നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തിരശ്ശീലയില്‍ അരനൂറ്റാണ്ട്‌

Web Desk
Posted on September 13, 2020, 5:04 am

ഡോ.കെ കെ ശിവദാസ്‌

കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകം സിനിമയായിട്ട്‌ അമ്പത്‌ വര്‍ഷം പിന്നിടുകയാണ്‌. ഉദയായുടെ ബാനറില്‍ ബോബന്‍ കുഞ്ചാക്കോ അവതരിപ്പിച്ച്‌ തോപ്പില്‍ ഭാസി സംവിധാനം ചെയ്‌ത നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1970 സെപ്‌തംബര്‍ പതിനൊന്നിനാണ്‌ റിലീസ്‌ ചെയ്‌തത്‌. എക്‌സെല്‍ പ്രൊഡക്ഷന്‍സ്‌ വിതരണത്തിനെത്തിച്ച ഈ സിനിമ വന്‍വിജയമായിരുന്നു. വയലാര്‍, ദേവരാജന്‍ ടീമിന്റെ ഗാനങ്ങളും സത്യന്‍, കോട്ടയം ചെല്ലപ്പന്‍, കെപിഎസി ലളിത, എസ്‌ പി പിള്ള എന്നിവരുടെ അഭിനയവും ആ വിജയത്തില്‍ മുഖ്യപങ്ക്‌ വഹിച്ചു.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും രംഗപാഠവും

തോപ്പില്‍ ഭാസി ഒളിവിലിരുന്ന് കമ്മ്യൂണിസത്തിന്റെ പ്രചാരണത്തിന്‌ സോമന്‍ എന്ന തൂലികാ നാമത്തില്‍ രചിച്ച നാടകമാണ്‌ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. നല്ല നാളേക്ക്‌ വേണ്ടിയുള്ള സമരത്തില്‍ കൃഷിക്കാരെ സംഘടിപ്പിക്കുന്നതിനും അണിനിരത്തുന്നതിനും വേണ്ടി നാടകത്തെ ആയുധമാക്കുകയായിരുന്നു അദ്ദേഹം.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.3&permmsgid=msg-f:1677531375224274263&th=1747c9e5d7d0bd57&view=fimg&realattid=f_key2mpev2&disp=thd&attbid=ANGjdJ9aawr-4hohR8Li3amDE_jvjcT0eK1VKkF7HHqHB7k5KfFeKKIMN3D266VdDpWb0HoA6GGCxOZ4fYuwmAbz8Q0x8CSZJf-ltWJsLTWwUHEdKgKtrYA8kSd_GKc&ats=2524608000000&sz=w1366-h639

1952 ഡിസംബര്‍ ആറിന്‌ കൊല്ലത്ത്‌ ചവറയില്‍ അരങ്ങേറിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്‌ മിഴിവ് നല്‍കിയത്‌ കെപിഎസിയിലെ നടീനടന്മാരുടെ സ്വാഭാവിക അഭിനയവും ഒഎന്‍വി, ദേവരാജന്‍ കൂട്ടുകെട്ടിന്റെ ഗാനങ്ങളും കെ എസ്‌ ജോര്‍ജ്ജ്‌, സുലോചന എന്നിവരുടെ ആലാപന ശക്തിയമായിരുന്നു. ഭരണാധികാരികളെ വിറളിപിടിപ്പിച്ച ഈ നാടകം നിരോധനത്തെ അതിജീവിച്ച്‌ പിന്നീട്‌ കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിക്കപ്പെട്ടു. മാത്രമല്ല ഇന്ത്യയിലെ പല നഗരങ്ങളിലും നാടകം അവതരിപ്പിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്‌തു. പരമുപിള്ളയുടെ അസംതൃപ്‌ത ഭാവവും അധികാരരാഹിത്യത്തിന്റെ തളര്‍ച്ചയും രംഗത്തവതരിപ്പിച്ച കാമ്പിശ്ശേരി കരുണാകരനും, പി ജെ ആന്റണിയും തങ്ങളുടെ വേഷം ഉജ്ജ്വലമാക്കി. ‘പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ…’ എന്ന ഗാനം അനശ്വരമാവുകയും ചെയ്‌തു. ഈ നാടകത്തിലെ അന്ത്യരംഗത്തോടുള്ള വിയോജിപ്പ്‌ പ്രതിനാടക രൂപമെടുത്ത്‌ പില്‍ക്കാലത്ത്‌ അരങ്ങേറുകയും ചെയ്‌തിട്ടുണ്ട്‌.

നാടകവും സിനിമയും

അഭിനേതാക്കളും ഗാനങ്ങളും മാറിയതിന്‌ പുറമേ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി സിനിമയായപ്പോള്‍ വേറെയും മാറ്റങ്ങളുണ്ടായി. പരമുപിള്ളയുടെ മകള്‍ മീന പള്ളിക്കൂടത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ്‌, നാടകത്തില്‍. സിനിമയില്‍ കെട്ടുപ്രായം തികഞ്ഞ യുവതിയാണ്‌. കെപിഎസി ലളിത ആ റോള്‍ ഗംഭീരമാക്കുകയും ചെയ്‌തു. നാടകത്തിലെ വേലുശ്ശാര്‍ സൂത്രശാലിയായിരുന്നെങ്കില്‍ സിനിമയില്‍ കോമാളിത്തമുള്ള ക്രൂരനാണ്‌. ആലുമ്മൂടന്‍ വേലുശ്ശാരുടെ വേഷം മോശമാക്കിയില്ല. ഗോപാലന്‌ നാടകത്തിലോളം ഹൃദയദൗര്‍ബല്യം സിനിമയിലില്ല. പ്രേംനസീറിന്റെ ഗോപാലനില്‍ അദ്ദേഹത്തിന്റെ അമിതാഭിനയം അത്രയേറെയില്ലായിരുന്നു. നാടകത്തില്‍ സുമത്തിനോട്‌ ഗോപാലന്‌ മുമ്പേ അടുപ്പമുള്ളതുപോലെയാണ്‌. സിനിമയില്‍ സുമമാണ്‌ ആദ്യം അടുപ്പം കാണിക്കുന്നത്‌. പരമുപിള്ളയായി സത്യന്‍ തിളങ്ങി. വലിയ വീട്ടില്‍ കേശവന്‍നായരായി അഭിനയിച്ചത്‌ കോട്ടയം ചെല്ലപ്പനാണ്‌. സിനിമാ പ്രേമികള്‍ മറന്നുകഴിഞ്ഞ ഈ നടന്റെ വലിയ വീട്ടില്‍ കേശവന്‍നായരായുള്ള അഭിനയം മികവുറ്റതെന്ന്‌ പറയാതിരിക്കാനാവില്ല. പപ്പുവായി എസ്‌ പി പിള്ളയും നല്ല അഭിനയമാണ്‌ കാഴ്‌ചവെച്ചത്‌. നാടകത്തില്‍ പരമുപിള്ളയുടേത്‌ പടിപടിയായുള്ള മാറ്റമാണ്‌. സിനിമയില്‍ ആ മാറ്റം പൊടുന്നനെയാണ്‌ സംഭവിക്കുന്നത്‌. വലിയ വീട്ടില്‍ കേശവന്‍നായരുടെ ചതി മാത്രമാണതിന്‌ ഹേതു. തോമസ്‌, ജനയുഗം, വടക്കനച്ചന്‍, കോണ്‍ഗ്രസ്‌, വിരുദ്ധമുന്നണി തുടങ്ങിയ പ്രത്യക്ഷ രാഷ്‌ട്രീയ പരാമര്‍ശങ്ങളും സിനിമയിലില്ല. പ്രേമഭംഗം മൂലം തകര്‍ന്ന മാലയെ ആശ്വസിപ്പിക്കാന്‍ സിനിമയില്‍ മാത്യു പറയുന്ന വയനാട്ടിലെ അയാളുടെ പൂര്‍വ്വകഥ നാടകത്തിലില്ല. കേശവന്‍ നായര്‍ ഭാര്യയെ ചവിട്ടിക്കൊന്നതായാണ്‌ നാടകത്തിലെ സൂചന. സിനിമയില്‍ കേശവന്‍ നായര്‍ക്ക്‌ ഭാര്യയുണ്ട്‌.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.4&permmsgid=msg-f:1677531375224274263&th=1747c9e5d7d0bd57&view=fimg&realattid=f_key2n0zw3&disp=thd&attbid=ANGjdJ87TMI28pymuKo-VfkmRam3qMnWk1cWWRG9S3si3oV2Djgo76XD98Pz5uzhnrjV6dKaLkcvnK9BX70wxQ-iNmN6HRxouqsK_2Zc8gH6Y1MF4pkNF9SbirwWyDs&ats=2524608000000&sz=w1366-h639

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ ഗാനങ്ങളില്‍ പി സുശീല പാടിയ, ‘എല്ലാരും പാടത്ത്‌ സ്വര്‍ണ്ണം വിതച്ചു… ഏനെന്റെ പാടത്ത്‌ സ്വപ്‌നം വിതച്ചു…’, എം ജി രാധാകൃഷ്‌ണനും പി സുശീലയും ചേര്‍ന്ന്‌ പാടിയ, ‘പല്ലനയാറിന്‍ തീരത്തില്‍ പദ്‌മപരാഗ കുടീരത്തില്‍…’, യേശുദാസും സംഘവും ആലപിച്ച, ‘കൊതുമ്പുവെള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളീ…’ എന്നീ ഗാനങ്ങള്‍ ഇന്നും ഏറെ ആസ്വദനീയമാണ്‌. വയലാറിന്റെ ഗാനങ്ങള്‍ക്കുള്ള ശക്തി ദൗര്‍ബല്യങ്ങള്‍ ഈ സിനിമയിലെ പാട്ടുകളിലുമുണ്ട്‌. മേല്‍ സൂചിപ്പിച്ച ഗാനങ്ങള്‍ വയലാറിന്റെ പ്രതിഭയുടെ ശക്തിയും സൗന്ദര്യവും കാണിച്ചുതരുന്നവയാണ്‌. എന്നാല്‍ ഗോപാലനും സുമവും പ്രണയരംഗത്ത്‌ പാടുന്ന ‘അമ്പലപ്പറമ്പിലെ ആരാമത്തിലെ…’ എന്നാരംഭിക്കുന്ന ഗാനം അദ്ദേഹത്തിന്റെ രചനാ ദൗര്‍ബല്യമാണ്‌ കാണിക്കുന്നത്‌. ഒഎന്‍വിയുടെ ‘പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ…’ തന്നെയാണ്‌ ഈ സന്ദര്‍ഭത്തില്‍ മികച്ചു നില്‍ക്കുന്നത്‌. സിനിമ റിലീസ്‌ ആയ കാലത്ത്‌ കാണികളില്‍ പുളകമുണ്ടാക്കിയ, ‘ഐക്യമുന്നണി…’ എന്നാരംഭിക്കുന്ന ജാഥാഗാനം അന്നത്തെപ്പോലെ ഇന്ന്‌ ഏവര്‍ക്കും ഹൃദ്യമാകണമെന്നില്ല. പക്ഷേ സിനിമയിലും നാടകത്തിലും അന്തര്‍ധാരയായി നിലകൊള്ളുന്നതും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ വിമര്‍ശകര്‍പോലും അംഗീകരിക്കുന്നതുമായ ഒരു കാര്യമുണ്ട്‌. തല്ലാനും കൊല്ലാനും അംഗീകാരമുള്ള അടിമകളായി പുലയരാദി കീഴ്‌ജാതിക്കാരെ കണ്ടിരുന്ന മനോഭാവവും, തമ്പുരാന്‍, അടിയന്‍ തുടങ്ങിയ സംബോധനകളും മാറ്റുന്നതില്‍ കമ്മ്യൂണിസം വഹിച്ച പങ്ക്‌ ഈ കലാസൃഷ്‌ടികള്‍ അടയാളപ്പെടുത്തുന്നുവെന്നതാണത്‌. എല്ലാം വിധിയാണ്‌ എന്ന ജീര്‍ണ്ണിച്ച കാഴ്‌ചപ്പാടിന്‌ പകരം മനുഷ്യര്‍ക്ക്‌ ചിലതെല്ലാം മാറ്റാനാകും എന്ന സത്യവും അവ മുന്നോട്ടുവെയ്‌ക്കുന്നുണ്ട്‌.