പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമായ സിനിമകള്‍ക്ക് തിയറ്ററുകള്‍ ലഭിക്കാന്‍ ഇന്നും പ്രതിസന്ധികള്‍

Web Desk
Posted on March 01, 2019, 7:52 pm

കോഴിക്കോട്: പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമായ സിനിമകള്‍ക്ക് തിയറ്ററുകള്‍ ലഭിക്കാന്‍ ഇന്നും പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നതായി നടന്‍ അമിത് ചക്കാലയ്ക്കല്‍. താന്‍ ആദ്യമായി നായക വേഷത്തിലെത്തിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രവും ഇത്തരത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ഹണിബീ, പ്രേതം ടു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയ തനിക്ക് അവിചാരിതമായി ലഭിച്ച അവസരമാണ് വാരിക്കുഴിയിലെ കൊലപാതകത്തിലെ പള്ളിയിലിച്ഛന്റെ വേഷമമെന്നും അമിത് പറഞ്ഞു. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്ത വാരിക്കുഴിയിലെ കൊലപാതകം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രമുഖ താരങ്ങളെവെച്ച് നിര്‍മ്മിക്കാന്‍ തീരുമാനിച്ച ചിത്രത്തില്‍ താരങ്ങളുടെ ഡേറ്റ് ലഭിക്കാതെ വന്നപ്പോള്‍ തന്നെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ രജീഷ് മിഥില തീരുമാനമെടുക്കുകയായിരുന്നു. ശ്രദ്ധേയനായ താരമല്ലാത്തതിനാല്‍ പതിനഞ്ച് നിര്‍മ്മാതാക്കളാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയത്. ഒടുവില്‍ അപ്രതീക്ഷിതമായി കോഴിക്കോട്ട് എത്തിയപ്പോഴാണ് സുജീഷ് കോലതൊടിയും ഷിബു ദേവ്ദത്തും ചിത്രം ചെയ്യാന്‍ താത്പര്യമെടുത്തതെന്നും അമിത് പറഞ്ഞു.

ആദ്യ പ്രദര്‍ശനം മുതല്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ചൈനയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പുമായി ഒരു സംഘം എത്തിയിട്ടുണ്ട്. ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന അംഗീകാരം ചിത്രത്തിന് ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സംവിധായകന്‍ രജീഷ് മിഥില പറഞ്ഞു.
സിനിമയിലെ താരമൂല്യങ്ങളേക്കാള്‍ പാട്ടുകള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നതിനാല്‍ തന്നെയാണ് ശ്രേയാഘോഷാല്‍ ചിത്രത്തില്‍ ഗാനമാലപിക്കാന്‍ എത്തിയത്. ചിത്രത്തിലെ പാട്ട് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് തിരിച്ചുവരവിലെ അംഗീകാരമാണെന്നും നോട്ട്ബുക്കിലൂടെ സംഗീത സംവിധായകനായും നടനായും ശ്രദ്ധനേടിയ മെജോ ജോസഫ് പറഞ്ഞു. മികച്ച കഥ തന്നെയാണ് ഇത്തരമൊരു സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് നിര്‍മ്മാതാക്കളായ സുജീഷ് കോലതൊടിയും ഷിബു ദേവ്ദത്തും പറഞ്ഞു.