ലോക്കേഷനുകളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ഈ മനോഹാരിത ഇവിടെയാണ്

പടിയറക്കടവ് ടൂറിസം പദ്ധതിയുടെ ഭാഗമായി മുളകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ ഒരുങ്ങിയപ്പോള്‍
പാത്താമുട്ടം: വലയേലലകളുടെ പച്ചപ്പും, താറാവിന്‍കൂട്ടങ്ങളും അസ്തമന സൂര്യന്റെ ചുവപ്പും, നെല്ലിന്റെ മണവുമായി ഒഴുകിയെത്തുന്ന നാടന്കാറ്റും സ്വന്തമാക്കിയ പടിയറക്കടവിന്റെ ഗ്രാമീണ സൗന്ദര്യം ഇനി ഏവര്‍ക്കും നുകരാം. നിരവധി സിനിമകളില്‍ നിറഞ്ഞു നിന്ന ഈ പ്രദേശത്തിന്റെ ഗ്രാമഭംഗി വിരുന്നെത്തുന്നവര്ക്കും സമ്മാനിക്കാന്‍ അവസരമൊരുക്കുന്നത് പനച്ചിക്കാട്, വാകത്താനം ഗ്രാമ പഞ്ചായത്തുകളും, മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്സംയോജനപദ്ധതിയും ഡിടിപിസിയും ചേര്‍ന്നാണ്.
ഡോക്ടര്‍ ലൗ, ഒരു ഇന്ത്യന്‍ പ്രണയകഥ, ഒരു മുത്തശ്ശിഗദ തുടങ്ങി നിരവധി സിനിമകള്‍ക്ക് ഈ പ്രദേശം ലൊക്കേഷന്‍ തീര്‍ത്തിട്ടുണ്ട്.
വാകത്താനം പനച്ചിക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ പാത്താമുട്ടം പ്രദേശത്തോട് ചേര്‍ന്നാണ് കൊടൂരാറിന്റെ തെക്കന്‍ കൈവഴി ഒഴുകിവരുന്ന വയലേലകളാല്‍ സമൃദ്ധമായ പടിയറക്കടവ് ടൂറിസം കേന്ദ്രം.
കൊടൂരാറിന്റെ ഈ പ്രദേശത്തെ കൈവഴിക്ക് ശരാശരി ഒരു തോടിന്റെ വീതിയേ വരൂ. സമൃദ്ധമായ നെല്‍വയലുകളുടെ മദ്ധ്യത്തിലൂടെ ഒഴുകി വാകത്താനത്തിന് പടിഞ്ഞാറായ എത്തുമ്പോള്‍ കൊടൂരാര്‍ രണ്ടായി പിരിഞ്ഞ് ഒഴുകുന്നു: വീണ്ടും ഒന്നു ചേരുന്നു.അങ്ങനെ മദ്ധ്യഭാഗത്തായി ഒരു നെല്‍വയല്‍ ദ്വീപു പോലെ കാണപ്പെടുന്നു.ഇതിന് ചുറ്റുമൊഴുകുന്ന ആറ്റില്‍ നിറയെ വിവിധ നിറത്തിലുള്ള ആമ്പലുകള്‍ കാണാം. ഇരുവശത്തും കുന്നിന് ചെരിവുകളാണ്. കിഴക്കുവശത്തെ മുന്നിലാണ് വാകത്താനത്തെ പ്രധാന കൃസ്ത്യന്‍ ദേവാലയമായ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി. വയലുകളുടെ മധ്യത്തിലൂടെ കുറുകെ റോഡുണ്ട്. പടിയറക്കടവ് പാലത്തിനടുത്ത് നിന്ന് തുടങ്ങുന്ന റോഡ് പള്ളിയുടെ താഴെയെത്തി രണ്ടായി പിരിയുന്നു.
ദ്വീപു പോലെ കാണപ്പെടുന്ന വയലിന്റെ തെക്കുപടിഞ്ഞാറേ മൂലയില്‍ നിന്നാണ് ചിങ്ങവനം ഇലക്ട്രോ കെമിക്കല്‍ ഫാക്ടറിയുടെ സമീപത്തുകൂടി കടന്നു പോകുന്ന പുത്തന്‍തോട് ആരംഭിക്കുന്നത്. ഇത് കോട്ടയം ചങ്ങനാശ്ശേരി പരമ്പരാഗത ജലപാതയിലാണ് വന്നു ചേരുന്നത്. ഈ തോട് ആഴം കൂട്ടി നവീകരിച്ചാല്‍ ഭാവിയില്‍ പടിഞ്ഞാറന്‍ കായല്‍മേഖലയില്‍ നിന്ന് ജലഗതാഗത മാര്‍ഗ്ഗത്തിലൂടെ ഇവിടെ എത്തിച്ചേരാന്‍ സാധിക്കും.
ദ്വീപായി കാണുന്ന വയലിന്റെ വടക്കു കിഴക്കേ മൂലയില്‍ നിന്നാണ് ചരിത്ര പ്രാധാന്യമുള്ള വാകത്താനം തോട് ആരംഭിക്കുന്നത്. വാകത്താനം തോട് വന്നു ചേരുന്ന ചെരുവിലെ കടവിനോട് കൊട്ടാരം ഭഗവതി ക്ഷേത്രവും വടക്കുഭാഗത്തായി ധര്‍മ്മശാസ്താവു ക്ഷേത്രവും പനയ്ക്കല്‍കാവ് ക്ഷേത്രവും, പടിയറക്കടവിനോട് ചേര്‍ന്ന് ചരിത്രപ്രാധാന്യമുള്ള പാത്താമുട്ടം ശ്രീവിഷ്ണു ശിവക്ഷേത്രവും കാണാം. ഒക്കെയും വയലുകളും മലഞ്ചെരിവുകളും ഇടവിട്ടുകിടക്കുന്ന പ്രദേശങ്ങള്‍ തന്നെ.
പള്ളം ഞാലിയാകുഴി റോഡില്‍ പരുത്തുംപാറയും പാറക്കുളവും കഴിഞ്ഞ് സെന്റ് ഗിററ്സ് എന്‍ജിനീയറിംഗ് കോളജിലേയ്ക്കുള്ള വഴിയിലൂടെ വന്നാല്‍ പടിയറക്കടവിലെത്താം. തെങ്ങണ തിരുവഞ്ചൂര്‍ ബൈപ്പാസിലൂടെ വരുന്നവര്‍ക്ക് ഞാലിയാകുഴിയില്‍ നിന്ന് വാകത്താനം സെന്റ് ജോണ്‍സ് ഓര്ത്തഡോക്സ്പള്ളിയിലേയ്ക്കുള്ള വഴിയിലൂടെയും എത്താം.
പടിയറക്കടവിന്റെ ടൂറിസം സാധ്യത മുന്‍നിര്‍ത്തി വലിയ പദ്ധതികളാണ് ഇവിടെ ഒരുങ്ങുന്നത്. അതിന്രെ ഭാഗമായി ഇന്ന് വയലരങ്ങിന് തുടക്കമാവും. എല്ലാദിവസവും വൈകിട്ട് 5ന് കലാപരിപാടികള്‍ ആരംഭിക്കും. കുടുംബശ്രീ ഒരുക്കുന്ന നാടന്‍ ഭക്ഷ്യമേള, വയല്‍നടത്തം, ജലയാത്ര, മീന്‍പിടുത്തം എന്നിവയ്ക്കൊപ്പം പരുന്താട്ടം, നാടന്‍പാട്ട്, കോമഡിഷോ, ഗാനമേള എന്നിവ യും ഉണ്ടാവും. വാകത്താനം ഓര്‍ത്തഡോക്സ് പള്ളിയുടെ കവാടം മുതല്‍, പടിയറക്കടവ് വരെയുള്ള റോഡിലാണ് വൈദ്യുത ദീപാലാങ്കാരങ്ങളുടെ നടുവിലൂടെ സായാഹ്നസവാരിക്ക് അവസരമൊരുങ്ങുന്നത്.