Tuesday
19 Feb 2019

പിതാവും പുത്രനും പുറത്തേക്കില്ല

By: Web Desk | Wednesday 1 August 2018 7:53 PM IST

കെ കെ ജയേഷ്

കോഴിക്കോട്: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട വാര്‍ത്തകളും മീശ എന്ന നോവലിനെതിരെയുള്ള ഉറഞ്ഞു തുള്ളലുകളും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയരുന്ന കാലത്ത് കോടികള്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ തങ്ങളുടെ സിനിമയെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഒരു സംവിധായകനും നിര്‍മ്മാതാക്കളും. സിനിമയോടുള്ള ഒരു വിഭാഗത്തിന്‍റെ ശക്തമായ എതിര്‍പ്പും ഇത്തരക്കാര്‍ക്ക് സഹായകരമാകുന്ന നിലപാട് സ്വീകരിച്ച സെന്‍സര്‍ ബോര്‍ഡും ചേര്‍ന്നാണ് ടി ദീപേഷ് എന്ന സംവിധായകന്‍റെ ‘പിതാവിനും പുത്രനും’ എന്ന സിനിമയെ തകര്‍ത്തെറിഞ്ഞത്.

സംവിധായകനായ ദീപേഷിന്‍റെ കഥയ്ക്ക് കളിയാട്ടം ഉള്‍പ്പെടെയുള്ള സിനിമകളുടെ തിരക്കഥാകൃത്തായ ബല്‍റാം മട്ടന്നൂരായിരുന്നു തിരക്കഥയും സംഭാഷണങ്ങളും രചിച്ചത്. എല്‍സിറ്റ, ജസീന്ത എന്നീ പേരുകളുള്ള രണ്ട് കന്യാസ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമ മതങ്ങള്‍ക്കുള്ളിലെ നന്മ തിന്മകളടെ കഥയായിരുന്നു പറഞ്ഞത്. സിനിമ ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണ് സിനിമയെന്ന് പറഞ്ഞ് ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്ത് വന്നു. എല്ലാം നേരിട്ട് ചിത്രീകരണം പൂര്‍ത്തിയാക്കി സെന്‍സറിംഗിന് അയച്ചു. എന്നാല്‍ സിനിമ കണ്ടു കഴിഞ്ഞ ശേഷം അഞ്ചംഗ സെന്‍സറിങ് കമ്മിറ്റി സംവിധായകനെയും തിരക്കഥാകൃത്തിനെയും വിളിച്ചു വരുത്തി. സിനിമ പുറത്തിറങ്ങിയാല്‍ മതവികാരം വ്രണപ്പെടുമെന്നും നാട്ടില്‍ കലാപമുണ്ടാകുമെന്നും അതുകൊണ്ട് ചിത്രത്തിന് അനുമതി നല്‍കാനാവില്ലെന്നുമായിരുന്നു കമ്മിറ്റിയുടെ അഭിപ്രായം. അത്തരം രംഗങ്ങളൊന്നും ചിത്രത്തിലില്ലെന്നും അഥവാ ഉണ്ടെങ്കില്‍ ആവശ്യപ്പെടുന്ന ഏത് രംഗവും വെട്ടിമാറ്റാന്‍ തയ്യാറാണെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും കമ്മിറ്റി അനുവദിച്ചില്ല. തുടര്‍ന്ന് ചിത്രം റിവൈസിംഗ് കമ്മിറ്റിയുടെ മുമ്പില്‍ എത്തിയെങ്കിലും സമാനമായ അവസ്ഥ തന്നെയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് കോടിയോളം രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയ ചിത്രമായിരുന്നു പിതാവിനും പുത്രനുമെന്ന് ദീപേഷ് ജനയുഗത്തോട് പറഞ്ഞു.

മൂന്നാറായിരുന്നു ലൊക്കേഷന്‍. പള്ളിയുള്‍പ്പെടെ സെറ്റിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹണി റോസ്, സണ്ണി വെയിന്‍, വി കെ പ്രകാശ്, സാബു സിറിള്‍, സത്താര്‍, രാജ്ശ്രീ പൊന്നപ്പ, ശാരി ഉള്‍പ്പെടെയുള്ള നടീനടന്‍മാരായിരുന്നു വേഷമിട്ടത്. സിസ്റ്റര്‍ എല്‍സിറ്റയായി പ്രമുഖ നടി ഹണി റോസ് വേഷമിട്ടപ്പോള്‍ സിസ്റ്റര്‍ ജസീന്തയായത് കന്നട നടി രാജ്ശ്രീ പൊന്നപ്പയായിരുന്നു. മദറിന്റെ വേഷത്തില്‍ ശാരിയെത്തി. താന്‍ സംവിധാനം ചെയ്ത ഏറ്റവും ചെലവുള്ള ചിത്രവുമായിരുന്നു ഇത്. അതുകൊണ്ട് തന്നെ സിനിമ പുറത്തിറക്കാന്‍ പല വാതിലുകള്‍ മുട്ടിയെങ്കിലും ഒന്നും തുറക്കപ്പെട്ടില്ലെന്നും ദീപേഷ് പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡും മറ്റ് അധികൃതരും ഇത്തരത്തില്‍ തഴയുമ്പോള്‍ മതവിശ്വാസികളെന്ന പേരില്‍ ഒരു വിഭാഗം തന്നെ അതിരൂക്ഷമായി അക്രമിക്കുകയായിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെ അത്ര സജീവമല്ലാത്തതുകൊണ്ട് കോയിന്‍ ബോക്‌സില്‍ നിന്നായിരുന്നു ഫോണിലേക്കുള്ള തെറിവിളി. ഒരാളെ അക്രമിക്കാന്‍ കത്തിയുപയോഗിക്കേണ്ട ആവശ്യമില്ല. കുടുംബത്തെ തെറിപറഞ്ഞാല്‍ ആരും തകര്‍ന്നുപോകും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തെറിവിളികള്‍കേട്ട ഒരു സംവിധായകന്‍ താനായിരിക്കുമെന്നും ദീപേഷ് പറയുന്നു.
ആഴ്ചപ്പതിപ്പ് പിന്‍വലിച്ച മീശ എന്ന നോവല്‍ എഴുത്തുകാരന്‍ പുസ്തകമാക്കി പുറത്തിറക്കുകയാണ്. എന്നാല്‍ കോടികള്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ തന്‍റെ സിനിമ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. മനം മടുത്ത ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സിനിമയെ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. അത്രയേറെ തെറിവിളികള്‍ അദ്ദേഹവും കേട്ടിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് വേണ്ടി ഇനിയും സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സിനിമയെ ഉപേക്ഷിക്കുകയാണെന്നുമാണ് അദ്ദേഹം പറയുന്നത്.

കോണ്‍വെന്‍റിന്‍റെ പശ്ചാത്തലത്തില്‍ ഒരു സിനിമയൊരുക്കുക എന്ന സംവിധായകന്‍റെ ആഗ്രഹ പൂര്‍ത്തീകരണമായിരുന്നു പിതാവിനും പുത്രനും. എട്ടുമാസത്തോളം ബൈബിള്‍ പഠിച്ചാണ് ബല്‍റാം മട്ടന്നൂര്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. ക്രിസ്തീയ മതത്തിന്‍റെ ലക്ഷ്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുകയായിരുന്നു സിനിമ. ശാരീരിക പ്രണയത്തിന്‍റെ കാലത്ത് മനസ്സിന്‍റെ പ്രണയം അവതരിപ്പിക്കുകയായിരുന്നു സിനിമയില്‍. ക്രൈസ്തവ മതവിശ്വാസികളും സഭയും അഭിനന്ദിക്കുമെന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തും കരുതിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഭീഷണികളും അതിക്രമങ്ങളുമാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്.

വര്‍ത്തമാനകാലത്ത് പല വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ പെട്ടിയില്‍ കിടക്കുന്ന ചിത്രത്തെക്കുറിച്ച് ഓര്‍ക്കാറുണ്ടെന്ന് സംവിധായകന്‍ പറയുന്നു. സിനിമയില്‍ ഒരു കന്യാസ്ത്രീ പറയുന്നുണ്ട്. ഞങ്ങള്‍ ദൈവത്തിന്‍റെ അടിമകള്‍ അല്ല.. സഭയുടെ അടിമകളാണെന്ന്. ഇന്ന് അടിമകളാക്കപ്പെട്ട കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. ധീരമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിച്ച സിനിമയാവട്ടെ എല്ലാവരാരും തഴയപ്പെട്ട് കിടക്കുന്നു. ഇക്കാര്യത്തില്‍ ആരും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്നില്ലെന്നും ദീപേഷ് പറഞ്ഞു. നേരത്തെ മുറിവ് എന്നൊരു ഹ്രസ്വചിത്രം ദീപേഷ് പുറത്തിറക്കിയിരുന്നു. ഇതിനെതിരെയും മതവിശ്വാസികള്‍ രംഗത്ത് വന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് പിതാവിനും പുത്രനും എന്ന സിനിമയെയും അവര്‍ അക്രമിച്ച് ഇല്ലാതാക്കിയത്. സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പെടെ അവര്‍ക്കൊപ്പം നിന്നപ്പോള്‍ തകര്‍ന്നുപോയത് ദീപേഷെന്ന സംവിധായകന്‍റെ വലിയൊരു സിനിമാ സ്വപ്നം കൂടിയായിരുന്നു. പണിയ വിഭാഗത്തില്‍ പെട്ട ഒരു കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന കറുപ്പ് എന്നൊരു ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ദീപേഷിപ്പോള്‍.