കുട്ടികളെ പരീക്ഷിച്ച് കേന്ദ്രീയ വിദ്യാലയങ്ങളില്‍ വര്‍ഷാന്ത്യ പരീക്ഷ

Web Desk
Posted on February 05, 2019, 8:22 pm

കാസര്‍കോട്: കുട്ടികളെ പരീക്ഷിച്ച് കേന്ദ്രീയ വിദ്യാലയങ്ങളില്‍ വര്‍ഷാന്ത്യ പരീക്ഷ. പരീക്ഷ എഴുതണമെങ്കില്‍ കുട്ടികള്‍ ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ട സ്ഥിതിയാണ്. പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ രാവിലെ 6.30 ന് തന്നെ എത്തണമെന്നാണ് നിബന്ധന.

കേന്ദ്രീയ വിദ്യാലയം ആറ്, ഏഴ്, എട്ട് ക്ലാസുകളുടെ വര്‍ഷാന്ത്യ പരീക്ഷയാണ് മാര്‍ച്ച് ഒന്നു മുതല്‍ മാര്‍ച്ച് 20 വരെ 6.45 നും 7.45 നും ആരംഭിക്കുന്നത്. മൂന്ന് ദിവസം രാവിലെ 6.45 മുതല്‍ 9.30 വരെയും മൂന്ന് ദിവസം രാവിലെ 7.45 മുതല്‍ 10.30 വരെയുമാണ് പരീക്ഷകള്‍ നടക്കുന്നത്. എല്ലാ പരീക്ഷകള്‍ക്കും പരീക്ഷ തുടങ്ങുന്നതിന് 15 മിനിറ്റു മുമ്പ് തന്നെ പരീക്ഷ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത്രയും രാവിലെ പരീക്ഷ നടക്കുന്നത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ കുഴക്കിയിരിക്കുകയാണ്.

സ്‌കൂളില്‍ നിന്ന് ദൂര സ്ഥലങ്ങളില്‍ വീടുള്ള വിദ്യാര്‍ത്ഥികള്‍ അതിരാവിലെ തന്നെ സ്‌കൂളിലേക്ക് പരീക്ഷക്കായി വരേണ്ടി വരും. നിത്യേത സ്വകാര്യ ബസ്സുകളിലും മറ്റും സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ സ്വകാര്യ വാഹനങ്ങളോ ടാക്‌സിയോ ഏര്‍പ്പാട് ചെയ്ത് പരീക്ഷ എഴുതാന്‍ വരേണ്ട സ്ഥിതിയാണ്.

സംസ്ഥാനത്തെയും ലക്ഷദ്വിപിലെയും ഉള്‍പ്പെടെ മുഴുവന്‍ കേന്ദ്രീയ വിദ്യാലയങ്ങളിലെയും പരീക്ഷ സമയമാണിത്. റീജ്യണല്‍ ഓഫീസാണ് ഇത്തരത്തില്‍ പരീക്ഷ സമയം തീരുമാനിക്കുന്നതെന്നും സി ബി എസ് സി ബോര്‍ഡ് പരീക്ഷകളായ എസ് എസ് എല്‍സി, പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പിന് വേണ്ടിയാണ് ഇത്തരത്തില്‍ അതിരാവിലെ തന്നെ പരീക്ഷ നടത്തുന്നതെന്നും കേന്ദ്രീയ വിദ്യാല അധികൃതര്‍പറഞ്ഞു. എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും ഒരേ ചോദ്യപേപ്പറും ഒരേ സമയവുമാണ് റീജ്യണല്‍ ഓഫീസ് നിശ്ചയിച്ചിട്ടുള്ളതെന്നും ഇത് മാറ്റാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എസ് എസ് എല്‍സിക്കും പ്ലസ്ടുവിനും രാവിലെ 10 മണി മുതലും പ്ലസ്‌വണിന് ഉച്ചയ്ക്ക് ശേഷവുമാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.