1,200 കിലോമീറ്റർ സൈക്കിൾ ചവിട്ടി പതിനഞ്ചുകാരി: ട്രയൽസിന് ക്ഷണിച്ച് സൈക്ലിങ് ഫെഡറേഷന്‍

Web Desk

ന്യൂഡല്‍ഹി:

Posted on May 22, 2020, 9:54 pm

സുഖമില്ലാത്ത പിതാവിനെയും കൊണ്ട് 1,200 കിലോമീറ്റര്‍ സൈക്കിൾ‍ ചവിട്ടി സമൂഹ മാധ്യമങ്ങളിൽ വൈറലായ പതിനഞ്ചുകാരിയായ ജ്യോതികുമാരിയെ ട്രയലിന് ക്ഷണിച്ച് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. തെരഞ്ഞെടുക്കപ്പെട്ടാല്‍ ദേശീയ സൈക്ലിങ് അക്കാദമിയില്‍ വിദഗ്ധ പരിശീലനം നല്‍കുമെന്ന് ഫെഡറേഷന്‍ ചെയര്‍മാന്‍ ഓംകാര്‍ സിങ് പറഞ്ഞു. ലോക്ഡൗണ്‍ അവസാനിച്ചശേഷം ഡല്‍ഹിയിലായിരിക്കും ട്രയല്‍സ്. ഡല്‍ഹിയിലേക്ക് ട്രയലിനായി എത്താന്‍ വേണ്ട എല്ലാ ചിലവുകളും സൈക്ലിങ് ഫെഡറേഷന്‍ വഹിക്കും. ആ കഴിവ് അവളിലുള്ളത് കൊണ്ടാണ് ഇത്രയും ദൂരം പിന്നിടാനായത്.

1,200 കിമീ സൈക്കില്‍ ചവിട്ടുക എന്നത് ചെറിയ കാര്യമല്ല. അതിന് വേണ്ട കരുത്ത് അവള്‍ക്കുണ്ടായിട്ടുണ്ടാവും- ഓംകാര്‍ സിങ് പറഞ്ഞു. ഡല്‍ഹി — ഹരിയാന അതിര്‍ത്തിയായ ഗുരുഗ്രാമില്‍ നിന്ന് ഏഴുദിവസംകൊണ്ട് ജ്യോതിയും അച്ഛനും ബിഹാറിലെ വീട്ടിലെത്തി. ഗുഡ്ഗാവില്‍ ഓട്ടോ ഡ്രൈവറായ ജ്യോതിയുടെ പിതാവ് മോഹന്‍ പാസ്വാന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഓട്ടോ ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനം നിലക്കുകയും ഓട്ടോ അതിന്റെ ഉടമസ്ഥന്‍ കൊണ്ടുപോകുകയും ചെയ്തതോടെയാണ് മോഹന്‍ പാസ്വാന്‍ ഗുഡ്ഗാവില്‍ കുടുങ്ങിപ്പോയത്. കൈയിലുള്ള പൈസയെല്ലാം എടുത്ത് ഒരു സൈക്കിളും വാങ്ങി ഈ മാസം 10നാണ് ജ്യോതിയും അച്ഛനും കൂടി ഗുഡ്ഗാവില്‍ നിന്ന് ബിഹാറിലേക്ക് യാത്ര തിരിച്ചത്.

Eng­lish Sum­ma­ry;Fif­teen-year-old cyclist: cycling fed­er­a­tion invit­ed for tri­al

You may also like this video: