ഫ്ളോപ്പല്ല., ഫ്ളോയില്ലാത്ത ഒടിയന്‍.

Web Desk
Posted on December 24, 2018, 5:22 pm
ദീപക് അനന്തൻ 
ടിച്ചു മടക്കിയ ഇതിവൃത്തം. ഇതള്‍ വിരിഞ്ഞോ ഇഴപിരിഞ്ഞോ പോകാതെ  മാണിക്യനെന്ന ഒറ്റ ലൈനില്‍  തൂങ്ങിയാടുന്ന ആഖ്യാനശൈലി. ലൈന്‍കമ്പി ഇല്ലാതിരുന്നൊരു കാലത്ത് രാത്രികളുടെ പേടിസ്വപ്നമായി വിലസിയ ഒടിയന്‍റെ കഥയില്‍ സസ്പെന്‍സിന്‍റെ പൊടിപോലുമില്ല. ഒടിയന്‍ മാണിക്യനില്‍ തുടങ്ങി മാണിക്യനില്‍ തന്നെ അവസാനിക്കുന്ന കുറെ സീനുകള്‍ ഒട്ടിച്ചു വച്ചതു പോലൊരു ഏച്ചുകെട്ടല്‍ ഒടിയനില്‍ മുഴച്ചു നില്‍ക്കുന്നു. ഒറ്റപ്പെട്ട കമ്പാര്‍ട്ട്മെന്‍റുകളായി നിലകൊള്ളുന്ന മറ്റു കഥാപാത്രങ്ങുടെ ജീവിതങ്ങളില്‍ നിന്ന് ഒരു ഹെലിക്യാം ദൂരത്തിലും ഭാവത്തിലും  അകലെ നില്‍ക്കുകയാണ് മാണിക്ക്യന്‍.
 ഒടിയന്‍റെ പകല്‍ ജീവിതം സിനിമയില്‍ ഒരു വിഷയമേയല്ല തന്നെ. നാല്‍ക്കാലിയുടെ രൂപം പ്രാപിച്ച് ആളുകളെ വിരട്ടുന്ന ഒടിയന്‍ ക്ളൈമാക്സ് വരെ ഒരു സൂപ്പര്‍ ഹീറോയാകുന്നേയില്ല. ആരെയും കൊന്നിട്ടില്ലാത്ത ടിയാന്‍ രണ്ടു കൊലപാതകങ്ങളുടെ പഴിയും പേറി നാടു വിടുകയാണ്. പതിനഞ്ചു കൊല്ലത്തിനു ശേഷം തിരികെയെത്തി യഥാര്‍ഥ വില്ലനെയും ട്രൂപ്പിനേയും ഒടിവിദ്യയിലൂടെ ചുട്ടു ചാമ്പലാക്കുന്നു. ഒടിയന്‍മാരുടെ സംസ്ഥാന സമ്മേളനം തന്നെയായ ക്ളൈമാക്സില്‍ ഒരു തീകുണ്ഡമാകുന്ന ഒടിയന്‍ പിന്നെയൊരു മിഥ്യയാണ്. താന്‍ ജീവനോടെയുണ്ടെന്നൊരു തോന്നലും സുരക്ഷിതത്വ ബോധവും മഞ്ജുവാര്യരിലും പ്രേക്ഷകരിലും അവശേഷിപ്പിച്ച് ഇരുളില്‍ ഒരു മാനായി മറയുന്നു ഒടിയന്‍…
ഒരു ചരിത്ര പുരുഷനെയെന്നപോലെ ഒടിയനെ സമീപിച്ചു എന്നതാണ് സംവിധായകന്‍ ചെയ്ത പാതകം. ഫ്ളാഷ് ബാക്കുകള്‍ ബാക്ക് ടു ബാക്കായി വരുന്ന ആഖ്യാനശൈലി പ്രേക്ഷകര്‍ക്ക് പിന്തുടരാന്‍ കഴിയുന്നത് കോസ്റ്റ്യൂമിന്‍റെ പച്ചപ്പും  പഴക്കവും കണ്ടാണ്. ഇരുട്ടിന്‍റേയും നിലാവിന്‍റേയും മറപറ്റിയുള്ള കഥപറച്ചിലില്‍
പാലക്കാടിന്‍റെ ചൂരും ചൂടും തൊട്ടറിയാനേ കഴിയുന്നില്ല. പണ്ടെങ്ങോ മരിച്ചുപോയ ഒടിയന്‍ മാണിക്യനെ കുറിച്ചൊരു ഡോക്യുമെന്‍ററി  കണ്ട ഫീല്‍ ഉണ്ടാകുന്നെങ്കില്‍ അതൊരു തെറ്റല്ല. മാംസമില്ലാതെ എല്ലും തോലും മാത്രമായൊരു തിരക്കഥയില്‍ കഥാപാത്രങ്ങള്‍ക്ക് കാമ്പും വ്യക്തിത്വവും ഇല്ലാതെ വരിക സ്വഭാവികം. മോഹന്‍ലാല്‍  മീശയില്ലായ്മയുടെ തനത് ശൃംഗാരഭാവത്തില്‍ ചരിഞ്ഞ് ഒറ്റ നില്പാണ്. മൂപ്പര്‍ക്ക് പ്രത്യേകിച്ചെന്തെങ്കിലും അഭിനയിച്ച് ഫലിപ്പിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ക്ക് ഒരു ഇടവുമില്ല ചിത്രത്തില്‍. മഞ്ചുവാര്യരുടെ പ്രഭയൊക്കെ എന്തിന്  വേണ്ടിയാണ് തിളയ്ക്കുന്നതെന്ന് ഒരു പിടിയും കിട്ടില്ല. മാണിക്യനെ മര്യാദയ്ക്കൊന്നു പ്രണയിക്കാന്‍ പോലും  അനുവദിക്കാതെ പ്രഭയുടെ വൈകാരികതലത്തെ ചങ്ങലയില്‍ തളച്ചതിന്‍റെ രഹസ്യം സംവിധായകന് മാത്രമേ അറിയൂ. അനിയത്തികുട്ടി മനസ്സില്‍ തട്ടി. നല്ല പാട്ടുകള്‍. ക്യാമറയും നന്നായി.
കുടുംബവുമായി കണ്ടിരിക്കാവുന്ന സിനിമ. ‘പാതിരാ‘പ്പടമായതിനാല്‍ മരുന്നിനു പോലും ചിരിയില്ല. എങ്കിലും ബോഡിയില്ലാതെ ഷാസി മാത്രമായ ലൈലാന്‍റ് വണ്ടി സംവിധായകന്‍ വലിയ പരുക്കില്ലാതെ സ്റ്റാന്‍റിലെത്തിച്ചെന്ന് പറയാം.,തുടക്കക്കാരന്‍റെ പോരായ്മകളില്ലാതെ. കീചകവധം കഥകളി കണ്ടിറങ്ങുന്ന മൂഡില്‍ തിയേറ്റര്‍ വിടുമ്പോള്‍ ഒരു സംശയം മാത്രം ബാക്കി.മാണിക്യനെ എന്തിനാണിങ്ങനെ ഇരുട്ടത്ത് നിര്‍ത്തിയത്.? മോഹന്‍ലാലിനെ ഒരുമാസം ഭരണിയില്‍ ഉപ്പിലിട്ടു വെക്കേണ്ട വകയൊന്നും മാണിക്യനെന്ന പാത്രസൃഷ്ടിക്കില്ല തന്നെ.!
ഷ്രീകുമാര്‍ മേനോന്‍റെ അത്തരം തള്ളുകള്‍ ആളെ കൂട്ടാനുള്ള ഒടിവിദ്യയായിരുന്നെന്ന തിരിച്ചറിവാണ് ഒടിയന്‍ ബാക്കിവെയ്ക്കുന്നത്.!!