വിരുദ്ധാശയങ്ങളുടെ സംഘട്ടനം

Web Desk
Posted on October 09, 2019, 10:42 pm
Kanam Rajendran

കാനം രാജേന്ദ്രന്‍

സാമ്രാജ്യത്വ ബൂര്‍ഷ്വാസിയും ദേശീയ ബൂര്‍ഷ്വാസിയും ബൂര്‍ഷ്വാസി എന്ന നിലയില്‍ ഒരേ വര്‍ഗമാണെങ്കിലും ഇവയെ രണ്ടിനേയും ഒരുപോലെ കരുതരുതെന്ന് ലെനിന്‍ താക്കീത് ചെയ്യുകയുണ്ടായി. ദേശീയ ബൂര്‍ഷ്വാ വിഭാഗത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവത്തെ കുറിച്ച് ലെനിന്‍ പ്രതിപാദിച്ചിട്ടുണ്ട്. 1912‑ല്‍ ‘ചൈനയിലെ ജനാധിപത്യവും നറോദിസവും’ എന്ന ലേഖനത്തില്‍ ലെനിന്‍ എഴുതി: “ജീര്‍ണിച്ചു കഴിഞ്ഞത് പാശ്ചാത്യ ബൂര്‍ഷ്വാസിയാണ്. അത് അതിന്റെ ശവക്കുഴി തോണ്ടുന്നതുവരെ തൊഴിലാളിവര്‍ഗത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏഷ്യയില്‍ ഇപ്പോഴും ആത്മാര്‍ത്ഥതയും സുസ്ഥിരതയുമുള്ള ജനാധിപത്യത്തിനു വേണ്ടി വാദിക്കാന്‍ സാധിക്കുന്ന ഒരു ബൂര്‍ഷ്വാസിയുണ്ട്. ഈ ബൂര്‍ഷ്വാസി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ ജീവിച്ച ഫ്രാന്‍സിലെ മഹാചിന്തകന്മാരുടേയും നേതാക്കളുടേയും കൊള്ളാവുന്ന ഒരു സഖാവാണ്. ” കോളനികളിലെ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളോടാണ് ലെനിന്‍ ഉപമിച്ചത്. ദേശീയ വിമോചന സമരത്തില്‍ താല്‍പ്പര്യമുള്ള ബൂര്‍ഷ്വാ വിഭാഗങ്ങളുണ്ടെന്നാണ് ലെനിന്‍ പറഞ്ഞതിന്റെ സാരം. കോമിന്റേണിന് സമര്‍പ്പിച്ച തന്റെ റിപ്പോര്‍ട്ടില്‍ ദേശീയ ബൂര്‍ഷ്വാസിയുടെ സമഗ്രമായ സ്വഭാവത്തോടൊപ്പം ആ വര്‍ഗത്തിനുള്ള ചാഞ്ചാട്ടങ്ങളെ കുറിച്ചും മാര്‍ക്സിസ്റ്റുകാര്‍ ബോധവാന്മാരായിരിക്കണമെന്നാണ് ലെനിന്‍ പഠിപ്പിച്ചത്. ഒന്നാം ഇന്റര്‍നാഷണലിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഇംഗ്ലണ്ട്, ഹോളണ്ട്, ഫ്രാ­ന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി ഒട്ടേറെ പ്രതിനിധികള്‍ പങ്കെടുത്തു. ഭാവി നടത്തിപ്പിനായി ഇരുപത്തിയൊന്ന് പേരുള്ള ഒരു കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് ട്രേഡ് യൂണിയനുകള്‍ നടത്തിയിരുന്ന സീഹൈവ് എന്ന ജേര്‍ണല്‍ ഇന്റര്‍നാഷണല്‍ സ്വന്തം മുഖപത്രമായി അംഗീകരിക്കുകയും ചെയ്തു. ലോക തൊഴിലാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തണമെന്നും തീരുമാനിച്ചു. അടുത്ത മാസം (ഒക്ടോബര്‍) തന്നെ കേന്ദ്ര കമ്മിറ്റിയുടെ ആദ്യയോഗം നടന്നു.

ഡോര്‍ജ് ഓര്‍ഡഗര്‍ (ബ്രിട്ടന്‍) ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ആരംഭംതൊട്ട് ഒന്നാം ഇന്റര്‍നാഷണല്‍ വിരുദ്ധാശയങ്ങളുടെ സംഘട്ടനത്തിന് വേദിയായി. അത് ഒരു രഹസ്യ സംഘടനയായി പ്രവര്‍ത്തിക്കണമെന്ന് ഇറ്റാലിയന്‍ പ്രതിനിധി വാദിച്ചപ്പോള്‍ വെറും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ ഒതുങ്ങണമെന്ന് ബ്രിട്ടനിലെ ഓര്‍ഡഗര്‍ ശഠിച്ചു. ഫ്രാന്‍സിലെ സ്ളാങ്കി സാഹസിക പ്രവര്‍ത്തനത്തിനും ഫ്രാന്‍സില്‍ നിന്നുതന്നെയുള്ള പ്രുദോനും സക്കുറിനും അരാജകവാദത്തിനും വേണ്ടിയാണ് നിലകൊണ്ടത്. ജര്‍മ്മനിയിലെ ലസ്സാലാകട്ടെ ട്രേഡ് യൂണിയനുകള്‍ക്കും പണിമുടക്കങ്ങള്‍ക്കും എതിരായിരുന്നു. ഇപ്പറഞ്ഞ ചിന്താഗതികള്‍ക്ക് എതിരായി നിരന്തരമായ ആശയ സമരത്തിലൂടെ കാള്‍ മാര്‍ക്സ് ഒരു കമ്മ്യൂണിസ്റ്റ് സംഘടനക്ക് വേണ്ടി വാദിച്ചു. സോഷ്യലിസ്റ്റ് ‑അര്‍ദ്ധ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളല്ല, തൊഴിലാളിവര്‍ഗത്തിനു വേണ്ടി പടവെട്ടാന്‍ തയ്യാറുള്ള ഒരു കമ്മ്യൂണിസ്റ്റ് സംഘടനയാണ് വേണ്ടതെന്നും മാര്‍ക്സ് അഭിപ്രായപ്പെട്ടു. തൊഴിലാളിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി ആവശ്യമില്ലെന്നും ദൈനംദിന സമരങ്ങള്‍ വര്‍ജിക്കണമെന്നുമുള്ള വാദത്തെ ഖണ്ഡിച്ച് ഇന്റര്‍നാഷണലിനെ തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയാക്കണമെന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ മാര്‍ക്സ് വിജയിച്ചു. 1869‑ല്‍ ചേര്‍ന്ന ബാസല്‍ സമ്മേളനത്തില്‍ ലോകത്തിലെ ആദ്യത്തെ തൊഴിലാളിവര്‍ഗ പാര്‍ട്ടി എന്ന് വിശേഷിപ്പിക്കാവുന്ന ജര്‍മ്മന്‍ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാര്‍ട്ടിയും പങ്കെടുത്തു. 1871‑ലെ പാരീസ് കമ്മ്യൂണ്‍ ഒന്നാം ഇന്റര്‍നാഷണലിന്റെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു. അക്കൊല്ലം മാര്‍ച്ച് പതിനെട്ടിന് പാരീസിലെ തൊഴിലാളികള്‍ തങ്ങളുടെ നഗരത്തില്‍ നിന്ന് ബൂര്‍ഷ്വാ ഭരണാധികാരികളെ ആട്ടിയോടിച്ച് അധികാരം സ്വയം ഏറ്റെടുക്കുകയും പത്ത് ദിവസം കഴിഞ്ഞ് മാര്‍ച്ച് ഇരുപത്തിയെട്ടിന് ലോകത്തിലെ ആദ്യത്തെ തൊഴിലാളിവര്‍ഗ ഭരണകൂടം ‑പാരീസ് കമ്മ്യൂണ്‍— സ്ഥാപിക്കുകയും ചെയ്തു. എഴുപത്തിരണ്ട് ദിവസം മാത്രമേ ആ ഭരണത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ എങ്കിലും ലോക തൊഴിലാളിവര്‍ഗത്തിന്റെ മുന്നിലുള്ള അനന്തസാധ്യതകള്‍ എത്രയെന്ന് അത് വിളിച്ചറിയിച്ചു. ലോക ബൂര്‍ഷ്വാസിയെ ഞെട്ടിച്ച ആ സംഭവം തൊഴിലാളികള്‍ക്കും ഒട്ടേറെ അനുഭവ പാഠങ്ങള്‍ സമ്മാനിച്ചു. അതില്‍ സര്‍വ്വപ്രധാനമായത് അധികാരം കയ്യില്‍ കിട്ടിയാല്‍ അത് നിലനിര്‍ത്താന്‍ പക്വതയും കെട്ടുറപ്പുമുള്ള ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ആവശ്യകതയായിരുന്നു. ലെനിന്‍ ആവിഷ്കരിച്ച് രൂപം നല്‍കിയ കമ്മ്യൂണിസ്റ്റ് തത്വങ്ങള്‍ പുതിയൊരു സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് വിപ്ളവ പ്രസ്ഥാനം രൂപംകൊള്ളുന്നതിന് സഹായകമായി. ലോകമെമ്പാടും ഉയര്‍ന്നുവന്ന തൊഴിലാളിവര്‍ഗ വിപ്ളവ പ്രസ്ഥാനത്തിന് ലെനിന്റെ ആശയങ്ങള്‍ പുത്തന്‍ ഉണര്‍വ്വേകി. തൊഴിലാളിവര്‍ഗത്തിന്റെ കരുത്തുറ്റ വിപ്ളവ പ്രസ്ഥാനം ലോകമെങ്ങും വളര്‍ത്തിയെടുക്കാനാണ് ലെനിന്‍ ഊന്നല്‍ നല്‍കിയത്.

ദേശീയ വിമോ­ചന പ്രസ്ഥാനവും സോഷ്യലിസവും കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ലെനിന്‍ ചൂണ്ടിക്കാട്ടി. ഹേഗിലെ തീരുമാനപ്രകാരം 1872 മുതല്‍ 76 വരെ ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയാണ് ഒന്നാം ഇന്റര്‍നാഷണല്‍ പ്രവര്‍ത്തിച്ചത്. ഭിന്നിപ്പുകാരുടെ കുത്തിത്തിരിപ്പുകള്‍ പിന്നെയും വര്‍ദ്ധിച്ചതിനാല്‍ 1876‑ല്‍ ഫിലാഡെല്‍ഫിയയില്‍ ചേര്‍ന്ന സമ്മേളനത്തില്‍വെച്ച് ഇന്റര്‍നാഷണല്‍ പിരിച്ചുവിടാന്‍ മാര്‍ക്സും സഖാക്കളും നിര്‍ബന്ധിതരായി. പക്ഷെ, പിരിച്ചു വിടുമ്പോള്‍തന്നെ കൂടുതല്‍ ശക്തമായി തിരിച്ചു വരുന്നതിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ഇന്റര്‍നാഷണല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ആശയം ഇക്കാര്യത്തില്‍ തൊഴിലാളിവര്‍ഗത്തിന് മാര്‍ഗദര്‍ശനമാകുമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കിയിരുന്നു. ഒന്നാം ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുമ്പോള്‍ ആ സംഘടനയുടെ ഏറ്റവും വലിയ വിജയമായി എടുത്തുകാട്ടാവുന്നത് ലോക തൊഴിലാളികളുടെ സാര്‍വ്വദേശീയ ബോധം വളര്‍ത്താന്‍ അത് നല്‍കിയ സംഭാവനയാണ്. അമേരിക്കയിലേയും പോളണ്ടിലേയും സ്വാതന്ത്യ്ര പോരാട്ടത്തിനും ബ്രിട്ടനില്‍ വോട്ടവകാശത്തിനും വേണ്ടി തൊഴിലാളികള്‍ നടത്തിയ സമരത്തിനും ഇന്റര്‍നാഷണല്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ടതുണ്ട്. കൂടാതെ ശാസ്ത്രീയമായ ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് അടിസ്ഥാനമിട്ടതും അരാജകവാദത്തെ എതിര്‍ത്തു തോല്‍പ്പിച്ചതും സംഘടനകളുടെ നേട്ടമാണ്.