2.0 വിസ്മയക്കാഴ്ചകളുടെ കുടമാറ്റം

രാജഗോപാല്‍ രാമചന്ദ്രന്‍
Posted on November 29, 2018, 8:56 am
രജനികാന്ത്… ശങ്കര്‍… എ ആര്‍ റഹ്മാന്‍… ഇന്ത്യന്‍ സിനിമയിലെ വിസ്മയങ്ങള്‍ വീണ്ടും ഒന്നിച്ച 2.0 എന്ന ചിത്രം പ്രേക്ഷകരെ പിരിമുറുക്കത്തിന്‍റെ പാരമ്യതയിലെത്തിച്ചിട്ട് വര്‍ഷങ്ങളായി. 2010ല്‍ യന്തിരന്‍ സൃഷ്ടിച്ച അത്ഭുതത്തിനപ്പുറമായിരിക്കും രണ്ടാം ഭാഗമായി 2015 ല്‍ പ്രഖ്യാപിച്ച 2.0 എന്ന് ശങ്കറിനെ അറിയാവുന്ന ഇന്ത്യന്‍ പ്രേക്ഷകര്‍ക്കുറപ്പായിരുന്നു. ഇന്ന് പുലര്‍ച്ചെ തന്നെ ആ പിരിമുറുക്കത്തിന് വിരാമമിട്ടുകൊണ്ട് 2.0 തിയേറ്ററിലെത്തി.
വസീഗരന്‍ എന്ന റോബോശാസ്ത്രജ്ഞനും അദ്ദേഹം സൃഷ്ടിച്ച ചിട്ടി എന്ന റോബോര്‍ട്ടും (രണ്ടും രജനീകാന്ത്) തന്നെയാണ് 2.0 ലെയും പ്രധാന ആകര്‍ഷണം. ഭാവാഭിനയത്തിന്‍റെ ആവശ്യമില്ലാത്ത രണ്ടു വേഷങ്ങളിലും ഇന്ത്യന്‍ സിനിമിയില്‍ തനിക്ക് മാത്രം അവകാശപ്പെടുന്ന ആ കരിസ്മ കൊണ്ട് രജനീകാന്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
‘യന്ത്ര’ങ്ങളുടെ ജീവിതമായതുകൊണ്ട് പതിവ് തമിഴ് ഫോര്‍മുലയായ ‘അപ്പാ… അമ്മ… തങ്കച്ചി… മനൈവി’ കഥയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കല്ല, പകരം തിയേറ്ററിലെ രണ്ടര മണിക്കൂര്‍ ഗ്രാഫിക്‌സ് ആഡംബരത്തിലൂടെ അവന്‍റെ കാഴ്ചയിലാണ് യന്തിരനെപോലെ 2.0യും വിസ്മയം തീര്‍ക്കുന്നത്. കുട്ടികളെയുള്‍പ്പെടെ വിസ്മയിപ്പിക്കുന്നതില്‍ സംവിധായകനായ ശങ്കര്‍ വിജയിച്ചിട്ടുമുണ്ട്.
എമി ജാക്‌സണ്‍ അവതരിപ്പിച്ച നിലയെന്ന വനിതാ റോബോര്‍ട്ടാണ് പ്രധാന സ്ത്രീവേഷം. ടെലിഫോണ്‍ സംഭാഷണത്തിലൂടെ യന്തിരനില്‍ ഐശ്വര്യാ റായി അവതരിപ്പിച്ച സനയെന്ന കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെങ്കിലും പ്രധാന വേഷങ്ങളിലൊന്നും മറ്റു സ്ത്രീകഥാപാത്രങ്ങളില്ല.

ന്യൂജന്‍ ജീവിതത്തിന്‍റെ അഭിവാജ്യഘടകമായ മൊബൈലും അതിന്‍റെ ‘റെയിഞ്ച്’ കൂട്ടാന്‍ കമ്പനികള്‍ നടത്തുന്ന വൃത്തികെട്ട മത്സരത്തിന്‍റെ ഭാഗമായുള്ള റേഡിയേഷന്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളുമാണ് 2.0യുടെ പ്രമേയം. പക്ഷിരാജ എന്ന പക്ഷിസ്‌നേഹിയുടെ രൂപത്തില്‍ നിന്ന് പക്ഷിയെന്ന  വില്ലന്‍ ‘ജീവി’ യിലേക്കുള്ള അക്ഷയ് കുമാറിന്‍റെ രൂപമാറ്റം പ്രേക്ഷകരുടെ ഉള്ളിലുണ്ടാക്കുന്ന വലിയ നൊമ്പരം, അക്ഷയ് കുമാര്‍ എന്ന ബോളിവുഡ് സൂപ്പര്‍താരം എന്തുകൊണ്ട് ഇത്തരം ഒരു രജനീകാന്ത് ചിത്രത്തിലെ ഒരു വില്ലന്‍ കഥാപാത്രമായി തെന്നിന്ത്യയിലെത്തിയതെന്ന പ്രേക്ഷക ചോദ്യത്തിന്‍റെ ഉത്തരമാണ്.  വില്ലനാവട്ടെ, നായകനാവട്ടെ തന്‍റെ വേഷം പ്രേക്ഷകരിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതായിരിക്കുമെന്ന് ശങ്കര്‍ ഈ ചിത്രത്തിന്‍റെ കഥാപാത്രവുമായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ തന്നെ അക്ഷയ് കുമാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവാം.
പ്രധാനപ്പെട്ട ഒരു വേഷത്തില്‍ കലാഭവന്‍ ഷാജോണ്‍ എന്ന മലയാളി നടന്‍റെ സാന്നിധ്യമുണ്ട്. അന്യന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ ചില രംഗങ്ങളെ പലയിടത്തും ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും ഗ്രാഫിക്‌സ് വിസ്മയം കൊണ്ട് അതിലും വ്യത്യസ്തത പുലര്‍ത്താന്‍ ശങ്കറിനാവുന്നു.
550 കോടിയോളം മുതല്‍മുടക്കിയെന്നവകാശപ്പെടുന്ന ഈ ചിത്രത്തില്‍ വിസ്മയം തീര്‍ക്കാന്‍ ശങ്കറിനോടൊപ്പമുള്ളത് ക്യാമറാമാനായ നീരവ് ഷായും എഡിറ്ററായ അന്തോണിയുമാണ്. ഗ്രാഫിക്‌സ്- സൗണ്ട് വിസ്മയവുമായി അന്തര്‍ദേശീയ വിദഗ്ധര്‍ കൂടിയാകുമ്പോള്‍ പ്രേക്ഷകന്‍റെ കണ്ണിനും കാതിനും 2.0 പുതിയൊരനുഭവമാകുന്നുണ്ട്.
സ്ഥിരം കുടുംബപശ്ചാത്തലത്തിലൂടെ കഥപറഞ്ഞുപോകാത്ത ചിത്രമായിരുന്നു യന്തിരന്‍. അതില്‍ പ്രണയവും ഗാനങ്ങളും കുടുംബവുമൊക്കെ ആവശ്യത്തിന് ചേര്‍ത്തിരുന്നെങ്കില്‍ 2.0യിലെത്തുമ്പോള്‍ പ്രണയവും ഗാനവുമൊക്കെ മാറിനില്‍ക്കുന്നു. വില്ലന്‍ കഥാപാത്രമായ പക്ഷിരാജ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്‌നങ്ങള്‍ ന്യൂജന്‍ ജീവിതത്തിന്‍റെ ഭാഗമായി നമ്മള്‍ സൃഷ്ടിക്കുന്ന ‘സൗകര്യ’ങ്ങള്‍ പ്രകൃതിയെയും നമ്മളെ പോലെ ഈ മണ്ണില്‍ ജീവിച്ച് മരിക്കാന്‍ അധികാരമുള്ള പക്ഷികളെയും എങ്ങനെ ബാധിക്കുന്നുവെന്ന് കാണിക്കുന്നു. ആ തലത്തില്‍ നോക്കിയാല്‍ 2.0 എന്ന ചിത്രം ഇന്നത്തെ കാലം ആവശ്യപ്പെടുന്ന ഒരു ചിത്രമാണ്. പ്രത്യേകിച്ചും രജനീകാന്ത് എന്ന ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറെ വച്ച് ഇത്തരമൊരു നല്ല സന്ദേശമുള്ള ചിത്രം നല്‍കാന്‍ ശ്രമിച്ചു എന്നതില്‍ ശങ്കറിനും അഭിമാനിക്കാം.

വ്യത്യസ്തസിനിമകളുടെ അപ്പോസ്തലന്‍മാരെന്ന് അവകാശപ്പെടുന്ന മലയാള സിനിമാ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തികൊണ്ട് അരുവി, രാക്ഷസന്‍, 916, പെരിയാരും പെരുമാളും ഇങ്ങനെ കേരളത്തില്‍ നിന്നും കാശുവാരുന്ന നിരവധി തമിഴ് ചിത്രങ്ങള്‍ ഈ വര്‍ഷം ഇറങ്ങിക്കഴിഞ്ഞു. ഇതിനിടയില്‍ അപ്പ… അമ്മ… തങ്കച്ചി… വിളികളില്ലാത്ത. കുടുംബബന്ധത്തിന്‍റെ കഥയും തീവ്രമായ അഭിനയമുഹൂര്‍ത്തങ്ങളുമില്ലാത ഒരു തമിഴ് ചിത്രം നേരം വെളുക്കും മുമ്പു തന്നെ കേരളത്തിലെ തിയേറ്ററുകളില്‍ പ്രേക്ഷകരെ കുത്തിനിറച്ച് ‘ഹൗസ് ഫുള്‍’ ബോര്‍ഡ് വയ്ക്കാന്‍ നിര്‍ബന്ധിതമാക്കുന്നുവെങ്കില്‍… അത് രജനീകാന്ത്, ശങ്കര്‍, എ ആര്‍ റഹ്മാന്‍ എന്നീ വിസ്മയങ്ങളുടെ വെള്ളിത്തിരയിലെ കുടമാറ്റം കാണാനുള്ള പ്രേക്ഷകരുടെ ഹൃദയാഭിലാഷമാണ്.