Janayugom Online
chalakudikkaran changaathi

ചാലക്കുടിക്കാരന്‍ ചങ്ങാതിയിൽ വീണ്ടും മണിമുഴക്കം

Web Desk
Posted on October 03, 2018, 4:21 pm
KSR palliseri

കെ എസ് ആർ പല്ലിശ്ശേരി

ചലച്ചിത്ര ആസ്വാദനം 

ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും കയ്യിലെടുക്കാനും അസാമാന്യ കഴിവുള്ള കലാകാരനായിരുന്നു കലാഭവന്‍മണി. തന്റെ ജന്‍മദേശമായ ചാലക്കുടിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചല്ലാതെ മണിക്ക് മറ്റൊരു ജീവിതമുണ്ടായിരുന്നില്ല. നാട്ടിലും വീട്ടിലും നിറഞ്ഞുനിന്ന മണി ഒരു കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ജാതി-മത‑രാഷ്ട്രീയം നോക്കാതെ തന്നാല്‍ കഴിയുന്ന രീതിയില്‍ സഹായം ചെയ്തിരുന്നു.
ഒടുവില്‍ മണി എല്ലാവരെയും വിട്ടുപോയി. അതിന്റെ യഥാര്‍ഥ കാരണങ്ങളിപ്പോഴും അവ്യക്തം. സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് മണിയെ ആദരിച്ചുകൊണ്ട് പ്രശസ്ത സംവിധായകന്‍ വിനയന്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ സംവിധാനം ചെയ്ത് തീയറ്ററുകളില്‍ എത്തിച്ചത്.
ചാലക്കുടിക്കാരന്‍ ചങ്ങാതി ആദ്യ ഷോ മുതല്‍ പ്രേക്ഷകര്‍ മണിയെ കാണാന്‍ വന്നുകൊണ്ടിരുന്നു. ഓരോ ഷോ കഴിയന്തോറും പ്രേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരുന്നു.
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന് എഴുതിക്കാണിക്കുന്നതു മുതല്‍ തുടങ്ങിയ കയ്യടി സിനിമ തീരുന്നതുവരെ ഇടക്കിടക്ക് നീണ്ടുനിന്നു. അതിനിടയില്‍ ഹൃദയഭേദകമായ രംഗങ്ങള്‍ കണ്ട് കണ്ണ് നിറഞ്ഞ സ്ത്രീകള്‍, കണ്ണ് നനഞ്ഞ പുരുഷന്‍മാര്‍. സിനിമ അവസാനിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. കലാഭവന്‍മണിക്ക് വിനയന്‍ നല്‍കിയ ജീവനുള്ള സ്മാരകമാണ് ഈ സിനിമ.

കുറ്റങ്ങളും കുറവുകളും തലനാരിഴ കീറിമുറിച്ച് വിമര്‍ശിക്കുന്നവര്‍ ഉണ്ടാകാം. അതേസമയം പ്രേക്ഷകരെ ആസ്വദിപ്പിക്കാന്‍ കഴിയുന്നതായിരിക്കണം സിനിമ. വിനയന്‍ എന്ന സംവിധായകന് അത് സാധിച്ചിരിക്കുന്നു.
vinayan at the set of chalakudikkaran
വിനയൻ ചിത്രത്തിന്റെ സെറ്റിൽ രാജാമണിയുടെ സെൽഫിയിലേക്ക്
വിനയന്‍ കലാഭവന്‍മണിയെക്കുറിച്ച് സിനിമ ചെയ്യാന്‍ പോകുന്നെന്ന് മണി അനുസ്മരണയോഗത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു സംശയം. എങ്ങനെ? അത്രമാത്രം ജനപ്രിയനായ ഒരു നടനെക്കുറിച്ച് എങ്ങനെയായിരിക്കും വിനയന്‍ ചിത്രീകരിക്കുന്നത്. വിനയന്‍ വാക്ക് പാലിച്ചു.

ഒരു മനുഷ്യന്റെ കുറ്റങ്ങളും കുറവുകളും നന്‍മകളും വളര്‍ന്ന സാഹചര്യവും ജാതിയുടെയും നിറത്തിന്റെയും പേരില്‍ അനുഭവിച്ച വേദനകളും അമര്‍ഷവും എല്ലാം ഏറെക്കുറെ സത്യസന്ധമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. കലാഭവന്‍മണിയുടെ ആദ്യകാലം മുതല്‍ മരണം വരെ രണ്ട് മണിക്കൂര്‍ 40 മിനിട്ടാണ് സിനിമ.
കരയാത്തവര്‍ക്ക് സമ്മാനം കൊടുക്കണം
ഈ സിനിമ കണ്ട് കണ്ണുകള്‍ നനഞ്ഞവര്‍ മറ്റുള്ളവര്‍ കേള്‍ക്കെ വിളിച്ചുപറഞ്ഞു.
‘ഈ സിനിമ കണ്ട് കരയാത്തവര്‍ക്ക് സമ്മാനം നല്‍കണം. 25-ാം ദിവസത്തെ പോസ്റ്ററില്‍ അച്ചടിക്കണം’. ഇതൊരു വെറുംവാക്കല്ല.

ഒരു സിനിമ എങ്ങനെ വിജയിപ്പിക്കണമെന്ന് വിനയനറിയാം. പ്രേക്ഷകരുടെ പള്‍സ് അറിയാം. അതറിയണമെങ്കില്‍ വിനയന്റെ ആദ്യസിനിമ മുതല്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ വരെ പരിശോധിച്ചാല്‍ മതി.
ഒരു പാന്റ് മാത്രം കൈമുതലുള്ള മണി പകല്‍ ഓട്ടോറിക്ഷ ഓടിച്ച് അതേ പാന്റ് ധരിച്ച് രാത്രി കലാപരിപാടികള്‍ക്ക് പോകുന്ന രംഗം പലപ്രാവശ്യം കണ്ണുകള്‍ നനക്കുന്ന സിനിമയുടെ ഒരു സീന്‍ മാത്രം.

രാജാമണി ഒരു പ്ലസ് പോയിന്റ്
തന്റെ സിനിമകളിലൂടെ നിരവധി നടീനടന്‍മാരെയാണ് നായകസ്ഥാനത്തും നായികസ്ഥാനത്തും വിനയന്‍ കൊണ്ടുവന്നിട്ടുള്ളത്. കലാഭവന്‍മണിയെ ഏതു വലിയ നടനോടൊപ്പവും നില്‍ക്കാന്‍ ശക്തനായ നിലയിലേക്ക് വളര്‍ത്തിയത് വിനയന്റെ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടന്‍’ അടക്കമുള്ള സിനിമകളാണ്.
കറുത്തവന്‍ എന്ന് പറഞ്ഞ് പല നടന്‍മാരും നടികളും കലാഭവന്‍മണിക്ക് അയിത്തം കല്‍പിച്ചപ്പോള്‍ ആ കലകാരനെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി വളര്‍ത്താനും അംഗീകരിക്കാനും വിനയന്‍ നല്‍കിയ സംഭാവന ചെറുതല്ല.
മണിയുടെ കഥ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരാണ് മണിയെ അവതരിപ്പിക്കുക? മലയാളസിനിമയില്‍ കഴിവുള്ളവരുണ്ട്. പക്ഷെ, അവര്‍ എത്ര നന്നായി അഭിനയിച്ചാലും മണിയാകില്ല, മണിയോടൊപ്പം വരില്ല.
ഒടുവില്‍ വിനയന്‍ ഒരു പുതുമുഖ നടനെ കണ്ടെത്തി. മണിയെപോലെ കറുത്ത നിറമുള്ള രാജാമണി. രാജാമണി ചാനലുകളില്‍ നല്ല അഭിനയം കാഴ്ചവച്ച കലാകാരനാണ്. ആ നടനെയാണ് മണിയായി അഭിനയിക്കാന്‍ ചങ്കൂറ്റത്തോടെ വിനയന്‍ കണ്ടെത്തിയത്. എന്നാല്‍ രാജാമണി കലാഭവന്‍മണിയായി നിറഞ്ഞാടുകയായിരുന്നു.
സിനിമ തുടങ്ങി ആറേഴ് മിനിറ്റ് കഴിയുമ്പോള്‍ പ്രേക്ഷകരെ മറ്റൊരു തലത്തിലേക്കാണ് കൊണ്ടുപോകുന്നത്. ആ മാറ്റമാണ് ഈ സിനിമയുടെ ബോക്‌സ് ഓഫീസ് വിജയം. ആ വിജയത്തിനു സഹായിച്ചതാകട്ടെ രാജാമണി എന്ന നായക കഥാപാത്രത്തിന്റെ തനിമയാര്‍ന്ന കൈയടക്കമുള്ള അഭിനയവും.
ഈ സിനിമ തന്നെ പാളിപ്പോകുന്ന ഒന്നാണ്. എന്നാല്‍ ഒരു സാധാരണ സിനിമാക്കാരനു അസാധാരണമായ മാനസികതലങ്ങളും മാനറിസങ്ങളും നല്‍കാന്‍ രാജാമണിക്കു കഴിഞ്ഞു. മലയാളസിനിമക്ക് വിനയന്‍ സമ്മാനിച്ച മറ്റൊരു മണിയാണ് ശെന്തില്‍ എന്നു പേരുള്ള രാജാമണി.

ഒരുപാട് അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. ജോയ് മാത്യു, സുധീര്‍ കരമന, ജോജോ ജോര്‍ജ്, സലിംകുമാര്‍, വിഷ്ണുഗോവിന്ദ്, രമേഷ് പിഷാരടി, ധര്‍മജന്‍, ബോള്‍ഗാട്ടി, കോട്ടയം നസീര്‍, സുനില്‍ സുഗത, ഹണി റോസ്, മണിയുടെ കാമുകിയായി അഭിനയിച്ച നിഹാരിക, ശ്രീടോണി, കൃഷ്ണ, രാജാസാഹിബ്, കലാഭവന്‍ ഹനീഫ്, മണിയുടെ അമ്മയായി പുതുമുഖം മിനി, വിഷ്ണു (മണിയുടെ കുട്ടിക്കാലം) എന്നിങ്ങനെ നിരവധി അഭിനേതാക്കളുണ്ട്. ആരും മോശമാക്കിയില്ല, ബോറടിപ്പിച്ചില്ല എന്ന് പറയാതെവയ്യ.
സംവിധായകന് പിന്തുണയുമായി മലയാളിയും മുംബൈ നിവാസിയുമായ പ്രകാശ് കുട്ടി എന്ന ക്യാമറമാന്‍ കൈയടി നേടിയത് തന്നെ ഏല്‍പിച്ച ജോലി സമര്‍ഥമായി ചെയ്തതുകൊണ്ടാണ്. ഒരു സിനിമയില്‍ ഛായാഗ്രാഹകനു പലതും ചെയ്യാനുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് പ്രകാശ് കുട്ടി.
അതുപോലെതന്നെയാണ് ഈ ചിത്രത്തിലെ ഗാനങ്ങളും. കലാഭവന്‍മണി പാടിക്കേള്‍പിച്ച നാടന്‍പാട്ടിന്റെ ഈണവും ഭാവവും പുതിയ ഭാവതാളത്തില്‍ സമ്മാനിക്കാന്‍ ബിജിപാലിനു കഴിഞ്ഞിരിക്കുന്നു.
കലാഹൃദയമുള്ള ഒരു എഡിറ്ററുടെ സഹായം ഈ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. നല്ല സംവിധായകന്റെ സഹായി മാത്രമാണ് എഡിറ്റര്‍ എന്ന് പല സിനിമകളിലൂടെയും മനസിലാക്കിയവര്‍ തന്നെയാണ് വിനയന്‍ ചിത്രത്തിലും എഡിറ്ററുടെ താളാത്മകത നല്‍കിയത്. തങ്ങളുടെ സിനിമകളില്‍ സൂപ്പര്‍താരങ്ങള്‍ വേണമെന്ന് വാശിപിടിക്കുന്നവരാണ് പല നിര്‍മാതാക്കളും സംവിധായകരും. ഓരോരുത്തരും അവരവരുടെ ഗ്രൂപ്പുകളും സ്വന്തമാക്കിയിട്ടുണ്ട്. സൂപ്പര്‍താരങ്ങളെ വച്ച് സിനിമ സംവിധാനം ചെയ്ത വിനയന്‍ പുതുമുഖങ്ങളെയും സൂപ്പര്‍താരങ്ങളാക്കിയിട്ടുണ്ട്.
മണിയുടെ കഥ ഒട്ടും അതിശയോക്തി കലര്‍ത്താതെ ഭൂരിപക്ഷത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞതില്‍ വിനയന് അഭിമാനിക്കാം. നൂറ് ദിവസം ഈ സിനിമ ജനങ്ങള്‍ നെഞ്ചിലേറ്റും. സംശയം വേണ്ട.