ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള അണിയറനീക്കങ്ങൾ പുരോഗമിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതി അക്ഷയ് കുമാർ സിങ് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. കുറ്റകൃത്യങ്ങളിലോ നിയമങ്ങളിലോ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെടാതെ അന്തരീക്ഷ മലിനീകരണം പോലുള്ള പൊതുവിഷയങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി.
തെറ്റായാണ് വധശിക്ഷ വിധിച്ചത്, മറ്റുരാജ്യങ്ങളില്‍ വധശിക്ഷ ഒഴിവാക്കിയുണ്ട്. ഡല്‍ഹിയില്‍ വായുവും വെള്ളവും മലിനമാണ്. ഈ സാഹചര്യം തന്നെ ആയുസ് കുറയ്ക്കുന്നുണ്ട്. പിന്നെ എന്തിന് തൂക്കിക്കൊല്ലണമെന്നാണ് അക്ഷയകുമാര്‍ സിങ് ഹര്‍ജിയില്‍ ചോദിക്കുന്നത്. വധശിക്ഷ ശരിവച്ച 2017 ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മറ്റ് മൂന്ന് പ്രതികള്‍ നല്കിയ ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. അതേസമയം കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ തീഹാര്‍ ജയിലില്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. തൂക്കിലേറ്റുന്നതിനു മുന്നോടിയായുള്ള ഡമ്മി ട്രയല്‍ നടത്തിയതായാണ് സൂചന. മണ്ഡോളി ജയിലിലായിരുന്ന പ്രതി പവൻ കുമാർ ഗുപ്തയെ മറ്റ് പ്രതികളോടൊപ്പം തീഹാർ ജയിലിലേക്ക് മാറ്റി.
പവന് ഗുപ്തയെ തീഹാറിലെ രണ്ടാം നമ്പര്‍ ജയിലിലാണ് അടച്ചിട്ടുള്ളത്. പ്രതികളെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി ആറ് സിസിടിവി ക്യാമറകള്‍ക്കും തീഹാര്‍ ജയില്‍ അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. മറ്റു പ്രതികളുടെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ പ്രതികള്‍ക്ക് കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ പാര്‍പ്പിക്കാനുള്ള കണ്ടംഡ് സെല്ലും തയ്യാറായി വരികയാണ്. സെല്ലുകളുടെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ നടക്കുകയാണെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.
തീഹാറിലെ മൂന്നാം നമ്പര്‍ ജയിലില്‍ 16 കണ്ടംഡ് സെല്ലുകളാണ് ഉള്ളത്. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയാല്‍ ഉടന്‍ തന്നെ ഇവരെ കണ്ടംഡ് സെല്ലിലേക്ക് മാറ്റും. വിനയ് ശര്‍മ്മയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. എന്നാല്‍ കഴിഞ്ഞദിവസം താന്‍ ദയാഹര്‍ജി നല്‍കിയിട്ടില്ലെന്നും, ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തു നല്‍കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്നതാണ് പതിവ്. വധശിക്ഷയ്ക്ക് മുന്നോടിയായി ജയില്‍ അധികൃതര്‍ ഡമ്മി പരീക്ഷണം നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ഥിനിയെ പ്രതികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറുപേരിൽ ഒരാൾ ജയിലിൽ വെച്ച് തന്നെ ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാതിരുന്ന ഒരാൾ മൂന്നുവർഷത്തെ തടവ് പൂർത്തിയാക്കി അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.