Saturday
16 Feb 2019

ബിജെപിയില്‍ വീണ്ടും പോര് മുറുകുന്നു

By: Web Desk | Monday 5 February 2018 10:30 PM IST

ജി എല്‍ അജീഷ്
തിരുവനന്തപുരം: വളരെ കാലമായി ബിജെപി രാഷ്ട്രീയത്തെ ചുറ്റിപറ്റിയുണ്ടായ അഭിപ്രായ ഭിന്നത പുതിയ തലത്തിലേക്ക് വഴിമാറുന്നു. കുമ്മനം രാജശേഖരനെ അനുകൂലിക്കുന്നവരും മുരളീധര വിഭാഗവും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടയിലാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കൂടി വന്നിരിക്കുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാല്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഇനി ചെങ്ങന്നൂരില്‍ ലഭിക്കില്ലെന്ന് മനസിലാക്കിയാണ് പിന്മാറ്റമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ കെടുകാര്യസ്ഥത മൂലം ബിജെപി ഏറെ പിന്നോട്ട് പോയെന്നാണ് ബിജെപി വിമത വിഭാഗത്തിന്റെ വിലയിരുത്തല്‍. കൂടാതെ രാഷ്ട്രീയമായി ബിജെപിയെ കേരളം ഉള്‍കൊള്ളുന്നില്ലെന്ന പൊതുഅഭിപ്രായവും ബിജെപി നേതാക്കള്‍ക്കിടയിലുണ്ട്.
കേരളത്തില്‍ ബിജെപി നടത്തുന്ന പ്രചരണങ്ങള്‍ പാഴ് വേലയാണന്ന അഭിപ്രായം കേരളത്തിലെ ബിജെപി നേതാക്കള്‍ തന്നെ പ്രകടിപ്പിക്കുന്നു. ഈ ചര്‍ച്ച സജീവമാകുമ്പോള്‍തന്നെ എന്‍ഡിഎ വിട്ടു പോകാന്‍ ആലോചിക്കുന്ന ബിഡിജെഎസിന്റെ അഭാവം ബിജെപിയെ ദോഷമായി ബാധിക്കും.
ബിഡിജെഎസ് അണികള്‍ക്കിടയില്‍ ബിജെപിക്കെതിരെ ശക്തമായ അമര്‍ഷമുണ്ട്. വേങ്ങര ഉപതെരഞ്ഞെടുപ്പ് പോലെ ചെങ്ങന്നൂരിലും ബിജെപി ഏറെ പിന്നില്‍ പോകാനാണ് സാധ്യതയെന്ന വിലയിരുത്തലാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനുള്ളത്. അതുകൊണ്ട് തന്നെയാണ് പ്രധാന നേതാക്കള്‍ എല്ലാം മത്സരരംഗത്ത് നിന്നു പിന്മാറുന്നത്.
കുമ്മനത്തെ അനുകൂലിക്കുന്നവരെ ചെങ്ങന്നൂരില്‍ മത്സരിപ്പിക്കാമെന്ന അഭിപ്രായമാണ് മുരളീധരനോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. മൂന്ന് വര്‍ഷമായി വലിയ വാഗ്ദാനങ്ങളാണ് ബിജെപി ബിഡിജെഎസിന് നല്‍കിയത്. എന്നാല്‍ ഇവയില്‍ ഒന്നുപോലും പാലിക്കാന്‍ ബിജെപി തയ്യാറായില്ലെന്ന ആക്ഷേപം ബിഡിജെഎസ് സംസ്ഥാന നേതൃത്വത്തിനുണ്ട്. ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന് നിലപാടിലാണ് ബിഡിജെഎസ്. ഇവരുടെ പിന്മാറ്റം ബിജെപിയുടെ വോട്ടിങ് നിലയെ കാര്യമായി ബാധിക്കും.
ഇതിനിടയില്‍ ചെങ്ങന്നൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന അഭിപ്രായവും സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പ്രകടിപ്പിക്കുന്നു. ഈ നീക്കത്തോട് തുഷാര്‍ വെള്ളാപള്ളിക്ക് താല്‍പര്യമില്ലന്നാണ് പുറത്ത് വരുന്ന സൂചന. എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പ് വരെ ബിജെപിക്കൊപ്പം എന്‍ഡിഎയില്‍ തുടര്‍ന്നു കൊണ്ട് ബിജെപിക്ക് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ വോട്ട് എത്ര ലഭിച്ചുവെന്ന് ബോധ്യപ്പെടുത്തുന്ന തരത്തില്‍ പാലം വലിക്കണം എന്ന നിലപാടുള്ള ബിഡിജെഎസ് നേതാക്കളുമുണ്ട്.
അതിനിടയില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേര് ചെങ്ങന്നൂരില്‍ ഉയര്‍ത്തി കാട്ടാന്‍ ശ്രമിക്കുന്നുണ്ട്. വോട്ടിങ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി പിന്നില്‍ പോകുമെന്ന് വിലയിരുത്തുന്ന ഘട്ടത്തില്‍ തന്നെ കുമ്മനത്തെ പരീക്ഷിക്കുന്നത് ചിലരുടെ തന്ത്രമാണന്ന് കുമ്മനം അനുകൂലികള്‍ പറയുന്നു. ബിജെപിയില്‍ വളരെ നാളായി നിലനില്‍ക്കുന്ന വിഭാഗീയതയുടെ ഒരു നേര്‍കാഴ്ചയായി വേണം ഈ നീക്കത്തെ കാണാന്‍. തോല്‍ക്കുന്നത് കുമ്മനം തന്നെയാകട്ടെ എന്ന് ചിന്തിക്കുന്ന ധാരാളം സംസ്ഥാന നേതാക്കള്‍ ഇപ്പോള്‍ ബിജെപിയിലുണ്ട്. എന്തായാലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപിയില്‍ ഉയരുന്ന ഈ ഭിന്നസ്വരം തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കലുക്ഷിതമാകുമെന്ന് തീര്‍ച്ച.

Related News