Web Desk

കൊച്ചി

June 15, 2020, 8:37 pm

സാനിറ്റൈസർ സ്വീകരിച്ചു കൈവൃത്തിയാക്കി മാസ്‌ക്‌ അഴിച്ച് ക്യാമറയ്ക്ക് മുന്നിലേയ്ക്ക്

Janayugom Online

പ്രൊഡക്ഷൻ ബോയിയിൽ നിന്ന് സാനിറ്റൈസർ സ്വീകരിച്ചു കൈവൃത്തിയാക്കി . മുഖത്തുനിന്ന്‌ മാസ്‌ക്‌ അഴിച്ച്‌ അജു ഷോട്ടിന്‌ റെഡിയായി.ഇതോടെ ‚മൂന്നുമാസമായി മലയാളസിനിമയിൽ നിറഞ്ഞ അനിശ്ചിതത്വത്തിനു വിരാമമായി .മാർച്ചു പത്തിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിയത് . അജുവിനൊപ്പം നടൻ ബാലുവർഗീസും പുതുമുഖനടി എവ്‌ലിനും ക്യാമറയ്‌ക്കുമുന്നിൽ. സംവിധായകരായ ലാലും മകൻ ലാൽ ജൂനിയറും ആക്ഷൻ പറഞ്ഞതോടെ, നിർത്തിവച്ച മലയാള സിനിമ ചിത്രീകരണത്തിന്‌ തുടക്കമായി. കോവിഡിനെത്തുടർന്ന്‌ നിർത്തിയ ചിത്രീകരണത്തിനാണ്‌ തിങ്കളാഴ്‌ച രാവിലെ കച്ചേരിപ്പടി ഫ്രഞ്ച്‌ ടോസ്‌റ്റ്‌ ഹോട്ടലിൽ തുടക്കമായത്‌.

പൂർണമായും കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചാണ്‌ ‘സുനാമി’യുടെ ചിത്രീകരണമെന്ന്‌ സംവിധായകൻ ലാൽ പറഞ്ഞു. 50 പേർമാത്രമാണ്‌ ഷൂട്ടിങ്‌ ലൊക്കേഷനിൽ. ഇൻഫ്രാറെഡ്‌ തെർമോമീറ്റർകൊണ്ട്‌ ശരീര താപനില പരിശോധിച്ചശേഷമാണ്‌ സെറ്റിലേക്ക്‌ പ്രവേശനം. സാനിറ്റൈസർ എല്ലാവർക്കും എത്തിക്കാൻ ഒരാളെ പ്രത്യേകം നിയമിച്ചിട്ടുണ്ട്‌. ലൊക്കേഷനിൽ മാസ്‌ക്‌ നിർബന്ധം‌. കോവിഡിനുമുമ്പ്‌ തൃശൂരിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു. ഔട്ട്‌ ഡോർ ഷൂട്ടിങ്ങിന്‌ നിയന്ത്രണമുള്ളതിനാൽ സ്‌ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ രംഗങ്ങളും ഇൻഡോറാക്കി.

കോവിഡ്‌ ഭീതിയിൽ സിനിമാലോകം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യം ചിത്രീകരണം നിർത്തിയ സിനിമയാണ് ‘സുനാമി’. സർക്കാർ നിർദേശങ്ങളോടെ ചിത്രീകരണം പുനരാരംഭിക്കുന്ന ആദ്യ മലയാള ചിത്രവും ഇതുതന്നെ. അച്ഛനും മകനും ആദ്യമായി ഒരുമിച്ച് സംവിധാനം നിർവഹിക്കുന്ന ‘സുനാമി’യുടെ ഷൂട്ടിങ് 30 വരെ എറണാകുളത്താണ്‌. നാലു ദിവസത്തെ ഷൂട്ടിങ് തൃശൂരിലും.

ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലാലിന്റെ മരുമകൻ അലൻ ആന്റണിയാണ്. ബാലു വർഗീസാണ് നായകൻ. ഇന്നസെന്റ്, മുകേഷ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിക്കലാണ്‌ ഛായാഗ്രഹണം. തിയറ്ററിൽത്തന്നെ സിനിമ എത്തിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ നിർമാതാവ്‌ അലൻ ആന്റണി പറഞ്ഞു.

ENGLISH SUMMARY: film shoot restart in kochi in covid protocol

YOU MAY ALSO LIKE THIS VIDEO