Friday
22 Feb 2019

ലളിതം സുന്ദരം.. ഈ തീവണ്ടി

By: Web Desk | Wednesday 12 September 2018 11:01 AM IST

കെ കെ ജയേഷ്
സ്റ്റേഷനില്‍ വൈകിയെത്തിയതാണ് ഈ തീവണ്ടി. എന്നാല്‍ ആളുകളെ കയറ്റി.. പുറത്തെ സുന്ദരന്‍ കാഴ്ചകള്‍ കാട്ടി.. അത് മെല്ലെ വിജയത്തിലേക്ക് കുതിച്ചോടുകയാണ്. വ്യത്യസ്തമായ കഥയോ അവതരണമോ ഒന്നുമില്ലെങ്കിലും നാട്ടിന്‍ പുറത്തെ ലളിതമായ കാഴ്ചകളിലൂടെ.. രസകരമായ കഥാപാത്രങ്ങളിലൂടെ രസച്ചരട് മുറിയാതെ അവസാനം വരെ സഞ്ചരിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ കൊച്ചു ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. നായകനായ ബിനീഷ് ദാമോദരന്റെ സിഗറ്ററ് വലിയുടെ പശ്ചാത്തലത്തില്‍ ചെറിയൊരു പ്രണയവും ആക്ഷേപഹാസ്യവും ഇത്തിരി രാഷ്ട്രീയവുമെല്ലാം പറഞ്ഞ് തീവണ്ടി എളുപ്പം പ്രേക്ഷകരെ കൂടെ കൂട്ടുന്നു. വിരസമാവാത്തതാണ് തീവണ്ടിയിലെ  കാഴ്ചകള്‍.. അതുകൊണ്ട് തന്നെ മെല്ലെപ്പോകുന്ന ഈ പാസഞ്ചര്‍ വണ്ടിയില്‍ പ്രേക്ഷകര്‍ക്ക് മടുപ്പില്ലാതെ തന്നെ യാത്ര ചെയ്യാം.
എത്രയോ തവണ കണ്ടുമടുത്ത ഒരു ക്ലീഷേ രംഗത്തിലാണ് തീവണ്ടിയുടെ തുടക്കം. അകത്ത് പ്രസവവേദനയുമായി കരയുന്ന ഭാര്യ.. പുറത്ത് അസ്വസ്ഥനായി നടക്കുന്ന ഭര്‍ത്താവ്… സ്ഥിരം കഥ തന്നെ വീണ്ടും കാണേണ്ടിവരുമോ എന്ന ആശങ്കയിലിരിക്കെ കാഴ്ചകള്‍ മാറി. കോഴിക്കോട് ജില്ലയിലെ പയ്യോളിയെന്ന മനോഹരമായ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ (കഥയില്‍ പുള്ളിനാട്) നമ്മുടെ കഥാനായകന്‍ ബിനീഷ്  ദാമോദരന്‍ സിഗരറ്റ് വലിച്ച്  പഠിച്ച് പതിയെ പതിയെ അത് ആഞ്ഞാഞ്ഞ് വലിച്ച് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുന്നു.
സ്‌പോഞ്ചുപോലെയായ ശ്വാസകേശത്തെക്കുറിച്ച് പറഞ്ഞ് സിഗരറ്റ് കൂടിലെ ഭീകര ചിത്രം പോലെയായിപ്പോകാന്‍ സാധ്യതയുണ്ടായിരുന്ന പ്രമേയത്തെ അല്‍പ്പം പോലും ഉപദേശിക്കാതെ എരിയുന്ന സിഗരറ്റ് പകരുന്ന ലഹരിയേക്കാള്‍ ലഹരിയുള്ള ജീവിതാവസ്ഥകളെ കാട്ടിത്തന്ന് നല്ലൊരു എന്റര്‍ടെയ്‌നറാക്കുന്നതില്‍ നവാഗത സംവിധായകന്‍  ടി പി ഫെല്ലിനിയും തിരക്കഥാകൃത്ത് വിനി വിശ്വലാലും വിജയം  നേടുന്നു. 
നിര്‍ത്താതെ സിഗരറ്റ് വലിക്കുന്നവരെ പലയിടത്തും നാട്ടുകാര്‍ വിളിക്കുന്ന പേരാണ് തീവണ്ടിയെന്നത്. സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ വലിക്കാന്‍ തുടങ്ങിയ ബിനീഷ് ദാമോദരനും സ്വാഭാവികമായി ആ പേര് ചാര്‍ത്തിക്കിട്ടി. തീവണ്ടിയെപ്പോലെ നിര്‍ത്താതെ പുകവിട്ടുകൊണ്ടിരിക്കുന്നവനാണ് ബിനീഷ്. വേലയും കൂലിയുമൊന്നുമില്ലാതെ തെക്ക് വടക്ക് നടക്കുന്ന ഒരു ചെറുപ്പക്കാരന്‍. പുകവലി ശീലം ഏതെല്ലാം തരത്തില്‍ ബിനീഷിന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് കാട്ടിത്തരുകയാണ് ഈ സിനിമ. പുകവലിയുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവത്തെ തുടര്‍ന്ന് വിവാഹം വരെ ഉറച്ച ശേഷം കാമുകി അവനില്‍ നിന്നും അകലുന്നു. ഇതിനിടയില്‍ ബിനീഷ്  കൂടി അംഗമായ രാഷ്ട്രീയ പാര്‍ട്ടിയിലുണ്ടാവുന്ന ചില സംഭവങ്ങള്‍ ബിനീഷിന്റെ പുകവലി ശീലത്തെ എങ്ങിനെ മാറ്റുന്നുവെന്നും അതിലൂടെ അവന്റെ പ്രണയത്തിനുണ്ടാവുന്ന മാറ്റങ്ങളുമെല്ലാം ലളിതവും രസകരവുമായി സിനിമ വരച്ചു കാട്ടുന്നു. സിഗരറ്റിന്റെ ലഹരിയേക്കാള്‍ സുന്ദരമാണ് തന്റെ കാമുകിയുടെ ചുംബനമെന്ന് ബിനീഷ് തിരിച്ചറിയുന്നിടത്താണ് സിനിമ പൂര്‍ത്തിയാകുന്നത്.
പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ഫെഡറിക്കോ ഫെല്ലിനിയുടെ പേരാണ് തീവണ്ടിയുടെ സംവിധായകനും. മറ്റൊരു വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ ജീവിതത്തിലെ ഒരേടിലാണ് ഫെല്ലിനി ടി പിയും കഥയാരംഭിക്കുന്നത്. പിക്കാസോ ജനിച്ചപ്പോള്‍ മരണത്തെ മുഖാമുഖം കണ്ടു. അപ്പോള്‍ ആരെ സിഗരറ്റിന്റെ പുക പിക്കാസോയുടെ കുഞ്ഞുമുഖത്തേക്ക് വലിച്ചൂതുന്നു. അതോടെ ജീവിതത്തിലേക്ക് പിക്കാസോ മിഴിതുറക്കുന്നു. ഇവിടെ നിന്ന് ഫെഡറിക്കോ ഫെല്ലിനിയെപ്പോലെ ഒരു ക്ലാസിക് ചിത്രത്തിലേക്കുള്ള യാത്രയല്ല നമ്മുടെ ഫെല്ലിനി ടി പി നടത്തുന്നത്. മറിച്ച് നാട്ടിന്‍ പുറത്തെ ലളിതമായി ഇത്തിരി സംഭവങ്ങള്‍ പറഞ്ഞ് തരക്കേടില്ലാതെ ഒരു കാഴ്ചാനുഭവം ഒരുക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. മരിച്ചുവെന്ന കരുതിയ ബിനീഷിന്റെ മുഖത്തേക്ക് പുകയൂതുന്നത് അമ്മാവനാണ്. പിന്നീടങ്ങളോട്ട് ആ അമ്മാവന്‍ ബിനീഷിന് പ്രിയപ്പെട്ടവനായി. ആ പുക അവന്റെ ജീവിതം തന്നെയായി മാറുകയും ചെയ്തു.
വലിയൊരു പുകവലിക്കാരനായി ബിനീഷ് മാറുന്നതൊക്കെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ബിനീഷിന്റെ കുട്ടിക്കാലം, ദേവിയോടുള്ള അവന്റെ പ്രണയം, ചില പ്രാദേശിക രാഷ്ട്രീയ കാഴ്ചകള്‍ എന്നിവയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് പകുതി വരെ ചൂളം വിളിച്ചോടിയ ചിത്രം പകുതിയ്ക്ക് ശേഷം ഒന്ന് സ്റ്റോപ്പാകുകയും ഇത്തിരി നേരം കാടുകയറി യാത്ര തുടരുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയ ആക്ഷേപ ഹാസ്യമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇവിടെ ചിത്രത്തിന് തിരിച്ചടിയാകുന്നത്. വിമാനത്താവള മാലിന്യത്തിനെതിരായ മനുഷ്യച്ചങ്ങലയും ബ്ലൂവെയ്ല്‍ ഗെയിമും തുടര്‍ന്നുള്ള അപകടവും കാരിക്കേച്ചര്‍ സ്വഭാവമുള്ള രാഷ്ട്രീയ നേതാക്കളും നായകന്റെ ദ്വീപ് വാസവുമെല്ലാമായി അതിത്തിരി നേരം നിരാശ സമ്മാനിക്കുന്നു. എന്നാല്‍ കഥാന്ത്യത്തില്‍ ബിനീഷിന്റെ പുകവലിയുമായി ഇതിനെയെല്ലാം ചേര്‍ത്ത് കെട്ടി തരക്കേടില്ലാത്ത രീതിയില്‍ അവസാനിപ്പിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്. ആദ്യപകുതിയില്‍ സ്വാഭാവിക ഹാസ്യം പ്രേക്ഷകരെ ചിരിപ്പിച്ചുവെങ്കില്‍ രണ്ടാം പകുതിയില്‍ കോമഡിയ്ക്കായുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് അല്‍പ്പം വിരസത സമ്മാനിക്കുന്നത്.
നമുക്കു ചുറ്റും കാണുന്ന നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. അതുകൊണ്ട് സിനിമയിലെ  പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരുമാണ്. സെക്കന്റ് ഷോ, കൂതറ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ വിനി വിശ്വലാലിന്റെ ഏറ്റവും മികച്ച തിരക്കഥയാണ് തീവണ്ടി. തീര്‍ത്തും സാധാരണക്കാരനായ ബിനീഷ് എന്ന കഥാപാത്രത്തെ ടൊവീനോ തോമസ് മനോഹരമാക്കിയിരിക്കുന്നു. സ്‌കൂള്‍ കാലം മുതല്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ വേഷപ്പകര്‍ച്ചകള്‍ ശ്രദ്ധേയമാണ്. സിഗരറ്റ് വലിയാരംഭിക്കുന്നതും അതിന്റെ ലഹരിയില്‍ കുടുങ്ങിക്കിടക്കുമ്പോഴും അത് കിട്ടാതെ വരുമ്പോഴുമെല്ലാമുള്ള ഭാവപ്പകര്‍ച്ചകള്‍ ഗംഭീരം തന്നെ. സിഗരറ്റ് വലിയില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമവും അപ്പോഴുള്ള ഉന്മാദാവസ്ഥയുമെല്ലാം വളരെ സ്വാഭാവികമായി തന്നെ ടൊവീനോ ആവിഷ്‌ക്കരിക്കുന്നു. ബിജിത്ത് എന്ന രാഷ്ട്രീയക്കാരനെ സൈജു കുറുപ്പ് രസകരമായി കൈകാര്യം ചെയ്തിരിക്കുന്നു. പുകവലിക്കാരനായ അമ്മാവന്റെ വേഷത്തില്‍ സുധീഷ് ഗംഭീരമായി. ഈ നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതെന്ന് നിസ്സംശയം പറയാം. സുരാജ് വെഞ്ഞാറുമൂടും പക്വതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്നു. തരക്കേടില്ലാത്ത പ്രകടനമാണ് നായികയായ ദേവിയായെത്തുന്ന സംയുക്താമേനോന്റെത്.
സുന്ദരമായ പശ്ചാലത്തലവും ലളിതമായ പാട്ടുകളുമെല്ലാം ചിത്രത്തിന് മിഴിവേകുന്നു. തുടക്കക്കാരന്റെ പതര്‍ച്ചകള്‍ ചിലയിടത്ത് അനുഭവപ്പെടുന്നുണ്ടെങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ ലോകത്ത് തന്റെ മുദ്ര ചാര്‍ത്താന്‍ സംവിധായകന്‍ ഫെല്ലിനിയ്ക്ക് സാധിക്കുന്നു.