Web Desk

കൊല്‍ക്കത്ത

April 16, 2021, 8:21 am

ബംഗാളില്‍ നാളെ അഞ്ചാംഘട്ട വോട്ടെടുപ്പ്

Janayugom Online

പശ്ചിമബംഗാളില്‍ നാളെ അഞ്ചാംഘട്ട വോട്ടെടുപ്പ്. 45 മണ്ഡലങ്ങള്‍ വിധിയെഴുതുന്ന അഞ്ചാംഘട്ടം അധികാരം ആര്‍ക്കെന്ന് കുറിക്കുന്നതില്‍ നിര്‍ണായകമാകും.

എട്ട് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നത് അഞ്ചാം ഘട്ടത്തിലാണ്. നോര്‍ത്ത് 24 പര്‍ഗാനസ്, നാദിയ, ബര്‍ധമാന്‍, ഡാര്‍ജീലിങ്, ജയ്പാല്‍ഗുഡി, കാലിംപോങ് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 1.13 കോടി വോട്ടര്‍മാരുള്ള അഞ്ചാം ഘട്ടത്തില്‍ 342 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

നാലാം ഘട്ടത്തിലെ വ്യാപകമായ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് വന്‍ സൈനിക സുരക്ഷയാണ് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഒരുക്കിയിട്ടുള്ളത്. പരസ്യ പ്രചാരണം 72 മണിക്കൂര്‍ മുമ്പേ അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സാഹചര്യം വിലയിരുത്താന്‍ ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വകക്ഷി യോഗം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതേസമയം കോവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ബാക്കിയുള്ള ഘട്ടങ്ങള്‍ ഒരുമിച്ച് നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.

അഞ്ചാംഘട്ടത്തോടെ 294 അംഗ നിയമസഭയിലേക്ക് 180 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. അടുത്ത മൂന്ന് ഘട്ടങ്ങളിയായി 114 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

Eng­lish sum­ma­ry: Fifth phase of voting

You may also like this video;