദ്ധിച്ചു. അനേകായിരം മലയാളികൾ തൊഴിലിനും ഉപജീവനത്തിനുമായി ആശ്രയിക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായത് വലിയ ആഘോഷമാക്കിയവരാണ് നമ്മൾ മലയാളികൾ. അനേകായിരം മലയാളികൾ നേരിട്ടുതന്നെ ഇതിന്റെ ഓരോ നിമിഷങ്ങളിലും പങ്കാളികളായിട്ടുണ്ട് എന്നത് അഭിമാനാർഹമായ സംഗതിയാണ്. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് ലോകകപ്പിന് എത്ര ദൂരമെന്ന് അറിയില്ലെങ്കിലും ഫുട്ബോൾ ഭൂമികയിൽ ഒരു ശക്തിയായി അടയാളപ്പെടുത്താൻ വിശ്വകപ്പിന്റെ ഖത്തർ എഡിഷൻ നമുക്ക് പ്രചോദനമാകട്ടെ. ഇന്ത്യയുടെയും കേരളത്തിന്റെയും ഫുട്ബോൾ ജ്വരത്തെ ഫിഫയും അർജന്റീന ദേശീയ ടീമും ബ്രസീലും സൂപ്പർ താരങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ അഭിനന്ദിച്ചത് ശ്രദ്ധേയമാണ്. കായികമേളകളും മത്സരങ്ങളുമെല്ലാം മനുഷ്യമനസുകൾക്ക് ആഹ്ലാദവും ആവേശവും മാത്രമല്ല പകർന്നുനൽകുന്നത്. അതിനപ്പുറം മാനവികതയ്ക്ക് എതിരായ എല്ലാത്തരം വിഭജനങ്ങളെയും വിദ്വേഷങ്ങളെയും ഭേദിക്കാൻ കഴിയുന്ന മാസ്മരികമായ ശക്തിയായി മാറാൻ കഴിയുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അതെല്ലാം. വർഗ വർണ വിഭാഗീയ ചിന്തകളെയെല്ലാം കളിയാവേശത്താൽ അലിയിച്ചുകളയും. ബ്രസീലിനും ജർമ്മനിക്കും അർജന്റീനയ്ക്കും പോർച്ചുഗലിനും ഇംഗ്ലണ്ടിനുമൊക്കെ ലോകമെമ്പാടും ആരാധകരുണ്ടാകുന്നത് അതുകൊണ്ടാണ്. പുതിയ കാലത്ത് ഓരോ ദേശത്തും കളിക്കളങ്ങൾ സജീവമാകേണ്ടതിന്റെ ആവശ്യകത ആരോഗ്യരംഗത്തിനു മാത്രമല്ല സ്നേഹമസൃണമായ ലോകത്തിന്റെ കൂടി ആവശ്യകതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.