Saturday
23 Feb 2019

സഹനത്തിന്റെയും ത്യാഗത്തിന്റെയും പോരാളി

By: Web Desk | Thursday 9 August 2018 1:06 AM IST

ധൈര്യം, ഹൃദയ വിശാലത, വാഗ്‌ധോരണി, സര്‍വ്വോപരി വിപ്ലവചിന്ത എന്നിവയാല്‍ അനുഗൃഹീതനായ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന തലശ്ശേരിയിലെ പികെ മാധവന്‍ എന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ജന്മശതാബ്ദി ദിനമായിരുന്നു ഇന്നലെ.
1918 ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മാളിക വളപ്പ് ലോവര്‍ പ്രൈമറി സ്‌കൂളിലും ബിഇഎംപി ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം നിര്‍വ്വഹിച്ച അദ്ദേഹം 1936-ല്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പാസ്സായി തുടര്‍ന്ന് കുറച്ചുകാലം ചിറക്കര കുഞ്ഞാമ്പറമ്പ് യുപി സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു.
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാലകള്‍ ആഞ്ഞടിച്ചു തുടങ്ങിയപ്പോള്‍ അതേറ്റു വാങ്ങിയ പി.കെ, കോണ്‍ഗ്രസ്സിലും തുടര്‍ന്ന്, കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു തുടങ്ങി. 1937 ല്‍ അദ്ദേഹത്തെ തലശ്ശേരി ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ സിക്രട്ടറിയായി തിരഞ്ഞെടുത്തു.
1940 സപ്തംബര്‍ 15ന് മര്‍ദ്ദന പ്രതിഷേധ ദിനമായി ആചരിക്കുന്നതിനും കെ പി സി സി ആഹ്വാനം ചെയ്തു. ആ ആഹ്വാനം ചെവിക്കൊണ്ട തലശ്ശേരി ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി ജവഹര്‍ഘട്ടില്‍ വമ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. ഓടക്കാട്ടെ അബുമാസ്റ്റര്‍ ബീഡിത്തൊഴിലാളിയായ പാലയാട്ടെ ചാത്തുക്കുട്ടി എന്നീ യുവാക്കള്‍ വെടിയേറ്റു വീണു മരിച്ച ജവഹര്‍ഘട്ട്‌സംഭവത്തില്‍ നേതൃത്വപരമായ പങ്കു വഹിച്ചവരില്‍ പ്രധാനിയായിരുന്നു പി കെ മാധന്‍.
തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേര്‍സ് യൂണിയന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകരായിരുന്ന ടി വി തോമസ്, കെ കെ കുഞ്ഞന്‍, എസ്.കുമാരന്‍, എന്നിവരോടൊപ്പം ഫാക്ടറി കമ്മിറ്റി സെക്രട്ടറിയായി പി കെ മാധവന്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1951 ലാണ് അദ്ദേഹം തലശ്ശേരിയില്‍ തിരിച്ചെത്തുന്നതും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലശ്ശേരി താലൂക്ക് ഓര്‍ഗനൈസിംഗ് സിക്രട്ടറിയായി പ്രവര്‍ത്തനരംഗത്തിറങ്ങുന്നതും.
മദിരാശി സര്‍ക്കാരിന്റെ ഫാക്ടറി നിയമം പറഞ്ഞ് ബീഡി ഫാക്ടറിയില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പണിമുടക്കിയ തൊഴിലാളികള്‍ ന്യൂ ദര്‍ബാര്‍ ബീഡികമ്പനിക്ക് മുന്നില്‍ പിക്കറ്റിംഗ് ആരംഭിച്ചു.പിന്നീട് മുതലാളി ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചു.തൊഴിലാളികള്‍ രാവും പകലും പിക്കറ്റിംഗ് നടത്തിയിരുന്നു.ആ സമരത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ബീഡി തൊഴിലാളി അല്ലാത്ത ഒരാളുണ്ടായിരുന്നു. അത് പി കെ മാധവനായിരുന്നു.
1952 ല്‍ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഗോപാലപേട്ട വാര്‍ഡില്‍ നിന്നും പ്രഥമ കമ്മ്യൂണിസ്റ്റ് കൗണ്‍സിലറായി പി കെ തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗമായി.അതില്‍ കമ്മ്യൂണിസ്റ്റുകാരും സ്വതന്ത്രന്മാരും ചേര്‍ന്ന ജനാധിപത്യ മുന്നണിയുടെ നേതാവ് ഇ പി ഗോപാലനും ഉപനേതാവ് പി.കെ.മാധവനുമായിരുന്നു. സ:ഉണ്ണികൃഷ്ണ വാര്യര്‍ ആയിരുന്നു സിക്രട്ടറി. പി ടി ഭാസ്‌ക്കര പണിക്കര്‍ പ്രസിഡണ്ടും, കെ.വി.മൂസ്സാന്‍കുട്ടി മാസ്റ്റര്‍ വൈസ് പ്രസിഡണ്ടുമായിരുന്നു. 1957 ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് പി കെ മത്സരിച്ചെങ്കിലും ജയിച്ചില്ല.
സഹനത്തിന്റേയും ത്യാഗത്തിന്റേയും ജ്വലിക്കുന്ന അദ്ധ്യായമായി മാറിയ സഖാവ് പി.കെ.മാധവന്റെ രാഷ്ട്രീയാനുഭവങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ വ്യാപരിക്കണം. 54 വര്‍ഷങ്ങള്‍ക്കു മുമ്പ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെങ്കിലും ത്യാഗസുരഭിലമായ ആ ജീവിതം വരുംതലമുറയ്ക്കുള്ള വലിയ പാഠം തന്നെയാണ്. സഖാവിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
എന്‍ വി രമേശന്‍