‘96’…  ഇതിലും  ഭംഗിയായെങ്ങനെ പ്രണയം ചിത്രീകരിക്കും…?

Web Desk
Posted on October 10, 2018, 1:49 pm
K K Jayesh Kollankandy

കെ കെ ജയേഷ്

കാറില്‍ നിന്നിറങ്ങി ഹോട്ടല്‍ മുറിയിലേക്ക് കയറിപ്പോയ ജാനു റാമിനെ ഫോണില്‍ വിളിക്കുന്നു.…റൊമ്പ ദൂരം പോയിട്ടയെ റാം… ഹോട്ടലിന് മുന്നില്‍ നിന്ന് റാം അതിന് മറുപടി നല്‍കുന്നു…നിന്നെ എങ്കെ വിട്ടയോ, അങ്കെ താന്‍ നിക്കറെ ജാനു.… അതെ അപ്പോള്‍ മാത്രമല്ല..വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാനുവിനെ വിട്ട അതേ ജീവിത പരിസരത്തു തന്നെയായിരുന്നു റാം അപ്പോഴും..
പഴയ സ്‌കൂള്‍— കോളെജ് കാലത്തേക്ക് ഓര്‍മ്മകളിലൂടെയെങ്കിലും ഒരു മടക്കയാത്ര എല്ലാവരും ആഗ്രഹിക്കുന്ന ഒന്നായിരിക്കും. ഗൃഹാതുരമായ അത്തരം ഓര്‍മ്മകളെ ചേര്‍ത്ത് വെച്ച് മനോഹരമായ നിരവധി സിനിമകള്‍ ഇതിന് മുമ്പും പുറത്തിറങ്ങിയിട്ടുണ്ട്. ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സും ചേരന്റെ ഓട്ടോഗ്രാഫും ബാഷ് മുഹമ്മദിന്റെ ലുക്കാചുപ്പിയും പോലുള്ള അത്തരം സിനിമകളുടെ കൂട്ടത്തിലേക്കാണ് പ്രേംകുമാര്‍ എന്ന സംവിധായകന്റെ 96 എന്ന ചിത്രവും എത്തുന്നത്. നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളിലേക്കാണ് ഇവിടെയും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. എന്നാല്‍ അത് രണ്ടുപേരുടെ മാത്രം ലോകത്തേക്ക് ചുരുക്കി പറയുകയെന്ന വെല്ലുവിളിയാണ് സംവിധായകന്‍ ഇവിടെ ഏറ്റെടുത്തത്. രണ്ടാം പകുതിയ്ക്ക് ശേഷം  പലപ്പോഴും സ്‌ക്രീനില്‍ നായകനും നായികയും മാത്രമാണുള്ളത്. രാത്രിയുടെ നിശബ്ദതയില്‍ അവര്‍ നടന്നുനീങ്ങുന്ന വഴികളിലൂടെയും അവര്‍ക്കിടയിലെ തുറന്നുപറച്ചിലുകളിലൂടെയും സാവധാനത്തില്‍ സിനിമ സഞ്ചരിക്കുന്നു. രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ മാത്രം കഥപറയുമ്പോഴും ഒരു നിമിഷം പോലും വിരസമാകാതെ അവര്‍ക്കൊപ്പം പ്രേക്ഷകരെയും കൊണ്ടുപോകാന്‍ സാധിക്കുന്നിടത്ത് പ്രേംകുമാര്‍ എന്ന സംവിധായകന്‍ കൈയ്യടി നേടുന്നു.
ട്രാവല്‍ ഫോട്ടോഗ്രാഫറായ കെ രാമചന്ദ്രന്‍ എന്ന റാമിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന പാട്ടിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. എന്നാല്‍ ട്രാവല്‍ ഫോട്ടോഗ്രാഫറുടെ സാഹസികത നിറഞ്ഞ ജീവിതമൊന്നും പിന്നെയില്ല. സിനിമ നേരെ തഞ്ചാവൂരിലേക്കെത്തുന്നു. അവിടെ താന്‍ പഠിച്ച സ്‌കൂളിന് മുറ്റത്തു നിന്നും പഴയ സഹപാഠികളെ കാണണമെന്ന് റാം ആഗ്രഹിക്കുന്നു. അവന്‍ അവരെ വിളിക്കുന്നു. ആരുമായും അധികം ബന്ധമൊന്നുമില്ലാതിരുന്ന റാമിനെ അവര്‍ സ്‌കൂള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുന്നു. പിന്നെ അയാളെ അവിടേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങളാണ്. ഏറെ രസകരമായാണ് പഴയ സഹപാഠികളുടെ വാട്‌സ് ആപ്പ് ചാറ്റുകളെല്ലാം ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.
ചെന്നൈയിലെ ആ സഹപാഠികളുടെ സമാഗമത്തില്‍ വെച്ച് നഷ്ടപ്രണയത്തിന്റെ ആഴങ്ങളിലേക്ക് ആര്‍ രാമചന്ദ്രന്‍ എന്ന റാമും (വിജയ് സേതുപതി) എസ് ജാനകി ദേവി എന്ന ജാനുവും (തൃഷ) നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. പഴയ ഓര്‍മ്മകളില്‍ ജാനുവിന്റെ സ്പര്‍ശത്തില്‍ പോലും തലകറങ്ങി വീഴുന്ന റാമിനെ നമുക്ക് കാണാം. ഇങ്ങ് വര്‍ത്തമാനകാലത്തും അവളൊന്ന് തൊടുമ്പോള്‍ ലോകം മുഴുവന്‍ കേള്‍ക്കുന്ന അവന്റെ നെഞ്ചിടിപ്പ് നമുക്കും തൊട്ടറിയാം.. വിറച്ചുകൊണ്ടുള്ള വീഴ്ച.. സ്ത്രീയെ അറിഞ്ഞില്ലേ ഇതുവരെ എന്ന ജാനുവിന്റെ ചോദ്യത്തിന് മുന്നില്‍ പോലും പാവം റാം നാണിച്ച് ചൂളി നില്‍ക്കുന്നു. അപ്പോഴും അവന്റെ കണ്ണുകളില്‍ ഒരിക്കല്‍ അറിഞ്ഞ പ്രണയത്തിന്റെ കെടാത്ത തിളക്കമുണ്ടായിരുന്നു.
പ്രണയത്തിന് ഭംഗികൂട്ടാനായി എവിടെയും സംവിധായകന്‍ വര്‍ണ്ണങ്ങള്‍ വാരിവിതറുന്നില്ല.. വര്‍ണ്ണപ്പൊലിമ നിറഞ്ഞ പാട്ടുകളുമില്ല.. ട്വിസ്റ്റോ സസ്‌പെന്‍സോ പ്രണയത്തിന് വിഘാതം സൃഷ്ടിക്കുന്ന വില്ലന്‍മാരോ ഇല്ല.. അനാവശ്യമായ രംഗങ്ങളോ കഥാപാത്രങ്ങളോ ഇല്ലാതെ ചെറുവാക്കുകളിലൂടെ.. മൗനത്തിലൂടെ.. കഥാപാത്രങ്ങളുടെ മുഖഭാവങ്ങളിലൂടെ ആ പ്രണയത്തെ സംവിധായകന്‍ മനോഹരമായ കവിത പോലെ എഴുതിത്തീര്‍ക്കുന്നു.
രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ സിനിമ റാമിന്റേതും ജാനകിയുടേതും മാത്രമാകുന്നു. രണ്ടുകഥാപാത്രങ്ങള്‍ മാത്രമാകുമ്പോഴും എവിടെയും വിരസത കടന്നുവരാത്തത് തിരക്കഥയുടെ കരുത്തും സംവിധായകന്റെ കൈയ്യടക്കവും കൊണ്ടും വിജയ് സേതുപതി-തൃഷ ജോഡികളുടെ വിസ്മയ പ്രകടനം കൊണ്ടുമാണ്. മനോഹരമായ പശ്ചാത്തല സംഗീതവും സൂക്ഷ്മവും ഡീറ്റെയ്ല്‍ ആയുമുള്ള കഥ പറച്ചിലും സിനിമയ്ക്ക് കരുത്തു പകരുന്നു.
റാമും ജാനുവുമായി 96 ലെ സ്‌കൂള്‍ കാലത്ത് ഗൗരി ജി കൃഷ്ണനും ആദിത്യ ഭാസ്‌കറുമെത്തുന്നു..  വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ കുട്ടികളുടേത്. പ്രത്യേകിച്ച് ഗൗരിയുടെ പ്രകടനം എടുത്തു പറയണം. ഗൗരി സൃഷ്ടിച്ച ജാനുവിന്റെ കരുത്തിലാണ് തൃഷ പിന്നീട് മുന്നോട്ട് പോകുന്നത്. ഗൗരിയുടെ ജാനുവിനെ പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടേക്കാനും സാധ്യതയുണ്ട്. വളരെക്കാലത്തിന് ശേഷം പക്വതയുള്ള പ്രകടനമാണ് തൃഷയുടേത്. ചലനങ്ങളില്‍.. ചിരിയില്‍.… സംസാരത്തില്‍ എല്ലം പ്രണയം നിറച്ച് വിജയ് സേതുപതിയെത്തുമ്പോള്‍ തിയേറ്ററില്‍ ഓരോ നിമിഷവും കരഘോഷങ്ങളാണ്.. പ്രേക്ഷകരെ ഒപ്പം കൂട്ടിയാണ് വിജയ് സേതുപതിയുടെ റാം മുന്നോട്ട് പോകുന്നത്.
കഥ പറഞ്ഞാല്‍ ഇതെത്ര കേട്ടതാണ് എന്നൊരു ചോദ്യം ഉയരും.. കേട്ട കഥയെ പുതിയൊരു അനുഭവമാക്കി മാറ്റുന്നിടത്താണ് 96 വേറിട്ട് നില്‍ക്കുന്നത്. കണ്ടും അനുഭവിച്ചും അറിയാനുള്ളതാണ് 96 ലെ കാഴ്ചകള്‍. പ്രണയചിത്രമാണെങ്കിലും ചായങ്ങള്‍ വാരിയൊഴിക്കാനോ ഭംഗിയുള്ള പശ്ചാത്തലങ്ങള്‍ തേടിപ്പോകാനോ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. ജാനുവിന്റെയും റാമിന്റെയും മുഖത്താണ് സിനിമ. അവിടെ പെയ്ത് നിറയുന്നുണ്ട് വികാരങ്ങള്‍.. അവിടെ നിറഞ്ഞു തുളുമ്പുന്നുണ്ട് മനോഹരമായ പ്രണയം.. അത് ഒപ്പിയെടുത്താല്‍ മാത്രം അസാധാരണ സിനിമയാകുമെങ്കില്‍ പിന്നെയെന്തിന് മറ്റൊരു സുന്ദര പശ്ചാത്തലം. തന്റെ ഓര്‍മ്മകള്‍ അടങ്ങിയ പെട്ടി റാം അടയ്ക്കുമ്പോള്‍ നമ്മള്‍ പറയും .. മതി.. ഇതിനപ്പുറം മറ്റൊരു അവസാനമില്ല ഈ സിനിമയ്ക്ക്…
ഇതിലും  കൂടുതല്‍ തീവ്രമായി പ്രണയം കാണിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ.. പ്രണയ ചിത്രങ്ങളെടുക്കാനെത്തുന്നവര്‍ക്ക് മുമ്പില്‍ വെല്ലുവിളിയായി ഇനി 96 ഉണ്ടാവും.. ഇതിനപ്പുറം തന്റെ സിനിമയെ എത്തിക്കാനായിരിക്കും ഓരോ സംവിധായകരുടെയും ശ്രമം.. അല്ലെങ്കില്‍ അങ്ങിനെ ആവണം.. ഇതിലും മനോഹരമായ പ്രണയ കാഴ്ചകളുമായി മറ്റൊരു സംവിധായകന്‍ രംഗപ്രവേശം ചെയ്യട്ടേ എന്ന് ആഗ്രഹിക്കുന്നു.  നന്ദി പ്രേംകുമാര്‍ മനസ്സ് നിറച്ചതിന്… പ്രണയം അനുഭവിപ്പിച്ചതിന്.… വിടാതെ പിന്തുടരുന്ന കഥാപാത്രങ്ങളെ തന്നതിന്…