രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ കൊടിയപോരാട്ടത്തിലൂടെ കർഷകർ ഇല്ലാതാക്കിയ നിയമങ്ങളെക്കാൾ മാരകമാണ് നിർദിഷ്ട കാർഷിക നിയമങ്ങൾ. അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും പിന്തുണയോടെയാണ് നിയമങ്ങൾ വരുന്നത്. രണ്ടും ധനകാര്യ മൂലധനത്തിന്റെ ചിറകുകളാണ്. സ്വീകരിക്കുന്ന സമീപനങ്ങളും നടപടികളും കോർപറേറ്റ് സൗഹൃദപരവും. കാർഷിക, ഭക്ഷ്യമേഖലയിലെ ഉൾപ്പെടെ എല്ലാ സബ്സിഡികളും വെട്ടിക്കുറയ്ക്കുക അവരുടെ ആവശ്യമാണ്. ഇത് പൊതുമേഖലയിൽ ചരക്കുകൾ സംഭരിക്കുന്നതിനെയും എതിർക്കുന്നു. പൊതുമേഖലയിലെ പണ്ടകശാലകളും സംഭരണകേന്ദ്രങ്ങളും ഇല്ലാതാക്കാനും ആവശ്യപ്പെട്ടിരുന്നു. 2014ലെ കേന്ദ്രഭരണത്തിൻ കീഴിൽ രൂപീകരിച്ച ശാന്തകുമാർ കമ്മിറ്റി ഈ നടപടിയെ ശക്തമായി പിന്തുണച്ചു. ഉദാരവൽക്കരണത്തെയും സ്വകാര്യവൽക്കരണത്തെയും അടിസ്ഥാനമാക്കിയുള്ള മൂന്ന് കാർഷിക നിയമങ്ങളും ഭരണകൂടം പ്രോത്സാഹിപ്പിച്ചു. കർഷകർക്കു വേണ്ടിയുള്ള സഹായങ്ങളും അനുബന്ധ സംവിധാനങ്ങളും വെട്ടിക്കുറയ്ക്കാൻ ആരംഭിച്ചു. അധ്വാനിക്കുന്ന ജനതയുടെമേലുള്ള ഇരുട്ടടി കനത്തതായിരുന്നു. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ വലിയ പ്രക്ഷോഭം ഉണ്ടായി. ഒടുവിൽ കേന്ദ്രഭരണകൂടം നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായി. എന്നാൽ ഇപ്പോൾ സർക്കാർ കരട് ദേശീയ കാർഷിക വിപണന നയം (എന്‍പിഎഫ്എഎം) പുറത്തിറക്കിയിരിക്കുന്നു. പുതിയ കരട് നയത്തോടുള്ള പ്രതികരണവും എതിർപ്പിന്റേതാണ്. പ്രക്ഷോഭത്തിന്റെ പാതയിലൂടെ തന്നെ സഞ്ചരിക്കേണ്ട സാഹചര്യം. പ്രതിഷേധ വഴികളിലേക്ക് കർഷകരെ ഭരണകൂടം വലിച്ചിഴയ്ക്കുകയാണ്.
എല്ലാ വിളകൾക്കും താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കർഷകർ വീണ്ടും പ്രതിഷേധ വഴിയിലാണ്. കർഷക യൂണിയനുകളുടെ പൊതുവേദിയായ എസ്‌കെഎം ബാനറിൽ അണിനിരന്ന് നിർദിഷ്ട ദേശീയ കാർഷിക വിപണന നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ പൊതുപ്രക്ഷോഭത്തിന് തീരുമാനിക്കുകയും മുന്നിട്ടിറങ്ങുകയും ചെയ്തു. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളും കർഷകരുടെ താല്പര്യങ്ങളും നശിപ്പിക്കുന്നതിനുള്ള വഴിയൊരുക്കുക എന്നതിൽ കേന്ദ്രീകരിച്ചുള്ളതാണ് പുതിയ നിയമങ്ങൾ. നാമമാത്ര, ചെറുകിട കർഷകർ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ അർഹരായവരെല്ലാം പരിധിക്കു പുറത്താണ്. താങ്ങുവിലയുമില്ല, കർഷക തൊഴിലാളികൾക്ക് കുറഞ്ഞ വേതനവുമില്ല. ധനമൂലധനം അതിന്റെ ചിറകുകൾ വിരിച്ചു പറക്കുകയാണ്. അനുദിനം കുറയുന്ന കാർഷിക വരുമാനവും, ഇല്ലാതാകുന്ന തൊഴിലവസരങ്ങളും ഇന്ത്യൻ കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇത് ചെറുകിട, നാമമാത്ര കർഷകരെയും കർഷകത്തൊഴിലാളികളെയും ബാധിക്കുന്നു. താങ്ങുവില മാത്രമാണ് കർഷകർക്കുള്ള പ്രതീക്ഷ.
കുത്തകകൾക്ക് കൃഷിയിൽ അവരുടെ താല്പര്യം സംരക്ഷിച്ചുള്ള കച്ചവടത്തിന് വഴിയൊരുക്കുക, അതിനായി രാജ്യത്തുടനീളമുള്ള 7,057 രജിസ്റ്റർ ചെയ്ത വിപണികളെയും 22,931 ഗ്രാമീണ ഹത്ത് ചന്തകളെയും ഡിജിറ്റലായ പൊതു അടിസ്ഥാന സൗകര്യങ്ങളുമായി സംയോജിപ്പിക്കുക എന്നതെല്ലാം ലോകബാങ്കിന്റെയും അന്താരാഷ്ട്ര ധനകാര്യ മൂലധന താല്പര്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതുമാണ്. മൂല്യശൃംഖലയുടെ പശ്ചാത്തലത്തിൽ, “അസംസ്കൃത വസ്തുക്കളുടെയും ഇതര കാർഷിക ഉല്പാദനത്തിന്റെയും വിവിധ ഘട്ടങ്ങളിൽ ഒരു ഉല്പന്നമോ സേവനമോ കൊണ്ടുവരുന്നതിന് ആവശ്യമായ മുഴുവൻ മൂല്യവർധനവും ഉറപ്പാക്കേണ്ടതുണ്ട്”, എസ്‌കെഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലൂടെ സ്വകാര്യ, പൊതു അടിസ്ഥാന സൗകര്യങ്ങളെ ഒന്നിപ്പിക്കാനുള്ള നിർദേശം നിലനിൽക്കുന്നു. ഇത്തരം പരിഷ്കാരങ്ങൾ കുത്തകകളെ കാർഷികമേഖലയിലെ ഉല്പാദനം, സംസ്കരണം, വിപണനം എന്നിവയിൽ പൂർണാധിപത്യം സ്ഥാപിക്കാൻ അനുവദിക്കുന്നതാണ്. സുപ്രീം കോടതി രൂപീകരിച്ച ഉന്നതതല സമിതി, രാജ്യത്തെ കാർഷിക പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. കർഷകരുടെ വായ്പ എഴുതിത്തള്ളൽ, അവരുടെ വരുമാനം സംരക്ഷിക്കുന്നതിനായി താങ്ങുവിലയുടെ നിയമപരമായ അംഗീകാരം എന്നിവയും ശുപാർശ ചെയ്തു.
ഉയർന്ന വിളവ് നൽകുന്ന ഗോതമ്പ്, അരി തുടങ്ങിയ ഇനങ്ങൾ കൃഷിചെയ്യുന്നതിലൂടെ ഭക്ഷ്യധാന്യ ഉല്പാദനം വർധിപ്പിക്കുന്നതിന് പ്രോത്സാഹനമെന്ന കാഴ്ചപ്പാടിലാണ് 1965–66ൽ എംഎസ്‌പി അവതരിപ്പിച്ചത്. പൊതുവിതരണ സമ്പ്രദായത്തിനായി (പിഡിഎസ്) കർഷകരിൽ നിന്ന് വാങ്ങുന്നതിനും ഉല്പാദനച്ചെലവിൽ അവർക്ക് ന്യായമായ ലാഭം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കാർഷികോല്പന്നങ്ങളുടെ ഭരണപരമായ വിലയാണിത്. ഉല്പാദന വിലയിലുണ്ടായ ഇടിവ് മൂലമുണ്ടാകുന്ന ദുരിതത്തിൽ നിന്ന് ഇത് കർഷകരെ സംരക്ഷിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേരും കൃഷിയെയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത്, കൃഷി കൂടുതൽ സ്ഥിരതയുള്ളതും വിജയകരവുമായ ഒരു സംരംഭമാക്കി മാറ്റുന്നതിന് താങ്ങുവില ആവശ്യമാണ്. ഈ വിലയിൽ താഴെ ആർക്കും കാർഷികോല്പന്നങ്ങൾ വാങ്ങാൻ കഴിയില്ല. ഉല്പാദനച്ചെലവിലുണ്ടാകുന്ന വർധനവ്, ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള ഉല്പാദനത്തിന്റെ അഭാവം, ഭൂഗർഭജല ശോഷണം, മണ്ണിന്റെ ഇടിയുന്ന ആരോഗ്യം, പ്രകൃതിവിഭവങ്ങളുടെ ശോഷണം തുടങ്ങിയ പ്രശ്നങ്ങൾ കാർഷികമേഖലയിൽ നിലനിൽക്കുന്നു. ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയ്ക്കുള്ള ആവശ്യകതകൾ തിരിച്ചറിയുകയും, ഈ വിളകളുടെ ഉല്പാദനത്തിനായി പാരിസ്ഥിതികമായി അനുകൂലമായ പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് കാർഷിക ഉല്പാദന പദ്ധതി തയ്യാറാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അനുകൂലമായ പ്രദേശങ്ങളിലെ വിളകൾക്ക് നിയമപരമായി നിർബന്ധിതമായ താങ്ങുവില നടപ്പിലാക്കാവുന്നതാണ്. ഇത് ആവശ്യമായ വിളകളുടെ ഉല്പാദനത്തെയും ഇറക്കുമതി പകരംവയ്ക്കലിനെയും പ്രോത്സാഹിപ്പിക്കുന്നു. വ്യാപാരക്കമ്മി നികത്തുന്നതിനൊപ്പം ഇന്ത്യൻ കാർഷിക മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് സഹായിക്കുകയും ചെയ്യും. കൃഷിയുടെ സുസ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കാൻ, കർഷകരുടെ സാമ്പത്തിക നിലനില്പും ക്ഷേമവും തമ്മിൽ സജീവമായ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്. കാർഷിക വില നയത്തിന്റെ നിർണായക ഘടകമായ, നിയമപരമായി ഉറപ്പാക്കി നൽകുന്ന താങ്ങുവില, കർഷകരെ കൃഷിയിൽ നിലനിർത്താൻ സർക്കാർ ചെയ്യേണ്ട അടിസ്ഥാനകാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.