വൈദ്യുതി ഉപയോഗം കുറക്കാന്‍ ഫിലമെന്റ് രഹിത കേരളം; രജിസ്‌ട്രേഷന്‍ തുടങ്ങി

Web Desk
Posted on March 02, 2019, 9:28 pm

125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ ലക്ഷ്യം

ആര്‍ ബാലചന്ദ്രന്‍
ആലപ്പുഴ: പരിസ്ഥിതിക്ക് ഇണങ്ങുന്ന എല്‍ ഇ ഡി ബള്‍ബുകള്‍ വ്യാപകമാക്കി വൈദ്യുതി ഉപയോഗം കുറക്കാനുള്ള നടപടികള്‍ക്ക് കെ എസ് ഇ ബി തുടക്കമായി. ഫിലമെന്റ് രഹിത കേരളമെന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് ആരംഭിച്ചു. ന്യായ വിലക്ക് കെ എസ് ഇ ബി വഴി എല്‍ ഇ ഡി നല്‍കി വൈദ്യുതി ഉപയോഗം കുറക്കാനാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വൈദ്യുതി ഉപയോഗം കൂട്ടുന്ന ഫിലമെന്റ് ബള്‍ബുകളും ട്യുബുകളും പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഇത് നടപ്പാക്കുന്നത് .

ആദ്യഘട്ടത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ എസ് ഇ ബിയുടെയും എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തിയാവും പദ്ധതി നിര്‍വഹണം. കിഫ്ബി മുഖേന 750 കോടി രൂപയാണ് പദ്ധതി നിര്‍വഹണത്തിനായി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത.് കെ എസ് ഇ ബിയുടെ വെബ്‌സൈറ്റ് , മീറ്റര്‍ റീഡര്‍മാര്‍, സെക്ഷന്‍ ഓഫീസുകള്‍ എന്ന വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഏറ്റവും കുറഞ്ഞ ചിലവില്‍ തവണ വ്യവസ്ഥയില്‍ എല്‍ ഇ ഡി ബള്‍ബുകള്‍ വാങ്ങാനാവും. ട്യൂബുകളുടെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഏകദേശം 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് കെ എസ് ഇ ബി കണക്ക് കൂട്ടുന്നത്. മുന്‍കൂട്ടി പണം അടക്കാതെ തവണ വ്യവസ്ഥയില്‍ വൈദ്യുതി ബില്ലിനൊപ്പം എല്‍ ഇ ഡികള്‍ സ്വന്തമാക്കാന്‍ കഴിയും. ഇവക്ക് മൂന്നുവര്‍ഷ വാറന്റിയും നല്‍കുന്നുണ്ട്. ആവശ്യമുള്ള ബള്‍ബുകളുടെയും ശേഖരിക്കേണ്ട ബള്‍ബുകളുടെയും എണ്ണം സഹിതം മൊബൈല്‍ ആപ് വഴി രജിസ്‌ട്രേഷന്‍ നടത്താം. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ എല്‍ ഇ ഡികളുടെ വിതരണം തുടങ്ങും. 65 രൂപയാണ് ഒരു ബള്‍ബിന് വില നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി നടത്തിപ്പിനായി കുടുംബശ്രീയെയും ഭാഗമാക്കിയിട്ടുണ്ട്. പദ്ധതിയില്‍ ആദ്യം വീടുകളില്‍നിന്നും മാറ്റുന്നത് ഫിലമെന്റ് ബള്‍ബുകളാണ്.

ട്യൂബുകള്‍ രണ്ടാം ഘട്ടത്തിലാണ് മാറ്റുക. പ്രാഥമിക കണക്കുകള്‍ പ്രകാരം മാറ്റുന്ന ഫിലമെന്റ് ബള്‍ബുകള്‍ക്ക് പകരം സംസ്ഥാനമൊട്ടാകെ അഞ്ചുകോടി എല്‍ ഇ ഡികള്‍ വീടുകളില്‍ വിതരണം ചെയ്യേണ്ടിവരും. മീറ്റര്‍ റീഡര്‍മാരെ ഉപയോഗിച്ച് വിവരം ശേഖരിച്ചശേഷം മാത്രമേ കൃത്യമായ കണക്ക് ലഭിക്കൂ. ഏപ്രില്‍, മെയ് മാസങ്ങളില്‍ മീറ്റര്‍ റീഡര്‍മാര്‍ റീഡിങ് നടത്തുന്നതിനൊപ്പം മാറ്റേണ്ട ഫിലമെന്റ് ബള്‍ബുകളുടെയും പകരം ആവശ്യമായ എല്‍ഇഡികളുടെയും കണക്കെടുക്കും. പദ്ധതി പരിചയപ്പെടുത്തുന്ന ബ്രോഷറും നല്‍കും. വീട്ടുകാര്‍ ഇല്ലെങ്കില്‍ ബ്രോഷര്‍ വീട്ടില്‍ എത്തിച്ചുമടങ്ങും. ഇവര്‍ക്ക് പിന്നീട് സമീപത്തെ സെക്ഷന്‍ ഓഫീസില്‍ വിവരം നല്‍കാം. എല്‍ഇഡി ട്യൂബ് ലൈറ്റ് സ്ഥാപിക്കാന്‍ നിലവിലെ ഹോള്‍ഡര്‍ മാറ്റണം. പരിശീലനം നേടിയവര്‍ ഇതിനാവശ്യമാണ്.

ഈ സാഹചര്യത്തിലാണ് ബള്‍ബുകള്‍ മാറ്റിയശേഷം ട്യൂബുകള്‍ മാറ്റാന്‍ തീരുമാനിച്ചത്. പ്രാദേശികമായി കുടുംബശ്രീ അംഗങ്ങള്‍ക്കുള്‍പ്പെടെ ഹോള്‍ഡര്‍ മാറ്റുന്നതിനും എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിക്കാനും പരിശീലനം നല്‍കും. സെപ്റ്റംബറില്‍ മാറ്റേണ്ട ട്യൂബുകളുടെയും ആവശ്യമായ എല്‍ ഇ ഡി കളുടെയും വിവരശേഖരണം നടത്തും. പഴയ ബള്‍ബുകളുടെ ശേഖരണത്തിനും കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും. നിലവിലുള്ള സാധാരണ ബള്‍ബുകളും സിഎഫ്എല്ലുകളും തിരിച്ചെടുത്ത് കെഎസ്ഇബി നശിപ്പിക്കും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള എല്‍ഇഡി ബള്‍ബുകളുടെ എണ്ണം, തിരികെ നല്‍കാനുള്ള ഫിലമെന്റ്, സിഎഫ്എല്‍ ബള്‍ബുകള്‍ എന്നിവയുടെ എണ്ണം സമീപത്തെ സെക്ഷന്‍ ഓഫീസില്‍ ഏപ്രില്‍ 30നു മുമ്പ് അറിയിക്കണമെന്ന് കെ എസ് ഇ ബി അധികൃതര്‍ വ്യക്തമാക്കി.