ഒടിയന് സംഭവിച്ചത് 

Web Desk
Posted on December 15, 2018, 5:07 pm
രാജഗോപാല്‍ രാമചന്ദ്രന്‍
മോഹന്‍ലാല്‍ (ചെറുപ്പമാക്കിയതും താടിവച്ചും നരപ്പിച്ചും വയസ്സനാക്കിയതും) — ഒന്ന്
മഞ്ജു വാര്യര്‍ — (സുന്ദരിയായ ചെറുപ്പക്കാരിയും നരവീണ മധ്യവയസ്‌കയും) — ഒന്ന്
പ്രകാശ് രാജ് (വില്ലനാക്കാന്‍ വേണ്ടി കറുപ്പിച്ചെടുത്തത്) — ഒന്ന്
ഇന്നസെന്റ്, സിദ്ദിഖ്, നന്ദു, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍ — ആവശ്യത്തിന്
നരേന്‍ — യെന്തരിനോ യെന്തോ
മനോജ് ജോഷി (ഗുജറാത്തില്‍ നിന്നും എത്തിച്ചത്) — ഒന്ന്
പിന്നെ ആന്റണി പെരുമ്പാവൂര്‍, ഹരികൃഷ്ണന്‍, മമ്മൂട്ടി, എം. ജയചന്ദ്രന്‍, സാം സി.എസ്., ഷാജികുമാര്‍ ഇങ്ങനെ ഒരു സിനിമ സൂപ്പര്‍ഹിറ്റാക്കാനുള്ള വിഭവങ്ങളെല്ലാമുണ്ട്..
ഇത്രയൊക്കെ അസംസ്‌കൃത വസ്തുക്കളുണ്ടാക്കിയിട്ടും ഒടിയന്‍ എന്ന രണ്ടേമുക്കാല്‍ മണി്ക്കൂര്‍ ചിത്രം സാധാരണ പ്രേക്ഷകന് എന്തുകൊണ്ട് അരോചകമായി തോന്നുന്നുവെന്നതിന് ഇന്നലെയും ഇന്നുമായി സോഷ്യല്‍മീഡിയയും അല്ലാത്ത മീഡിയയും കണ്ടെത്തിയ ഉത്തരം ഒന്ന് മാത്രം പാചകക്കാരനായ ശ്രീകുമാര്‍ മേനോന്‍..
പരസ്യവിപണിയുടെ ചേരുവ കൃത്യമായി അറിയാവുന്ന ഈ പാചകക്കാരന് വെള്ളിത്തിരയിലെത്തിയപ്പോള്‍ പിഴച്ചുപോയതെവിടെയാണ്… കൃത്യമായ ഗൃഹപാഠം ചെയ്യാതെ മോഹന്‍ലാല്‍ എന്ന ക്രൗഡ് പുള്ളറുടെ ഡേറ്റിന്റെ ഗിമ്മിക്കില്‍ അണിയറക്കാരോടും മാധ്യമങ്ങളോടും തള്ളി ഒടിയനെ ഒരു ഇന്റര്‍നാഷണല്‍ ഹിറ്റാക്കാന്‍ നടന്നതിന്റെ നാലിലൊന്ന് സമയം  ഈ ചിത്രത്തിന്റെ തിരക്കഥയിലെ പോരായ്മകള്‍ പരിഹരിക്കാനോ തന്റെ ജോലി വൃത്തിയായി ചെയ്യാനോ ശ്രമിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്രയും ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടിവരില്ലായിരുന്നു
ഒടിയന്‍ ഒരു മോശം ചി്ത്രമേയല്ല… ഹൈപ്പിന്റെ ഉന്നതിയില്‍ നിന്നല്ലാതെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരുന്നെങ്കില്‍ മോഹന്‍ലാലിനും സംവിധായകനും ദുഷ്‌പേരുകാണിക്കാതെ ആന്റണി പെരുമ്പാവൂരിന്റെ കൈ പൊള്ളിക്കാതെ ഉറപ്പായും മുന്നോട്ട് പോയോനേ…
ഒടിയന്‍ എന്നത് വടക്കന്‍ കേരളത്തിന്റെ ചില  ഭാഗങ്ങളിലെ പേടിപ്പെടുത്തുന്ന ഒരു മിത്താണ്.. ആ മിത്തിനെ ക്വട്ടേഷന്‍ അനുസരിച്ച് പെരുമാറുന്ന ഒരു ഗുണ്ടയുടെ നിലവാരത്തിലേക്ക് മാറ്റിയപ്പോള്‍ തന്നെ തിരക്കഥയിലെ ഒടിയന്‍ പതറി തുടങ്ങി. മോഷ്ടാവായ മീശമാധവനും കായംകുളം കൊച്ചുണ്ണിയുമൊക്കെ തിയേറ്ററില്‍ വിജയിപ്പിച്ചപ്പോള്‍ അവര്‍ ചെയ്ത തെറ്റിന്  ന്യായീകരണമുണ്ടായിരുന്നു… എന്തിന് അവസാനം തിയേറ്ററുകളില്‍ നിറഞ്ഞോടിയ പടയോട്ടത്തിലെ ചെങ്കല്‍ രഘുവണ്ണന്‍ ചെയ്യുന്ന ഗുണ്ടായിസത്തോടു പോലും പ്രേക്ഷകന് വിരക്തി തോന്നുന്നില്ല.
ഒടിയന്റെ യൗവ്വന കാലം അവതരിപ്പിക്കാന്‍ മേക്കപ്പിട്ട് മെഴുക്കുപെരുട്ടിയെടുത്ത മീശയില്ലാത്ത മോഹന്‍ലാല്‍ എന്തിനാണ്. രാവണപ്രഭുവില്‍ മംഗലശ്ശേരി നീലകണ്ഠനും മംഗലശ്ശേരി കാര്‍ത്തികേയനുമായി പകര്‍ന്നാട്ടം നടത്തിയ മോഹന്‍ലാലില്‍ നിന്നും ആകാരത്തിലോ അഭിനയത്തിലോ വലിയൊരു പിന്നോട്ട് പോക്ക് കഴിഞ്ഞുപോയ പതിനെട്ട് വര്‍ഷം മോഹന്‍ലാല്‍ എന്ന താരത്തിലോ നടനിലോ വരുത്തിയിട്ടില്ല. അരോചകമായ മേക്കപ്പില്‍ തന്നെ ഒടിയന്റെ യൗവ്വനം വീണു. മറ്റൊരു നടനെ ഒടിയന്റെ യൗവ്വനം ഏല്‍പ്പിച്ച് ഫ്‌ലാഷ്ബാക്കിന്റെ സമയം കുറച്ച് വര്‍ത്തമാനകാലത്തെ ഒടിയന്റെ ജീവിതത്തിന് പ്രാധാന്യം നല്‍കിയെങ്കില്‍ ഒടിയന്‍ ഒരു ക്ലാസ് ചിത്രമായെങ്കിലും മാറിയേനേ.
ഭര്‍ത്താവ് മരിച്ചശേഷം മറ്റൊരു പുരുഷനെ സ്‌നേഹിക്കുന്ന ഭാര്യ… അല്ലെങ്കില്‍ വിവാഹത്തിന് മുമ്പ് മറ്റൊരു പുരുഷനെ സ്‌നേഹിച്ച ഭാര്യ… ഇതെല്ലാം സിനിമയില്‍ നേരത്തെ അവതരിപ്പിച്ച് വിജയം വരിച്ച സ്ത്രീ അവസ്ഥകളാണ്. ഇവിടെ പ്രഭ മാണിക്യനെ പ്രണയിക്കുന്നതായി കാണിക്കുന്നുണ്ട്. അതിന്റെ കാലം വ്യക്തമാക്കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തും പരാജയപ്പെട്ടതോടെ തന്നെ മജ്ഞൂവാര്യരുടെ കഥാപാത്രം സിനിമയില്‍ ഏച്ചുകെട്ടപ്പെട്ട ഒരു വേഷമായി മാറുന്നുണ്ട്. (ഇപ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന ചന്ദ്രോത്സവത്തിലെ ശ്രീഹരിക്കും ഇന്ദുലേഖയ്ക്കുമൊക്കെ വ്യക്തമായ ജീവിതപരിസരമുണ്ടായിരുന്നു.) ഒരു കാലത്ത് തന്റെ കുടുംബത്തിന്റെ രക്ഷകനായിരുന്ന മാണിക്യനെ, പ്രഭ എന്തിനോ വേണ്ടി പ്രണയിക്കുന്ന പ്രണയിനിയായി മാറുമ്പോള്‍ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ പാത്രസൃഷ്ടിയും തകര്‍ന്നു വീഴുന്നു.
കാക്കക്കറമ്പും കരുമാടിക്കുട്ടനുമൊക്കെ നായക കഥാപാത്രമായി വന്നിട്ടുണ്ട് മലയാളത്തില്‍… പക്ഷേ കറുമ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ എത്ര അരോചകമായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. അഭിനയം കൊണ്ട് പ്രകാശ് രാജ് പിടിച്ചുയര്‍ത്താന്‍ ശ്രമിച്ച ആ കഥാപാത്രത്തെ ചിലസ്ഥലങ്ങളിലെ കറമ്പന്‍ നായര്‍ പരാമര്‍ശം കൊണ്ട് പ്രേക്ഷകരില്‍ അരുചിയുണ്ടാക്കുന്നുണ്ട്. പ്രകാശന്‍ എന്ന കഥാപാത്രം കൊണ്ട് നരേന്‍ എന്ന കഴിവുള്ള നടനുണ്ടായ ഗുണം എന്താണെന്ന് സിനിമ തീര്‍ന്നിട്ടും മനസ്സിലായില്ല. 
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നിവിന്‍ പോളിയുടെയും മഞ്ജുവാര്യരുടെയും ദിലീപിന്റെയുമൊക്കെ ഡേറ്റിന്റെ മാത്രം ബലത്തില്‍ വ്യക്തമായ ഗൃഹപാഠമില്ലാതെ മാധ്യമങ്ങളിലെ തള്ളുകളുമായി സിനിമാ പിടിക്കാനിറങ്ങുന്നവര്‍ക്കുള്ള പാഠപുസ്തകമാണ് ഒടിയന്‍ എന്ന ചിത്രം. ഇതിന്റെ നൂറിലൊന്ന് തള്ളില്ലാതെ വന്ന വരുത്തനും 96 ഉം ജോസഫുമൊക്കെ നല്ല ചിത്രങ്ങളെന്ന പേരുണ്ടാക്കി സംവിധായകനും നിര്‍മ്മാതാവിനുമൊക്കെ അഭിമാനമാകുമ്പോള്‍… തള്ളിലൂടെ നാട്ടുകാരെ പറ്റിച്ചുവെന്ന ദുഷ്‌പേര് ആന്റണിപെരുമ്പാവൂരിനും മോഹന്‍ലാലിനുമൊക്കെ നല്‍കാന്‍ മാത്രമേ ശ്രീകുമാര്‍ മേനോന്റെ ഈ പ്രവൃത്തിക്കാവൂ..