20 April 2024, Saturday

സംസ്ഥാന ചലച്ചിത്ര അവാർഡ്: അവതരണ മികവിനും നിലപാടുകൾക്കുമുള്ള അംഗീകാരം

കെ കെ ജയേഷ്
കോഴിക്കോട്
October 16, 2021 5:46 pm

 

സിനിമകളിൽ ഉൾപ്പെടെ കെട്ടിപ്പൊക്കിയ ആണധികാരത്തിന്റെ അഹന്തകൾക്കേറ്റ പ്രഹരമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. വീടിന്റെ അകത്തളങ്ങളിൽ തളച്ചിടപ്പെടുകയും ഭർത്താവിന്റെ ഭോഗാസക്തി തീർക്കാനുള്ള വെറുമൊരു ഉപകരണം മാത്രമായി മാറുകയും ചെയ്യുമ്പോൾ ചിത്രത്തിലെ നായികയ്ക്ക് പ്രതികരിക്കേണ്ടിവരുന്നു. ശബരിമല വിഷയത്തിൽ ഉൾപ്പെടെ ഉയർന്നുവന്ന പിന്തിരിപ്പൻ ചിന്താഗതികൾക്കും അക്രമോത്സുക നിലപാടുകൾക്കും എതിരെ ഉൾപ്പെടെയുള്ള പ്രതികരണവുമായി അത് മാറിയപ്പോൾ സംഘപരിവാർ സംഘടനകൾ ഉൾപ്പെടെ ഈ സിനിമക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നതും കേരളം കണ്ടു. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രമായി ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അവതരണ മികവിനും ശക്തമായ നിലപാടിനുമുള്ള അംഗീകാരമായി അത് മാറുകയാണ്.

ഒരു വീടിന്റെ അടുക്കളയിലേക്കും ബെഡ് റൂമിലേക്കും തിരിച്ചുവച്ച ക്യാമറ, തെറ്റാണെന്ന് പലരും ചിന്തിക്കാത്ത വലിയ കുറ്റകൃത്യങ്ങളെയാണ് തുറന്നുകാട്ടിയത്. അടുക്കളയിലെ പാത്രങ്ങൾക്കിടയിലും എച്ചിൽ കൂമ്പാരങ്ങൾക്കിടയിലും രാവും പകലും തള്ളിനീക്കുകയും യാന്ത്രികമായ ലൈംഗിക ബന്ധത്തിന്റെ മനം മടുപ്പിക്കലിൽ സ്വന്തം ശരീരത്തോടു വരെ മടുപ്പ് തോന്നുകയും ചെയ്യുന്ന യുവതി, ശബരിമലയുടെ പശ്ചാത്തലത്തിൽ പ്രത്യുത്പാദന ശേഷിയുള്ള സ്ത്രീയുടെ ശരീരം അശുദ്ധമാണെന്ന പൊതുബോധത്തിന് മുന്നിൽ തളരുകയാണ്. അവളുടെ പ്രതികരണങ്ങൾ ആണത്തത്തിന്റെ അഹന്തയിൽ മതിമറന്ന പലരെയുമാണ് അസ്വസ്ഥതപ്പെടുത്തിയത്. ലളിതവും സുന്ദരവുമായ ആവിഷ്ക്കാരവും മനോഹരമായ കഥ പറച്ചിൽ രീതിയും അഭിനയ മികവും കൊണ്ടും ഏറെ ശ്രദ്ധേയമായ ചിത്രമാണ് ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ. ഈ ചിത്രത്തിലൂടെ ജിയോ ബേബി മികച്ച തിരക്കഥാകൃത്തായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രമായ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ വിവാഹ ശേഷം ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളിലേക്ക് ക്യാമറ തിരിച്ചപ്പോൾ ഒരു വിവാഹച്ചടങ്ങിന് മുമ്പുള്ള രണ്ടു ദിവസങ്ങളിലൂടെ കഥ പറയുന്ന ചിത്രമാണ് മികച്ച രണ്ടാമത്തെ ചിത്രമായ സെന്ന ഹെ​ഗ്ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം. കാസർക്കോടൻ പശ്ചാത്തലത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ഈ സിനിമ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചേർന്ന ദിവസങ്ങളാണ് കാട്ടുന്നത്. ഇവർക്കിടയിലെ തർക്കങ്ങളും പരിഭവങ്ങളും പ്രശ്നങ്ങളുമെല്ലാം നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ സെന്ന ഹെഗ്ഡേ മികച്ച കഥാകൃത്തായും തെരഞ്ഞെടുക്കപ്പെട്ടു.

 

 

നിയമലംഘനത്തെത്തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു റിട്ടയേർഡ് ഹവിൽദാറും തമ്മിൽ ഉടലെടുക്കുന്ന സംഘർഷം. അത് പതിയെ മൂർച്ചിച്ച് ചുറ്റുപാടുകളിലുള്ളവരുടെ ഇടപെടലുകളിലൂടെ വലിയൊരു സംഘർഷമായി മാറുന്നതാണ് സച്ചി രചനയും സംവിധാനവും നിർവ്വഹിച്ച മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രമേയം. പലപ്പോഴായി പല സിനിമകളിലും ഇത്തരം ഏറ്റുമുട്ടലുകൾ കണ്ടിട്ടുണ്ടെങ്കിലും മനുഷ്യമനസ്സുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നുള്ള കഥപറച്ചിൽ രീതിയും വർത്തമാനകാല സാമൂഹ്യ അന്തരീക്ഷത്തിലൂടെയുള്ള സഞ്ചാരവും കൊണ്ട് അയ്യപ്പനും കോശിയ്ക്കും വേറിട്ട അസ്ഥിത്വം നൽകാൻ സംവിധായകന് സാധിച്ചു. ഏറ്റുമുട്ടൽ എന്നു കേൾക്കുമ്പോൾ പതിവ് നായക- വില്ലൻ ചട്ടക്കൂടിലല്ല അയ്യപ്പനും കോശിയും ഒരുക്കിയത് എന്നതാണ് ഈ സിനിമയെ വേറിട്ട് നിർത്തുന്നത്. ഇരു കഥാപാത്രങ്ങളും നന്മയെയും തിന്മയെയും വെവ്വേറ പ്രതിനിധാനം ചെയ്യുന്നവരല്ല. ഇരുവരിലും നന്മയും തിന്മയും ഇടകലർന്നു കിടപ്പുണ്ട്. ഇരുവരും നായകരും പലപ്പോഴും വില്ലൻമാരുമായി മാറുകയും ചെയ്യും. ഒരു നാടിന്റെ സാമൂഹ്യ‑രാഷ്ട്രീയ അന്തരീക്ഷമെല്ലാം ചേർത്തുവെക്കാൻ സാധിക്കുന്നിടത്ത് സിനിമ പതിവ് കച്ചവട സിനിമകളിൽ നിന്ന് ബഹുദൂരം മാറി നിൽക്കുകയും ചെയ്യുന്നു. മികച്ച ജനപ്രിയ ചിത്രമായി അയ്യപ്പനും കോശിയും മാറുമ്പോൾ അത് വിടപറഞ്ഞ സംവിധായകൻ സച്ചിയ്ക്കുള്ള ആദരവ് കൂടിയായി മാറുകയാണ്.

 

 

നാട്ടിൻപുറങ്ങളിൽ കാണാറുള്ള മുഴുക്കുടിയൻമാരുടെ തനിപ്പകർപ്പാണ് വെള്ളത്തിലെ മുരളി. പതിവ് മദ്യപാനി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി അഭിനയത്തിന്റെ തീഷ്ണതയാണ് ജയസൂര്യയുടെ മുരളിയെ വേറിട്ട് നിർത്തുന്നത്. മദ്യപാനം ആഘോഷമാക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് മാറി അയാൾ അനുഭവിക്കുന്ന വേദനയും ഒറ്റപ്പെടലും നിരാശയുമെല്ലാം മുരളിയിലൂടെ അവതരിപ്പിക്കപ്പെടുന്നു. ക്യാപ്റ്റന് ശേഷം മറ്റൊരു പ്രജേഷ് സെൻ ചിത്രത്തിലൂടെ ജയസൂര്യ വീണ്ടും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് വെള്ളത്തിലൂടെ.

 

 

കുസൃതി ചിരിയുമായി കാൽപ്പനികമായ ലോകത്ത് ജിവിക്കുന്ന കപ്പേളയിലെ ജെസ്സി എന്ന കഥാപാത്രത്തെ ഏറെ ഭംഗിയായി അവതരിപ്പിച്ചപ്പോൾ അന്ന ബെൻ മികച്ച നടിയായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ പ്രണയവും ജീവിതവും മനോവ്യാപാരങ്ങളും സൂക്ഷ്മമായ ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്ക്കരിക്കുകയായിരുന്നു അന്ന ബെൻ. ഈ ചിത്രത്തിന്റെ സംവിധായകൻ മുസ്തഫ മികച്ച നവാഗത സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

 

 

വസ്ത്രാലങ്കാരത്തിന് നളിനി ജമീലയ്ക്ക് ലഭിച്ച പ്രത്യേക ജൂറി പുരസ്ക്കാരവും ഏറെ ശ്രദ്ധേയമാണ്. ഡോക്യുമെന്ററികളിലൂടെ സിനിമാ രംഗത്ത് സജീവമായ മണിലാലിന്റെ ലൈംഗിക തൊഴിലാളികളുടെ കഥ പറയുന്ന ഭാരതപ്പുഴ എന്ന ചിത്രത്തിലൂടെയാണ് നളിനി ജമീലയ്ക്ക് പുരസ്ക്കാരം ലഭിച്ചത്. ഗതികേടുകൊണ്ട് ലൈംഗികത്തൊഴിലുമായി മുന്നോട്ടുപോകുന്ന ഒരു സ്ത്രീയുടെ അതിജീവന ശ്രമങ്ങളാണ് ഭാരതപ്പുഴ പറയുന്നത്. ജീവിതാനുഭവങ്ങൾ ചേർത്ത് നളിനി ജമീല അത് പൂർണ്ണമാക്കിയപ്പോൾ അത് അംഗീകാരമായി അവരെ തേടിയെത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.