മാർച്ചിനുള്ളിൽ അമ്പതിനായിരം പേർക്ക് കൂടി പട്ടയം: മന്ത്രി ഇ ചന്ദ്രശേഖരൻ

Web Desk
Posted on December 22, 2019, 9:03 pm

കോഴിക്കോട്: അമ്പതിനായിരം പേർക്ക് അടുത്ത മാർച്ച് മാസത്തിനുള്ളിൽ പട്ടയം നൽകുമെന്ന് റവന്യു- ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഡിസംബറിൽ പട്ടയ വിതരണം നടത്താനാണ് സർക്കാറും റവന്യൂവകുപ്പും ലക്ഷ്യമിട്ടതെങ്കിലും പ്രളയം കാരണം ഇവ നീണ്ടുപോവുകയായിരുന്നുവെന്നും മൂന്നു മാസത്തിനുള്ളിൽ തന്നെ അരലക്ഷം പേർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടയമേള ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്താകെ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേർക്ക് പട്ടയം നൽകിയിട്ടുണ്ട്. ജനുവരി ഒന്നിന് സമഗ്ര ഭൂപരിഷ്ക്കരണ നിയമത്തിന്റെ അമ്പതാം വാർഷികം തിരുവനന്തപുരത്ത് വിപുലമായി നടത്തും. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. തീരദേശം, ഫോറസ്റ്റ്, പോർട്ട് മേഖലകളിൽ പട്ടയ വിതരത്തിൽ കാലതാമസം നേരിടുന്നുണ്ട്. അത് പരിഹരിക്കാനുള്ള നടപടികളും ഊർജിതമാക്കിയിട്ടുണ്ട്. തെക്കൻ ജില്ലകളിലെ ലാന്റ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. ഇനി വടക്കൻ ജില്ലകൾക്കാണ് പ്രാധാന്യം നൽകുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലുള്ളവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നങ്ങൾ ഇനി ട്രിബ്യൂണൽ പരിഹരിക്കും. ഇതിനുവേണ്ട നിർദേശങ്ങൾ ലാൻഡ് ബോർഡ് വഴി നൽകിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ 50 ലക്ഷം പേർ ഭൂവുടമകളായി മാറി എന്നത് ചരിത്ര സംഭവമാണെന്നും മന്ത്രി പറഞ്ഞു.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേന്ദ്രസർക്കാറിന്റെ ഇടപടൽ കൂടി ആവശ്യമാണ്. തീരദേശത്തും വനപ്രദേശങ്ങളിലുമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാറിന്റെ അനുമതി ആവശ്യമായുള്ളത്. ഇതിനായി റവന്യൂവകുപ്പ് നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ കലക്ടർ സാംബശിവ റാവു, വി കെ സി മമ്മദ് കോയ എംഎൽഎ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എഡിഎം റോഷ്നി നാരായണൻ, ആർഡിഒ വി അബ്ദുറഹിമാൻ, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.
you may also like this video