അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതം ; ഷോപ് ലിഫ്റ്റേഴ്‌സ്

Web Desk
Posted on December 13, 2018, 4:46 pm

ഹരികുറിശേരി

 ഒരു സൂപ്പർ മാർക്കറ്റിലെ പല റാക്കുകളിൽ നിന്നും എടുത്തു ചേർത്ത് വച്ചതു പോലെയായിരുന്നു ആ കുടുംബം എന്ന് ആരറിഞ്ഞു. 
വലിയ ലോകത്തിൽ അവർക്കു അവരുടെ സന്തോഷം കണ്ടെത്താൻ അർഹതയില്ലേ. നിയമം അനുശാസിക്കുന്ന പോലെ ജീവിക്കാൻ പണം വേണം. പണം ഇല്ലാതെ സന്തോഷമായി ജീവിക്കാൻ നിയമത്തിനെ മറക്കേണ്ടി വരും. അരികു വൽക്കരിക്കപ്പെട്ടവർ കുടുംബം, ദാമ്പത്യം ‚സ്നേഹം,കാമം, ഭക്ഷണം എന്നിവ ആസ്വദിക്കേണ്ടെന്നാണോ ?
ഇത്തരം എണ്ണമറ്റ ചോദ്യങ്ങളാണ് ഹിരോകസു കൊറിദയുടെ ഷോപ് ലിഫ്റ്റേഴ്സ്  എന്ന ജാപ്പനീസ് ചലച്ചിത്രം ഉയർത്തുന്നത്.
മധ്യവയസിലെത്തിയ ഒസാമുവും മകൻ
ഷോട്ടയും   സൂപ്പർ മാർക്കറ്റുകളിൽ നിന്നും അവർക്കാവശ്യമുള്ളത് വിദഗ്ദ്ധമായി എടുക്കുകയാണ് പതിവ്.
സമ്പാദിക്കാനല്ല ജീവിക്കാൻ മാത്രമാണത്. ഒരു തണുത്തരാത്രി യാത്രയിൽ ഉറ്റവരുണ്ടെങ്കിലും വീടിനു പുറത്തായ ഒരു നാലു വയസുകാരി അവർക്കൊപ്പം ചേരുന്നു. അവളെയും മോഷണം പഠിപ്പിക്കുന്നു. ഒരു കൂരക്കു കീഴിൽ മുത്തശി മകൻ മരുമകൾ കൊച്ചുമകൾ കൊച്ചുമകൻ എന്ന കുടുംബചിത്രത്തിലേക്കാണ് മകളായി അവൾ ചേർക്കപ്പെടുന്നത്. വിവിധ കാരണങ്ങളാൽ കുടുംബം എന്ന ലോകത്തു നിന്നും ബഹിഷ്കൃതരായവരുടെ ഒരു കൂട്ടായ്മയായിരുന്നു ആ കുടുംബം. പല നിയമ ലംഘനങ്ങളുടെ ഒരുമിക്കൽ. ആനന്ദമുള്ള  കുടുംബജീവിതത്തിനിടെ  മുത്തശി മരിക്കുന്നു. സംസ്കാര ചിലവുകൾ താങ്ങാൻ കുടുംബത്തിന് ആവില്ല. സ്വകുടുംബം വിട്ട് താമസിക്കുന്ന വയോധികയുടെ രഹസ്യത്തോടും ഈ കുടുംബത്തിന് ബാധ്യതയുണ്ട് .  അവരെ എല്ലാവരും ചേർന്ന് താമസസ്ഥലത്തു തന്നെ കുഴിച്ചു മൂടുന്നു.
പുറത്തെ ലോകത്തുള്ള സന്മാർഗിയായ ഒരു കടയുടമ ഷോട്ടയക്കു കൊടുത്ത ഉപദേശമായിരുന്നു അനിയത്തിയെ കള്ളം പഠിപ്പിക്കരുത്. സന്മാർഗ ചിന്ത അവനെ പതിവു ശൈലി വിട്ടുള്ള ഒരു കവർച്ചയിലെത്തിക്കുകയും പരുക്കേറ്റ അവൻ കയ്യോടെപിടിക്കപ്പെടുകയും കുടുംബം മുഴുവൻ കെണിയിലാവുകയും ചെയ്തു.

വയോധികയുടെ മരണം കൊലപാതകമോ, കുട്ടികളെ കവർന്നതെന്തിന് ,  വീട്ടമ്മ ഒരു കൊലപാതകത്തിൽ പങ്കാളിയല്ലേ, മോഷണം എന്തിനു ചെയ്തു. അന്വേഷണങ്ങൾക്കും വിചാരണ കൾക്കും ഒടുവിൽ അവരുടെ കുടുംബം അധികൃതർ പൊളിച്ചു. വീട്ടമ്മയെ തടവിലാക്കി. കുട്ടികളെ മാതാപിതാക്കളെ കണ്ടെത്തി കൈമാറാൻ നടപടിയായി. തെരുവിൽ വീണ്ടും ഒറ്റയ്ക്കായ ഒസാമു ഷോട്ടയെ യാത്രയാക്കുന്ന ബസിനു പിന്നാലേ വിഹ്വലനായി ഓടുന്ന ഒറ്റ രംഗം മതി ഷോപ് ലിഫ്റ്ററിന് ലോക ചലച്ചിത്ര ചരിത്രത്തിലിടം കിട്ടാൻ.
കാൻസ്, ടൊറാന്റോ അന്തർദ്ദേശീയ മേളകളിലേക്കു തിരഞ്ഞെടുത്ത സിനിമയാണിത്.
വല്ലാതെ പിന്തുടരുന്ന ഒരു സിനിമ.

https://youtu.be/9382rwoMiRc