11 November 2024, Monday
KSFE Galaxy Chits Banner 2

ഒടുവില്‍ സെന്‍സസ്; ജാതി വിവരങ്ങളില്‍ മൗനം

Janayugom Webdesk
October 29, 2024 5:00 am

2025ൽ രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2026വരെ പ്രക്രിയ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിക്കുന്നു. സെന്‍സസിനുശേഷം ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം ആരംഭിക്കുമെന്നും അത് 2028ഓടെ പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രതിപക്ഷമുള്‍പ്പെടെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടുന്ന ജാതി സെൻസസിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ല. മോഡിസര്‍ക്കാരിന്റെ രാഷ്ട്രീയ നയങ്ങള്‍ പൂര്‍ണമായും ദുര്‍ബലപ്പെടുമെന്നതിനാല്‍ ജാതിതിരിച്ചുള്ള കണക്കെടുപ്പിനവര്‍ മുതിരില്ല എന്നത് ബോധ്യമുള്ള കാര്യവുമാണ്. രാജ്യത്തെ എല്ലാ പൗരന്മാരുമായും ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുന്ന പ്രക്രിയയാണ് സെൻസസ്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്ത് ഈ കണക്കെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. 1948ലെ സെൻസസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ സെൻസസ് നടക്കുന്നത്. ആദ്യത്തെ കനേഷുമാരി നടന്നത് 1951 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരുന്നു. ഓരോ 10 വർഷത്തിലും സെൻസസ് നടത്തുന്ന ലോകത്തിലെ ചുരുക്കം രാജ്യങ്ങളിലൊന്നായിരുന്നു 2011വരെ ഇന്ത്യ. എന്നാൽ മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ മോഡി ഭരണത്തിൽ രാജ്യത്തിന്റെ ഈ ഖ്യാതിക്കും മങ്ങലേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മാർച്ചിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2021ൽ സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണമായിരുന്നു. കോവിഡ് വ്യാപകമായതോടെ അതിന്റെ പേരില്‍ നടപടികൾ മാറ്റിവച്ചു. ഇന്ത്യയടക്കം ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് കോവിഡ് ചൂണ്ടിക്കാട്ടി സെൻസസ് നീട്ടിയതെന്നതും ശ്രദ്ധേയം.

സെൻസസിന് സർക്കാർ താല്പര്യം കാണിക്കാത്തതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. രാജ്യത്തെ സ്ഥിതിവിവരക്കണക്കുകളുടെ യഥാര്‍ത്ഥ രൂപം പുറംലോകമറിയും എന്നതുതന്നെയാണ് പ്രധാനം. പെരുപ്പിച്ചുകാണിക്കുന്ന വികസനവും സ്വന്തം ഏജന്‍സികള്‍ തയ്യാറാക്കുന്ന വ്യാജ കണക്കുകള്‍കൊണ്ട് മറച്ചുവയ്ക്കുന്ന പട്ടിണിയും തൊഴിലില്ലായ്മയും സാമൂഹികാസമത്വവും പുറത്തുവരുന്നത് തടയുകതന്നെയാണ് സെന്‍സസ് വെെകിക്കുന്നതിലെ അ­ണിയറ രഹസ്യം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശാസ്ത്രീയാടിസ്ഥാനത്തിൽ നടത്തിയ സ്റ്റാറ്റിസ്റ്റിക്കൽ സർവേകളോട് സർക്കാർ കാണിച്ച പൊതുവായ അവഹേളനത്തിന്റെ തുടര്‍ച്ചയാണിത്. സ്വതന്ത്ര ഏജന്‍സികളുടെ സര്‍വേകളെ കണ്ണടച്ച് നിഷേധിക്കുമ്പോള്‍, സര്‍ക്കാര്‍ ഏജന്‍സികളുടെ വിവിധ സർവേ റിപ്പോർട്ടുകള്‍ പൂഴ്ത്തിവയ്ക്കുന്നു. സാക്ഷരത, വിദ്യാഭ്യാസം, ആസ്തി, വീടുകളിലെ ഭൗതികസൗകര്യം, വൈദ്യുതി, കുടിവെള്ളം, നഗരവൽക്കരണം, ഭാഷ, മതം, കുടിയേറ്റം, ചേരിനിവാസികൾ, അംഗ വൈകല്യമുള്ളവർ തുടങ്ങി ഒരോ വീടുകളിൽനിന്നും വിപുലമായ വിവരങ്ങളാണ് സെന്‍സസ് വഴി ശേഖരിക്കുക. നഗര — ഗ്രാമീണ ജനസംഖ്യ, പട്ടികജാതി — പട്ടികവർഗ വിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ശേഖരിക്കുന്നു. ഇത്തരം വിവരങ്ങൾ വിവിധ തലങ്ങളിൽ സൂക്ഷ്മമായി പരിശോധിച്ച് വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കും. സര്‍ക്കാരിന്റെ നയരൂപീകരണ വിദഗ്ധരെയും ആസൂത്രകരെയും ഉദ്യോഗസ്ഥരെയും വിവിധ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള നയങ്ങൾ രൂപകല്പന ചെയ്യാൻ പ്രാപ്തരാക്കുന്നത് സെന്‍സസ് അനുസരിച്ചുള്ള കണക്കുകളാണ്. സെന്‍സസ് നടക്കാത്ത സാഹചര്യത്തില്‍, കഴിഞ്ഞ 13 വര്‍ഷം രാജ്യത്തുണ്ടായ കുടിയേറ്റം സംബന്ധിച്ച വിവരങ്ങള്‍ പോലും അജ്ഞാതമായി തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള വിഹിതം പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അസന്തുലിതാവസ്ഥയുണ്ടാകുന്നു. 

രാജ്യത്തിന്റെ സാമൂഹികാവസ്ഥയില്‍ ജാതി തിരിച്ചുള്ള സെന്‍സസും അനിവാര്യമാകുന്നു. 2011ലെ സെൻസസ് പ്രകാരം ദേശീയ ജനസംഖ്യയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ യഥാക്രമം 16.6, 8.6 ശതമാനമാണ്. 2022ൽ ഇന്ത്യൻ പാർലമെന്റ് മുമ്പാകെ അവതരിപ്പിച്ച രേഖയനുസരിച്ച്, ഈ ഗ്രൂപ്പുകൾ രാജ്യത്തെ ബ്യൂറോക്രസിയുടെ ഉന്നതതലങ്ങളിൽ ഏകദേശം നാല് ശതമാനം മാത്രമാണ്. അതുകൊണ്ടാണ് പുതിയ ജാതി സെൻസസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ ചുവടുവയ്പാകുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ യാഥാസ്ഥിതിക ജാതി രാഷ്ട്രീയത്തിനെതിരെയും ബ്രാഹ്മണമേധാവിത്ത നയങ്ങള്‍ക്കെതിരെയും ജാതി വോട്ടർമാരെ ശക്തിപ്പെടുത്താനുള്ള ബോധവല്‍ക്കരണമായി മാറാന്‍ ജാതി സെന്‍സസിന് കഴിയും. അത് ഹിന്ദുത്വ ശക്തികളെ അധികാരത്തിൽ നിലനിര്‍ത്തുന്ന വർഗീയ ‘ഹിന്ദു’ രാഷ്ട്രീയത്തിന്റെ അടിക്കല്ല് ദുര്‍ബലപ്പെടുത്തും. ഇന്ത്യൻ രാഷ്ട്രീയത്തെയും സമൂഹത്തെയും ഉയർത്താനും പുനഃക്രമീകരിക്കാനും ജാതി സെൻസസിന് കഴിഞ്ഞേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.