അര്‍ധമൃതരുടെ കഥ പറയുന്ന ദി സൈലന്‍സ്

Friday 14 December 2018 8:21 PM

ജോസ് ഡേവിഡ്

പ്രേതാലയത്തില്‍ നിന്നും വിപ്ലവകാരികള്‍ പുറത്തിറങ്ങി കലാപത്തിന്റെ ശേഷിപ്പുകാരുമായി കൈകോര്‍ക്കുന്ന സ്വപ്നാടനമാണ് ബിയാട്രിസ് സീനറുടെ ‘ദി സൈലന്‍സ്.’ ഐഎഫ്എഫ്‌കെ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ചിത്രം.
ലോകത്തെ പൊള്ളിപ്പുകയുന്ന അഭയാര്‍ഥി പലായനം ഒരു തീവ്രമായ സത്യമായി, സ്വപ്നമായി, വിഭ്രമാത്മക കഥയായി ചുരുള്‍ നിവരുമ്പോള്‍ ഒരു ദേശത്തിന്റെ കഥ നമ്മള്‍ അന്തംവിട്ടിരുന്നു കാണുന്നു.
ആമസോണ്‍ ദേശീയ ജനതയുടെ ജീവിതം, അല്ല മരണം, അവിടത്തെ ഒരു ദ്വീപിന്റെ പശ്ചാത്തലത്തില്‍ ബ്രസീലിയന്‍ എഴുത്തുകാരിയും ചലച്ചിത്രകാരിയുമായ സീനര്‍ ഹൃദ്യമായി വിവരിക്കുന്നു. ദ്വീപിലെ ജനങ്ങളുടെ ദരിദ്ര ജീവിതത്തിലൂടെ കഥ വികസിക്കുമ്പോള്‍, അമ്പാര എന്ന അഭയാര്‍ഥിയുടെ ദൈന്യത നൊമ്പരപ്പെടുത്തുന്ന ഓര്‍മയാകുന്നു.
കൊളമ്പ്യന്‍ സായുധ കലാപത്തില്‍ കൊല്ലപ്പെടുന്ന വിപ്ലവകാരി ആദത്തിന്റെ ഭാര്യ അമ്പാരയും കുഞ്ഞുമക്കളും ദ്വീപില്‍ അഭയാര്‍ഥികളായി, അതിജീവനത്തിനുവേണ്ടി പൊരുതുന്നതാണ് ഇതിവൃത്തം. അദൃശ്യസാന്നിധ്യമായി ആദം ആ കുടുംബത്തോടൊപ്പം ഉണ്ട്.
ഒരു നാടിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലവും സത്യത്തിന്റെ നേര്‍ക്കണ്ണുകളില്‍ ചാലിക്കുമ്പോള്‍ സീനറുടെ സിനിമയായി. ബോളിവുഡ് ഡ്രീംസ് എന്ന തന്റെ കന്നി സിനിമയിലൂടെ ഇന്ത്യയ്ക്ക് പരിചിതയാണ് സീനര്‍. ബ്രസീലിയന്‍ ചരിത്രകാരന്‍ ബോളിവുഡിലെ സ്വപ്നനായികയാകാന്‍ കൊതിക്കുന്ന ഈ ചിത്രം ഇന്ത്യയും ബ്രസീലും ആദ്യമായി സംയുക്തമായി എടുത്ത സിനിമയാണ്.

ബ്രസീല്‍, കൊളമ്പിയ, പെറു എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പ്രകൃതിയുടെ ശില്‍പഭംഗി തീരെ അവകാശപ്പെടാനില്ലാത്ത ല ഇസ്‌ല ഡെ ല ഫന്റാസിയ എന്ന തുരുത്താണ് ദി സൈലന്‍സിന്റെ പശ്ചാത്തലം. മങ്ങി വിറങ്ങലിച്ച, ആമസോണിന്റെ ആവര്‍ത്തിച്ചുള്ള പ്രളയത്തെ പ്രതിരോധിക്കാന്‍ ആകാശത്തേക്കുയര്‍ന്നുനില്‍ക്കുന്ന കൊച്ചുകൂരകള്‍, അവിടത്തെ മനുഷ്യരുടെ ഭിന്നമായ മുഖങ്ങള്‍ – സ്വപ്നവും യാഥാര്‍ഥ്യവും ഇടകലര്‍ത്തിപറയുന്ന കഥയ്ക്ക് ഇതൊക്കെ ചാരുത നല്‍കി.

ഇരുളിനെയും ഓളങ്ങളെയും കീറിമുറിച്ച് ഒഴുകിപോകുന്ന തുഴവള്ളത്തിന്റെ ദീര്‍ഘസീനിലൂടെ ഈ അപസര്‍പ്പക ദ്വീപിലേക്കുള്ള പ്രയാണം ഛായഗ്രഹണം നടത്തിയ സോഫിയ ഒഗ്ഗിയോണി വിസ്മയനീയമാക്കി.

ഇടതുപക്ഷ വിപ്ലവകാരിയായ ആദവും ഒരു മകളും കൊളമ്പിയന്‍ സര്‍ക്കാരിന്റെ തോക്കിനിരയായി മരിച്ചതിന്റെ ഭാരം പേറി അമ്പാരോ ആ വള്ളത്തില്‍ വന്നിറങ്ങുകയാണ്. ഭര്‍ത്താവിന്റെയും മകളുടെയും മൃതദേഹം പോലും കണ്ടെത്തിയിട്ടില്ല. അമ്പാരോ അര്‍ഥമൃതയാണ്. യുദ്ധത്തില്‍ മരിക്കുംമുമ്പേ കബന്ധങ്ങളായ ഇരകള്‍. എങ്കിലും ദി സൈലന്‍സില്‍ നിന്ന് പ്രതീക്ഷയുടെ നിശ്വാസം ഉയരുന്നു…. ഒരു സംഘഗാനം പോലെ.