19 April 2024, Friday

Related news

February 3, 2024
January 29, 2024
January 14, 2024
January 14, 2024
October 14, 2023
August 12, 2023
August 11, 2023
July 28, 2023
February 18, 2023
February 17, 2023

പ്രതിരോധിക്കാനും പിന്തുണയ്ക്കാനുമുളള പോരാട്ടം

എൻ ഗോപാലകൃഷ്ണന്‍
July 30, 2022 5:30 am

ഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. അത് ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ഏത് പരിഷ്കാരവും ഭാരതത്തെ പിറകോട്ടടിക്കാൻ മാത്രമേ ഉപകരിക്കൂ. വിദ്യാഭ്യാസരംഗത്ത് അത്തരം സമീപനം ഒരിക്കലും കൈക്കൊള്ളാൻ പാടില്ലാത്തതുമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം പരിശോധിച്ചാൽ അത് നമ്മുടെ ദേശീയതയുടെ കടയ്ക്കൽ തന്നെ കത്തിവയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് കാണാം. നാളിതുവരെയുള്ള മറ്റേത് വിദ്യാഭ്യാസ നയരേഖ പരിശോധിച്ചാലും അതില്‍ മതേതരത്വം എന്ന പദം എവിടെയും കാണാമായിരുന്നു. എന്നാൽ പുതിയ ദേശീയ വിദ്യാഭ്യാസ പരിഷ്കരണ നയരേഖ ആകെ പരതിയാലും അത് കണ്ടെത്താനാവില്ല. ഇവിടെ നിന്നാണ് എതിർപ്പുകൾ ആരംഭിക്കുന്നത്.
2019ൽ കരടു നിര്‍ദ്ദേശം വന്നപാടെ കേരളമുൾപ്പെടെയുള്ള ജനാധിപത്യ സർക്കാരുകളും ഇന്ത്യാ മഹാരാജ്യത്തെ ബുദ്ധിജീവികളും വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരുമടക്കമുള്ളവർ ഈ നയത്തിൽ വരാൻപോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാണിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. അതൊന്നും പരിഗണിക്കാത്ത നയം 2020ൽ പുറത്തു വന്നപ്പോഴാണ് രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ ഉയർന്നു തുടങ്ങിയത്. കോവിഡ് പ്രതിസന്ധിഘട്ടത്തിന്റെ മറപിടിച്ച് ഈ നയം നടപ്പിലാക്കാനായിരുന്നു സർക്കാരിന്റെ ശ്രമം.
തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ രാജ്യതാല്പര്യങ്ങൾക്കെതിരായ ഈ നയം നടപ്പാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളവും നമ്മുടെ സാംസ്കാരിക സാമൂഹ്യ ഘടനാ പ്രകാരം മാത്രമേ കരിക്കുലം പരിഷ്കരിക്കൂ എന്നും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ ഫെഡറൽ സ്വഭാവത്തെ ഹനിക്കുംവിധം അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ലാതാക്കി കേന്ദ്രീകൃത സ്വഭാവത്തിലേക്ക് ഒരുക്കിയെടുക്കാനുള്ള നീക്കങ്ങളാണ് നയരേഖയുടെ പിന്നിൽ പ്രതിഫലിക്കുന്നത്. ശാസ്ത്രീയ ചിന്തകൾ, സ്ത്രീപുരുഷ തുല്യത, സാമൂഹിക നീതി, തൊഴിൽ നൈപുണികളാർജ്ജിക്കൽ, ഭാഷാപഠനം തുടങ്ങിയ കാര്യങ്ങളില്‍ നിഷേധാത്മക സമീപനമാണ് രേഖയില്‍. ആധുനിക ശാസ്ത്രവിജ്ഞാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം പുരാണങ്ങളെയും അന്ധവിശ്വാസങ്ങളെയും അവലംബിക്കാൻ ശ്രമിക്കുന്നു.


ഇതുകൂടി വായിക്കൂ: മറുകര തേടുന്ന മെഡിക്കൽ വിദ്യാഭ്യാസം


ഇവിടെ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം പിഎഫ്ആർഡിഎ നിയമത്തിന്റെ ചുവടുപിടിച്ച് 2013 ഏപ്രിൽ ഒന്നിന് കേരള സംസ്ഥാനം നടപ്പിലാക്കിയ അശാസ്ത്രീയമായ പങ്കാളിത്ത പെൻഷൻ (നിർവചിക്കപ്പെട്ട സംഭാവന) പദ്ധതി പിൻവലിക്കണമെന്നുള്ളതാണ്. പുരോഗമന പ്രസ്ഥാനങ്ങളും സംഘടനകളും പങ്കാളിത്ത പെൻഷൻ പദ്ധതിയെ നഖശിഖാന്തം എതിർത്തപ്പോൾ അന്ന് ഈ പദ്ധതിയെ രണ്ടു കയ്യുംനീട്ടി സ്വീകരിച്ച ചിലർ ഇപ്പോൾ അതിനെതിരെ രംഗത്ത് വന്നിട്ടുള്ളത് ഏതായാലും നല്ല കാര്യം തന്നെയാണ്. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ അത് മനസിലാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ (നിർവചിക്കപ്പെട്ട ആനുകൂല്യ പെൻഷൻ) പദ്ധതിയിലേക്ക് മടങ്ങാൻ തീരുമാനമെടുത്തു കഴിഞ്ഞു. കേന്ദ്ര പെൻഷന്റെ ചരിത്രം ആരംഭിക്കുന്നത് 1925ൽ നിയമിക്കപ്പെട്ട റോയൽ കമ്മിഷന്റെ വരവോടു കൂടിയാണ്. ജീവനക്കാരിൽ നിന്നും വിഹിതം ഈടാക്കി നൽകേണ്ടതല്ല പെൻഷൻ എന്ന കമ്മിഷന്റെ നിഗമനം എല്ലാക്കാലത്തും പ്രസക്തമാണ്. ഒരു ആയുഷ്ക്കാലം മുഴുവൻ ആരോഗ്യവും മനസും നൽകിയ സമർപ്പിത ജീവിതത്തിനു ശേഷം ജീവനക്കാർക്ക് നൽകുന്ന അടുത്തൂൺ നാട്ടുരാജാക്കന്മാർ പോലും നടപ്പാക്കിയിരുന്നു.
1972ലാണ് കേന്ദ്ര ഗവൺമെന്റ് പെൻഷൻ സമ്പ്രദായം സമഗ്രമായി നടപ്പാക്കിയത്. പിന്നീട് എന്‍ഡിഎ സർക്കാരാണ് അതിന് പകരം പിഎഫ്ആർഡിഎ നിയമത്തെ പിൻപറ്റി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത്. 2004 ജനുവരിക്കു മുമ്പ് നിയമിക്കപ്പെട്ട കേന്ദ്ര ഗവൺമെന്റ് ജീവനക്കാരും സേനാവിഭാഗങ്ങളും സ്റ്റാട്ട്യൂട്ടറി പെൻഷൻ സമ്പ്രദായത്തിൽ നിലനിർത്തപ്പെട്ടു. രണ്ടാം യുപിഎ സർക്കാർ പ്രതിപക്ഷത്ത് നിന്ന് ബിജെപിയെ കൂട്ടുപിടിച്ചാണ് പിഎഫ്ആർഡിഎ നിയമം ഇന്നത്തെ നിലയിൽ നടപ്പാക്കിയത്. ദേശീയതലത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് കേരളത്തിലെ ചിത്രം. കേന്ദ്ര സർക്കാർ പെൻഷൻ നിയമങ്ങൾ നടപ്പാക്കുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തിൽ പെൻഷൻ നിയമം നടപ്പിലാക്കിക്കഴിഞ്ഞിരുന്നു. അടുത്തൂൺ എന്ന് വിളിക്കുന്ന പെൻഷനെ സേവനാനന്തര ശമ്പളം എന്നാണ് കേരളവും നിർവചിച്ചിട്ടുള്ളത്. 1956 നവംബർ ഒന്നിനാണ് കേരളത്തിൽ പെൻഷൻ നിയമം നടപ്പാക്കിയത്. സർക്കാർ സേവനത്തിന്റെ ഏറ്റവും വലിയ ആകർഷകത്വവും പെൻഷൻ തന്നെയായിരുന്നു.


ഇതുകൂടി വായിക്കൂ: കോവിഡാനന്തര വിദ്യാഭ്യാസം


കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിന്നവരാണ് കേരളത്തിലെ ജീവനക്കാരും അധ്യാപകരും. രണ്ടു തവണ സ്വന്തം ശമ്പളം സർക്കാരിന് മടക്കി നൽകിയവരാണ് പുരോഗമന സംഘടനകളില്‍പ്പെട്ടവരെല്ലാം. ഈ കാലഘട്ടത്തിൽ ഒരിക്കൽ പോലും ഡിഎ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമുന്നയിച്ചിട്ടില്ല. ഇടതുസർക്കാർ നടപ്പിലാക്കിവരുന്ന ജനപക്ഷ നയങ്ങളെ കലവറയില്ലാതെ പിന്തുണയ്ക്കുന്നതാണ് സിവിൽ സർവീസ് മേഖലയും അധ്യാപകരും. എന്നാൽ ശമ്പളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഈ വിഭാഗം ആളുകളുടെ ജീവിതം വിലക്കയറ്റവുമായി ബന്ധപ്പെട്ട് പൊറുതിമുട്ടുകയാണ്. ജിഎസ്‌ടിയിൽ വന്ന മാറ്റം ഉൾപ്പെടെ വലിയ പ്രതിസന്ധി വിപണിയിൽ നിലനിൽക്കുന്നു. അതിനാൽ ഡിഎ അനുവദിക്കണമെന്ന് ജീവനക്കാരും അധ്യാപകരും സർക്കാരിനോട് ആവശ്യപ്പെടുന്നു.
പ്രീ പ്രൈമറി മേഖലയിൽ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വലിയ കുതിച്ചുചാട്ടത്തിനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ളത്. നമ്മുടെ പ്രീ പ്രൈമറി മേഖല ശാസ്ത്രീയ പദ്ധതികളിലൂടെ മുന്നേറാൻ ലക്ഷ്യംവയ്ക്കുകയാണ്. എന്നാൽ ഈ ഘട്ടത്തിലും അധ്യാപക മേഖലയിൽ തീരെ പ്രതീക്ഷയില്ലാത്ത അവസ്ഥയാണ്. മുഴുവൻ പ്രീ പ്രൈമറികൾക്കും അംഗീകാരം നൽകിയിട്ടില്ല. അധ്യാപികമാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കുകയും പഠന സംവിധാനങ്ങളും പരിശീലനങ്ങളും ചിട്ടപ്പെടുത്തേണ്ടതുമുണ്ട്. അധ്യാപികമാർക്ക് മതിയായ ശമ്പളം ഉറപ്പു വരുത്തണം. അതിനെല്ലാമുള്ള അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടിയിരിക്കുന്നു. ഇത് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.
ധാരാളം ആവശ്യങ്ങൾ ഈ മേഖലയിൽ മുദ്രാവാക്യങ്ങളായി ഇനിയും അവശേഷിക്കുകയാണ്. വിഎച്ച്എസ്ഇ മേഖല വേറിട്ട നിലയിലാണ്. മറ്റു മേഖലകളിൽ ശനിയാഴ്ചദിനം അവധിയാണെങ്കിൽ ഇവിടെ അന്നും പ്രവൃത്തി ദിനമാണ്. ശനിയാഴ്ച പഠനം അവസാനിപ്പിച്ച് തുല്യത ഉറപ്പുവരുത്തണം. മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളെ യുഡിഎഫ് ഗവൺമെന്റ് അൺ ഇക്കണോമിക് എന്ന് വിളിച്ചു. ആ പേര് ഒഴിവായെങ്കിലും അധ്യാപകർക്ക് ഇനിയും ശമ്പളമില്ലാത്ത അവസ്ഥയാണ്. അത് പരിഹരിക്കപ്പെടണം. അവർക്ക് സ്ഥിര നിയമനം നൽകണം. ഭിന്നശേഷി നിയമന ഉത്തരവിന്റെ പേരിൽ തടഞ്ഞുവച്ച നിയമനങ്ങൾ അംഗീകരിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണം. കലാകായിക പ്രവൃത്തിപരിചയ മേഖലയിൽ നിലനില്ക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ഹയർ സെക്കന്‍ഡറിയിൽ ജൂനിയർ അധ്യാപകരുടെ പ്രമോഷൻ നടപടികൾ അനിശ്ചിതമായി നീളുന്നത് അധ്യാപകരില്‍ ആശങ്കയുണ്ടാക്കുന്നു.


ഇതുകൂടി വായിക്കൂ: അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രം എടത്താട്ടിൽ മാധവന്റേയും


പൊതുഅധ്യാപക സ്ഥലമാറ്റ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. പ്രമോഷൻ ലഭിച്ച പുതിയ പ്രൈമറി പ്രഥമാധ്യാപകർ കോടതി ഉത്തരവുമായി ബന്ധപ്പെട്ട് ത്രിശങ്കുവിലാണ്. അവർക്ക് ശമ്പള സ്കെയിൽ അനുവദിക്കണം. ഡയറ്റുകളിൽ മതിയായ അധ്യാപകരെ നിയമിക്കുകയും സർവീസ് പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. കെ ടെറ്റ് യോഗ്യത നടപ്പാക്കുമ്പോൾ ഗവൺമെന്റ് എയ്ഡഡ് വേർതിരിവുകൾ ഇല്ലാതാക്കണം. ഉച്ചഭക്ഷണ പദ്ധതിയുടെ വിഹിതം വർധിപ്പിച്ച് അതിന്റെ ഗുണമേന്മ ഉറപ്പു വരുത്തണം.
‘മുന്നേറ്റം’ പദ്ധതിയുൾപ്പെടെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും മേഖലയുടെ ഉണർവിനും വേണ്ടി നിലകൊണ്ട പ്രസ്ഥാനം എന്ന നിലയിൽ എകെഎസ്‌ടിയു മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ ജനകീയ സർക്കാർ പരിഗണിക്കുമെന്ന് തികഞ്ഞ വിശ്വാസമുണ്ട്. അതിനു നേതൃത്വം നൽകുന്ന വിദ്യാഭ്യാസ മന്ത്രിയും വകുപ്പും അവ മുഖവിലയ്ക്കെടുക്കുമെന്ന പ്രതീക്ഷയുമുണ്ട്. അധ്യാപകർ ഈ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 30ന് നടത്തുന്ന പ്രക്ഷോഭം കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്തിന്റെ വളർച്ചയ്ക്കും ഉണർവിനും ആക്കം കൂട്ടുക തന്നെ ചെയ്യും.

(പ്രസിഡന്റ്, എകെഎസ്‌ടിയു
സംസ്ഥാന കമ്മിറ്റി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.