19 April 2024, Friday

സ്വപ്നങ്ങൾക്ക് ചിലങ്ക ചാർത്തി അമ്പതുകാരുടെ ഭരതനാട്യ അരങ്ങേറ്റം..!

Janayugom Webdesk
June 11, 2022 4:45 pm

”ഒരു ആഗ്രഹത്തിൻ്റെ സാഫല്യമാണിത്…മനസ്സിൻ്റെ കോണിൽ എന്നോ ഒളിപ്പിച്ചു വയ്ക്കേണ്ടി വന്ന
സ്വപ്നത്തിൻ്റെ സാക്ഷാത്കാരവും. തിരക്കേറിയ ജീവിതത്തിനിടയിലും കലയുടെ ചക്രവാളം തേടുകയാണ് ഞങ്ങൾ…”ഇതു പറയുമ്പോൾ അമ്പതുകൾ പിന്നിട്ട ആ കലാകാരിയുടെ മുഖത്ത് തെളിഞ്ഞത് യൗവനത്തിന്റെ പ്രസരിപ്പാണ്. ഏതു പഠനവും പ്രായഭേദമെന്യേ നടത്താൻ കഴിയുന്ന ആധുനികകാലത്ത്
40 കഴിഞ്ഞുള്ള നൃത്താഭ്യസനം പക്ഷേ നല്ലൊരു വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളി സ്വയം ഏറ്റെടുത്ത് ചിലങ്കകെട്ടി നൃത്തച്ചുവടുകളിൽ ലയവിന്യാസം തീർക്കുവാനുള്ള മനസ്സിൻ്റെ അദമ്യമായമായ മോഹവുമായി പലപ്പോഴായി സമീപിച്ചവരുടെ ആഗ്രഹത്തിന് വഴങ്ങുകയായിരുന്നു ഒടുവിൽ ആ നൃത്താധ്യാപിക. 

ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് എന്നീ നൃത്തരൂപങ്ങൾ മാത്രം 19 വർഷമായി പഠിപ്പിക്കുന്ന കാട്ടായിക്കോണത്തെ പ്രകൃതി സ്കൂൾ ഓഫ് ഡാൻസ് എന്ന സ്ഥാപനത്തിൽ ഇക്കഴിഞ്ഞ മാതൃദിനത്തിൽ നിറഞ്ഞ സദസ്സിൽ സാമ്പ്രദായിക പ്രകാരമുള്ള പാരമ്പര്യാധിഷ്ഠിത ഭരതനാട്യ കച്ചേരിയുടെ അരങ്ങേറ്റം കുറിച്ച അഞ്ചു പേർ 37 വയസു മുതൽ 65 വയസു വരെ ഉള്ളവരായിരുന്നു.
പ്രായമുള്ളവരെയും കൂടി പഠിപ്പിക്കുമോ എന്നന്വേഷിച്ചു് ഏഴ് വർഷം മുമ്പ് ആദ്യമായി എത്തിയത് മൂന്ന് മക്കളുടെ അമ്മയായ ഇപ്പോൾ 58 വയസുള്ള ബി.എസ് ചന്ദ്രലേഖ എന്ന വീട്ടമ്മയായിരുന്നു. 

മക്കൾ മൂന്ന് പേരും ടെക്നോപാർക്കിലെ ജീവനക്കാരാണ്. ഭർത്താവ് കൃഷ്ണകുമാർ ഫെഡറൽ ബാങ്കിലെ മാനേജരും. പഠിപ്പിക്കാൻ കഴിയില്ല എന്ന് മറുപടി നൽകിയതിനു തൊട്ടുപിന്നാലെ ഇതേ ആവശ്യവുമായി സമീപിച്ചത് 38 വയസ്സുള്ള സ്കൂൾ സ്കൂൾ അധ്യാപികയും എം എഡ് ബിരുദധാരിയുമായ കാവ്യജിതിൻ ആയിരുന്നു. ഭർത്താവ് ജിതിൻ ഐ ടി മേഖലയിലാണു്. അതിന് പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് ആലപ്പുഴ ഹരിപ്പാട് സ്വദേശിയും ഫെഡറൽ ബാങ്കിലെ ഉദ്യോഗസ്ഥയുമായ 35 വയസ്സുള്ള കെ സംഗീത എത്തുമ്പോൾ അതിനൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സംഗീതജ്ഞൻ ഹരിപ്പാട് കൃഷ്ണകുമാറിൻ്റെ മകൾ കൂടിയാണ് ഈ എം എസ് സി ക്കാരി. 

ഭർത്താവ് അരുണാകട്ടെ ഐ ടി ഉദ്യോഗസ്ഥനും.തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ 40 വയസ്സുള്ള ടെക്നോപാർക്ക് ഉദ്യോഗസ്ഥയായ മിലി ഗോപാലകൃഷ്ണ പണിക്കർ ഇതേ ആഗ്രഹം പ്രകടിപ്പിച്ച് ടീച്ചറെ കാണാനെത്തിയത് ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥനായ ഭർത്താവ് അമലുമായിട്ടാണ് അവരോടും ‘നോ’ പറഞ്ഞെങ്കിലും ഈ നൃത്തവിദ്യാലയത്തിൻ്റെ സമീപപ്രദേശങ്ങളിൽ ഇപ്പോൾ സ്ഥിരതാമസമായിരിക്കുന്ന ഇവരെല്ലാം അവരുടെ മക്കളെയും കൊച്ചു മക്കളേയും നൃത്താഭ്യസനത്തിനു കൊണ്ടുവരുമ്പോൾ നൃത്താധ്യാപികയായ കലാമണ്ഡലം വിശ്വശ്രീയോടു് തങ്ങളുടെ സഫലമാകാത്ത ആഗ്രഹത്തെകുറിച്ചു് സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരിക്കുമ്പോഴാണ് അധ്യാപിക ഒരു പുനർ വിചിന്തനത്തിനു തയ്യാറായത്.

അങ്ങനെ 2017 ൽ ഇവരുടെ നാലുപേരുടെയും നൃത്ത പഠനത്തിന് തുടക്കം കുറിച്ചു.കോവിഡ് കാലത്താകട്ടെ ഓൺലൈൻ പഠനവും തുടർന്നു. വേറൊരിടത്ത് നൃത്തം അഭ്യസിച്ച് അറുപതാം വയസ്സിൽ 2016 ൽ അരങ്ങേറ്റം കുറിച്ച നിർമ്മല ജയിംസ് എന്ന റിട്ട: അധ്യാപികയും ഗ്രന്ഥകാരിയും കൂടിയായ നിർമ്മല ജയിംസ് കൂടി ഇവരോടൊപ്പം പഠനം ആരംഭിച്ചു. മല്ലാരി, പുഷ്പാഞ്ജലി, ഗണേശ സ്തുതി,കൗത്വം,അലാരിപ്പ്, ജതിസ്വരം, ശബ്ദം,വർണ്ണം,പദം, കീർത്തനം,അഷ്ടപദി,ജാവലി, തില്ലാന മംഗളം എന്നീ പാഠങ്ങളെല്ലാം അഞ്ച് വർഷം കൊണ്ടു് അഭ്യസിച്ച ശേഷമാണ് സാമ്പ്രദായിക പ്രകാരം ഭരതനാട്യ കച്ചേരിയുടെ അരങ്ങേറ്റം കുറിക്കാൻ തീരുമാനിച്ചത്.

മാതൃദിനത്തിൽ ‘മാതൃകം കലാവേദി’ എന്നു പേരിട്ട അരങ്ങേറ്റത്തിന് വലിയൊരു സദസ്സാണു് ഓഡിറ്റോറിയത്തെ തിരക്കുകൊണ്ടു് അലങ്കരിച്ചത്.
രണ്ടു മണിക്കൂർ നീണ്ടുനിന്ന അരങ്ങേറ്റത്തിനൊടുവിൽ നവാഗതർ ഒന്നിച്ചവതരിപ്പിച്ച ഒ എൻ വി യുടെ ‘നീയാരു് യാദവാ‘എന്ന കവിതയുടെ ഹൃദയാവർജ്ജകമായ നൃത്താവിഷ്കാരവും സദസ്സ് കരഘോങ്ങളോടെ ഏറ്റുവാങ്ങി. അസൗകര്യംകൊണ്ടു് നിർമ്മല ജെയിംസ് ഒഴികെ മറ്റെല്ലാപേരും നൃത്തപഠനം ഇവിടെ ഇനിയും തുടരുവാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. പുതിയ നൃത്ത ചുവടുകൾക്കുള്ള എല്ലാ പിന്തുണയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചിവർക്കു നൽകുന്നു എന്നതുതന്നെയാണ് ഇവരുടെ ആഹ്ലാദവും പ്രചോദനവും.

Eng­lish Summary:Fifty year old stu­dents debut Bharatanatyam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.