Web Desk

തിരുവനന്തപുരം

May 12, 2021, 2:08 pm

ലോക്ഡൗൺ അഞ്ചാം ദിനം: നിരത്തിൽ തിരക്കേറി, പരിശോധന കർശനമാക്കി പൊലീസ്

Janayugom Online

ലോക്ഡൗണിന്റെ അഞ്ചാം ദിവസം നിരത്തിൽ തിരക്ക് കൂടിയെങ്കിലും പരിശോധനയിൽ ഇളവു വരുത്താതെ പൊലീസ്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏർപ്പടുത്തിയിട്ടുണ്ട്. 

ലോക്ഡൗണ്‍ തുടങ്ങിയ ശനിയാഴ്ച അനാവശ്യയാത്രയെന്ന് കണ്ട് 613 വാഹനങ്ങളാണ് പിടിച്ചെടുത്തതെങ്കില്‍ ഇന്നലെയത് 1022 ആയി ഉയര്‍ന്നു. രണ്ട് ദിവസത്തിനിടെ ലോക്ഡൗണ്‍ ലംഘന കേസുകളും കൂടി. തിങ്കളാഴ്ച 2779 കേസെടുത്തപ്പോള്‍ ഇന്നലെയെടുത്തത് 3051 കേസുകളാണ്. ഈ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം.

ലോക്ഡൗണിലെ അവശ്യയാത്രക്കുള്ള പൊലീസ് പാസിനായി തിരക്ക് തുടരുന്നതോടെ അടിയന്തിര ആവശ്യക്കാര്‍ക്ക് പോലും പാസ് അനുവദിക്കുന്നത് വൈകുന്നു. ഇതുമൂലം പാസില്ലാതെ ഇറങ്ങുന്ന അവശ്യയാത്രക്കാര്‍ക്കെതിരെ കേസെടുത്തതായുള്ള പരാതികളും ഉയര്‍ന്ന് തുടങ്ങി. അതിനിടെ പ്രവൃത്തിദിനങ്ങള്‍ ആരംഭിച്ചതോടെ അനാവശ്യയാത്രക്കാര്‍ കൂടിയെന്നാണ് പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.മൂന്ന് ദിവസം കൊണ്ട് നാല് ലക്ഷത്തോളം പേരാണ് പാസിനായി അപേക്ഷ നല്‍കിയത്. പക്ഷെ അനുവദിച്ചത് വെറും നാല്‍പ്പത്തി അയ്യായിരം പേര്‍ക്കാണ്. മൂന്ന് ലക്ഷത്തോളം പേരുടെ അപേക്ഷ അനാവശ്യമെന്ന് കണ്ട് പൊലീസ് തള്ളിക്കളഞ്ഞു. 

അതേസമയം,വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് റോഡിലിറങ്ങുന്നവർ ഇപ്പോഴും നിരവധിയാണെന്ന് പൊലീസ് പറയുന്നു. ഇവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് പൊലീസ്. പെരുന്നാൾ പ്രമാണിച്ച് മാംസ വിൽപ്പനശാലകൾക്ക് ഇളവുകൾ അനുവദിച്ചെങ്കിലും മാര്‍ക്കറ്റുകളിൽ ആളുകളുടെ എണ്ണം വളരെ കുറവാണ് .വൈകുന്നേരത്തോടെ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മാര്‍ക്കറ്റുകളിൽ കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.
eng­lish sum­ma­ry; fifth day of lock­down in kerala
you may also like this video;