Wednesday
18 Sep 2019

പ്രായമല്ല, മനസ്സാണ് പ്രധാനം; വഴിയിലിറക്കിവിട്ട ഓട്ടോക്കാരനെ നിയമത്തിനുമുന്നില്‍ എത്തിച്ച് 70കാരന്‍

By: Web Desk | Saturday 24 August 2019 9:43 PM IST


ഇടുക്കി: മുന്‍കൂറായി പണം നല്‍കിയിട്ടും വഴിയില്‍ ഇറക്കിവിട്ട ഓട്ടോക്കാരനെ നിയമത്തിനുമുന്നില്‍ എത്തിച്ച വൃദ്ധ ദമ്പതിമാര്‍ കയ്യടിനേടുന്നു. ആശുപത്രിയിലേയ്ക്ക് പോകാനായിരുന്നു ബാലകൃഷ്ണന്‍ ഓട്ടോ വിളിച്ചത്. എന്നാല്‍ ഓട്ടോക്കാരന്‍ വഴിയില്‍ ഇറക്കി വിടുകയായിരുന്നുവെന്നും ബാലകൃഷ്ണന്‍ പറയുന്നു.

പനി ബാധിച്ച് ന്യുമോണിയയ്ക്ക് ചികിത്സയ്ക്കായി തൊടുപുഴ ആല്‍ അസര്‍ ആശുപത്രിയിലേക്ക് പോകാനാണ് ബാലകൃഷ്ണന്റെ സുഹൃത്ത് ഓട്ടോറിക്ഷ വിളിച്ച് വീട്ടില്‍ വന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കുടയത്തൂരില്‍ ഇറങ്ങി എന്നിട്ട് ഓട്ടോറിക്ഷയുടെ വാടക 600 രൂപ താന്‍ കൊടുത്തിട്ടുണ്ടെന്നും ഓട്ടോകൂലി കൊടുക്കേണ്ട എന്നും പറഞ്ഞു.
എന്നാല്‍ അല്‍ അസറിലേയ്ക്ക് പോകേണ്ടതിന് പകരം പെരുമ്പള്ളിച്ചിറയിലുള്ള അല്‍അസറിന്റെ ദന്താശുപത്രിയുടെ മുന്നിലാണ് ഓട്ടോറിക്ഷ നിര്‍ത്തിയത്. ആശുപത്രി എത്തി എന്ന് ഡ്രൈവര്‍ പറഞ്ഞതോടെ ഇരുവരും അവിടെ ഇറങ്ങുകയും ചെയ്തു. ഇറങ്ങിയപാടെ ഡ്രൈവര്‍ ഓട്ടോറിക്ഷ മുന്നോട്ട് എടുത്തു.

ദന്താശുപത്രിയാണെന്ന് കണ്ടപ്പോള്‍ 10 മീറ്റര്‍ മാത്രം മുന്നോട്ടുപോയ ഓട്ടോറിക്ഷ കൈകാട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ നിര്‍ത്താതെ പോയി. പിന്നീട് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് മറ്റൊരു ഓട്ടോറിക്ഷ വിളിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിട്ടതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞു. ‘ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ബാലകൃഷ്ണന്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ തൊടുപുഴ ജോയിന്റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കി. ജോയിന്റ് ആര്‍ടിഒ ഓട്ടോക്കാരനെ വിളിച്ചു വരുത്തി താക്കീത് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. പിന്നീട് ഓട്ടോ ഡ്രൈവര്‍ പുഷ്പരാജ് ബാലകൃഷ്ണനെ വീട്ടിലെത്തി നേരില്‍ക്കണ്ട് ക്ഷമ പറയുകയും ചെയ്തു.

”എനിക്ക് 70 വയസ്സായി. എന്നിട്ടും ഞാന്‍ ആര്‍ടിഒ ഓഫിസിലെത്തി പരാതി നല്‍കിയത് ഇനി വേറെ ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ്. എല്ലാവര്‍ക്കും ഒരു പാഠമാവണം ഇത്.’

പാതിവഴിയില്‍ ഇറക്കിവിട്ട ഓട്ടോ ഡ്രൈവര്‍ ആശ്രമം സ്വദേശി പുഷ്പരാജനെതിരെ ആര്‍ടിഒയ്ക്ക് പരാതി നല്‍കി പിഴ അടപ്പിച്ച മൂലമറ്റം സ്വദേശി ബാലകൃഷ്ണന്‍ മൂലമറ്റം ടൗണില്‍ ലോട്ടറി കച്ചവടമാണ് നടത്തുന്നത്.
ഭാര്യയ്ക്ക് 65 വയസ്സായി. രണ്ടു മക്കളാണിവര്‍ക്ക്. പ്രായമല്ല, പോരാടാനുള്ള മനസ്സാണ് പ്രധാനമെന്ന് ബാലകൃഷ്ണന്‍ സ്വന്തം പ്രവൃത്തിയിലൂടെ കാണിച്ചുതരുന്നു. ആര്‍ക്കും ഇതുപോലെ സംഭവിക്കരുതെന്ന് കരുതിയാണ് ബാലകൃഷ്ണന്‍ ഇങ്ങനെ ചെയ്തതും.

YOU MAY LIKE THIS VIDEO ALSO

Related News