ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടുക


ഡി രാജ
ജമ്മുകശ്മീര്‍ സംസ്ഥാനത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കിയ രോഷത്തിലും ദുഖത്തിനുമിടയിലാണ് രാജ്യത്തിന്റെ 73-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ക്രൂരവും അക്രമാസക്തവുമായ വിധത്തിലാണ് കശ്മീര്‍ സംസ്ഥാനത്തെ മോഡി സര്‍ക്കാര്‍ ഇല്ലാതാക്കിയത്.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും ഇതിന്റെ മൂല്യങ്ങളുമാണ് ഓഗസ്റ്റ് 15 പ്രതീകവല്‍ക്കരിക്കുന്നത്. വിവിധ ആശയങ്ങളില്‍ വിശ്വസിക്കുന്നവരും വിവിധ വീക്ഷണങ്ങളുമുള്ള വ്യക്തികളും കോളനി വാഴ്ചക്കെതിരെ കൂട്ടായി നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് നമ്മുടെസ്വാതന്ത്ര്യ ലബ്ദി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ആദിവാസി പ്രസ്ഥാനങ്ങള്‍ മുതല്‍ ഗാന്ധിയന്‍ സത്യാഗ്രഹം വരെയുള്ള എല്ലാ ശക്തികളും ഒരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഇടത് പാര്‍ട്ടികളുടെ പങ്ക് തികച്ചും ശ്രദ്ധേയമാണ്. അതിന്റെ ഓര്‍മ്മകള്‍ വരും തലമുറകള്‍ക്ക് എന്നും പ്രചോദനമാകും. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍, ഫ്യൂഡലിസത്തിനെതിരെയുള്ള ജനകീയ പോരാട്ടങ്ങള്‍ എന്നിവ സംഘടിപ്പിച്ചതിലൂടെ ഇടതുപാര്‍ട്ടികള്‍ അവരുടെ കടമ നിറവേറ്റി. കോളനിവാഴ്ച, അസമത്വം, വര്‍ഗീയത എന്നിവയ്ക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ നടത്തി. തൊഴിലാളി വര്‍ഗം. കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, എഴുത്തുകാര്‍, കലാകാരന്മാര് എന്നിവരെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ ഇടതുപാര്‍ട്ടികളുടെ പങ്ക് നിസ്തുലമാണ്. രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ചവരെ ഓര്‍മ്മിക്കാനുള്ള അവസരം കൂടിയാണ് സ്വാതന്ത്ര്യദിനം. ആ മഹത്തായ പോരാട്ടങ്ങള്‍ക്കുവേണ്ടി നിരവധി സഖാക്കളാണ് ജീവന് ബലികഴിച്ചത്. ആ സഖാക്കളുടെ ഓര്‍മ്മകള്‍ക്ക് സിപിഐ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ആ മഹത്തായ ഓര്‍മ്മകള്‍ ചൂഷണം, അസമത്വം എന്നിവയ്ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പ്രചോദനം പകരും.
കേന്ദ്രത്തില്‍ മനുവാദി-ഫാസിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമ്പോഴാണ് നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ വിഭാവനം ചെയ്ത എല്ലാ ഘടകങ്ങളേയും തച്ചുടയ്ക്കുന്ന സമീപനങ്ങളും നയങ്ങളുമാണ് ബിജെപിയും സംഘപരിവാറും സ്വീകരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിനായി യാതൊരു സംഭാവനയും ചെയ്യാത്ത ഒരു വിഭാഗമാണ് നമ്മെ ഇപ്പോള്‍ ഭരിക്കുന്നത്. വിഭാഗീയ രാഷ്ട്രീയത്തിലൂടെ സ്വേച്ഛാധിപത്യം പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ ഇവര്‍ സ്വീകരിച്ചു. ബ്രിട്ടീഷ് സ്വേച്ഛാധിപതികളെ പരസ്യമായി അനുകൂലിക്കുന്ന നിലപാടുകളാണ് ഇവര്‍ സ്വീകരിച്ചത്. ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലുകള്‍, ലിംഗവ്യത്യസത്തിന്റെ പേരിലുള്ള വിവേചനം എന്നിവയെ പ്രോത്സാഹിപ്പിച്ചു. എന്നും രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങളെ അവഗണിക്കുന്ന നിലപാടുകളാണ് ബിജെപിയും സംഘപരിവാറും സ്വീകരിക്കുന്നത്. സ്വേച്ഛാധിപത്യം, വര്‍ഗീയത എന്നിവയുടെ പതാകവാഹകരുടെ ഭരണത്തിലാണ് നാം ജീവിക്കുന്നുവെന്നത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സ്വാതന്ത്ര്യ സമരത്തിലൂടെ നാം നേടിയെടുത്ത, വാര്‍ത്തെടുക്കാന്‍ ശ്രമിച്ച, വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച എല്ലാ കാര്യങ്ങളും ഗുരുതരമായ ഭീഷണിയാണ് നേരിടുന്നത്. ഇസ്ലാമിനോടുള്ള വെറുപ്പാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ പിന്തുടരുന്ന ഏറ്റവും അപകടകരമായ വസ്തുത. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അക്രമങ്ങള്‍ക്ക് ഇവര്‍ താങ്ങും തണലുമേകുന്നു. ദേശീയ സുരക്ഷാ നിയമം, യുഎപിഎ എന്നീ നിയമങ്ങളിലെ ഭേദഗതികളിലൂടെ ഏതൊരു പൗരനേയും തീവ്രവാദിയാക്കി മുദ്രകുത്തി ജയിലില്‍ അടയ്ക്കാന്‍ കഴിയും. വിവരാവകാശ നിയമത്തിലെ ഭേദഗതിയും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാര്‍ ആശയത്തിലേക്കുള്ള പ്രയാണമാണിത്.
ബഹുസ്വരത, മതേതരത്വം, സമത്വം, ജനാധിപത്യം എന്നീ ആശയങ്ങളില്‍ അധിഷ്ഠിതമായ ഒന്നാണ് രാജ്യത്തിന്റെ സചേതനമായ ഭരണഘടന. പൗരാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, തുല്യ അവസരങ്ങള്‍ക്കുള്ള അവകാശം, ചൂഷണത്തിനെതിരെ പ്രതികരിക്കാനുള്ള അവകാശം തുടങ്ങിയ കാര്യങ്ങളും ഭരണഘടന വാഗ്ദാനം ചെയ്യുന്നു. ഇക്കാര്യങ്ങള്‍ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യമാണ്. ഈ തത്വങ്ങളെല്ലാം ഗുരുതരമായ ഭീഷണി നേരിടുന്നു. ഫാസിസ്റ്റ് പ്രവണതകള്‍ ഇതൊക്കെ തകര്‍ക്കുന്ന അതിവേഗത്തിലാണ് വളരുന്നത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്, ആര്‍ബിഐ, വിവരാവകാശ കമ്മിഷന്, സിബിഐ, യുജിസി എന്നിവയുടെ സ്വയംഭരണാവകാശം പോലും ഇല്ലാതാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിവിധ സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ എന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. ഫെഡറല്‍ സംവിധാനത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് അവകാശങ്ങളും നല്കുന്നു. എന്നാല്‍ ഇതൊക്കെ ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വിവിധ ജീവനരീതികളും സംസ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളാണ് ഇന്ത്യയില്‍ വസിക്കുന്നത്. ഈ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണം. എന്നാല്‍ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇതൊക്കെ തകര്‍ക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകണം.
നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കപ്പെടണം
മോഡി ഭരണത്തില്‍ നിരവധി മുസ്ലിങ്ങളും ദളിതരും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയായി. ഭരണകക്ഷിയുടെ എല്ലാ ആശിര്‍വാദങ്ങളും അക്രമികള്‍ക്ക് ലഭിക്കുന്നുവെന്നത് വസ്തുതയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നു. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉന്നാവോ കേസില്‍ ബിജെപി സ്വീകരിച്ച നിലപാട്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കെതിരേയും അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. തെറ്റായ നയങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആകെ തകര്‍ന്നു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. അമേരിക്ക, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് വിദേശനയങ്ങളില്‍ മാറ്റം വരുത്തി. സര്‍ക്കാര്‍ വികസനം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ വികസനം സര്‍ക്കാരിന്റെ പിണിയാളുകള്‍ക്കായി ചുരുങ്ങുന്നു. അപ്പോഴും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ അവഗണിക്കപ്പെടുന്നു.
ഈ ആശങ്കയുളവാക്കുന്ന സാഹചര്യത്തിലും പ്രതീക്ഷ നഷ്ടപ്പെടാതെ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടണം. പാവപ്പെട്ട ജനങ്ങളുടെ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളില്‍ പങ്കുചേരണം. സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് പാര്‍ട്ടി അംഗങ്ങള്‍, അനുഭാവികള്‍, മറ്റ് ബഹുജനസംഘടനയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ അക്ഷീണം പ്രവര്‍ത്തിക്കണം. പുരോഗമനവാദികളായ മാര്‍ക്സ്, ലെനിന്, റോസ ലക്സംബര്‍ഗ്, സാവിത്രിഭായ് ഫുലേ, അംബേദ്ക്കര്‍, പെരിയോര്‍ തുടങ്ങിയവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരസേനാനികള്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും അഭിലാഷങ്ങളും സംരക്ഷിക്കേണ്ട നിര്‍ണായകമായ ബാധ്യത ഇടതുപാര്‍ട്ടികള്‍ക്കുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയാണ് സ്വാതന്ത്ര്യം നേടിയത്. ബ്രിട്ടീഷ്രാജില് നിന്നും ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഇപ്പോള്‍ ബിജെപിരാജിനെതിരെ പോരാടണം.
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും നമ്മുടെ ചിന്തകള്‍, അനുകമ്പ, സഹവര്‍ത്തിത്വം എല്ലാം തന്നെ കേരളം, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രളയക്കെടുതിയില്‍പ്പെട്ട ജനങ്ങള്‍ക്കൊപ്പമുണ്ടാകണം. തടവറയില്‍ കഴിയുന്ന കശ്മീരിലെ ജനങ്ങള്‍ക്കൊപ്പം സമാനമായ മനോഭാവമുണ്ടാകണം. നമ്മുടെ കഴിവിന്റെ പരമാവധി സഹായങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കണം. കഴിഞ്ഞ 72 വര്‍ഷമായി നേടിയെടുത്ത പല നല്ല ഘടകങ്ങളും ഇല്ലാതാകുന്നു. അസമത്വം, ജാതി, മതം, ലിംഗാധിഷ്ഠിത അടിച്ചമര്‍ത്തലുകള്‍, കൊടിയ ദാരിദ്ര്യം, പട്ടിണി എന്നിവ ഇപ്പോഴും നമ്മെ തുറിച്ചുനോക്കുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ വിഭാവനം ചെയ്ത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് എല്ലാ ഊര്‍ജ്ജവും സ്രോതസുകളും സ്വാംശീകരിച്ച് പോരാടാന്‍ തയ്യാറാകണം.