Wednesday
20 Feb 2019

പ്രളയത്തില്‍ ഒലിച്ചുപോയ പ്രവാസ സമ്പാദ്യങ്ങള്‍

By: Web Desk | Tuesday 18 September 2018 9:52 PM IST

ഇ കെ ദിനേശന്‍

പ്രളയത്തിന് മുമ്പ് കേരളത്തിന്റെ സിരകളിലൂടെ ഒഴുകിയ ജീവരക്തത്തില്‍ പ്രവാസത്തിന്റെ ത്യാഗവും സമ്പന്നതയും കാണാം. അഞ്ചര പതിറ്റാണ്ട് പിന്നിട്ട ആ ചാക്രിക ജീവിതത്തിന്റെ തണല്‍ കേരളത്തിന്റെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഉണര്‍വിലേക്ക് നയിച്ചിട്ടുണ്ട്. പഴയ ജീവിതരീതികളെ അത് പാടെ മാറ്റി വരച്ചു. നാടിന്റെ ജൈവ സ്വഭാവത്തെയും പ്രകൃതിയുടെ ആവാസവ്യവസ്ഥയെയും അത് നേരിട്ടും അല്ലാതെയും തൊട്ടിട്ടുണ്ട്. അപ്പോഴൊന്നും അത് ഏത് തരത്തിലാണ് മനുഷ്യരുടെ നിലനില്‍പിനെ ബാധിക്കുക എന്ന് അത്ര അധികം ആരും ഓര്‍ത്തില്ല. ഓരോ പ്രവാസിയും തന്റെ സ്വപ്‌നതുല്യമായ ജീവിതത്തെ യാഥാര്‍ഥ്യമാക്കാന്‍ അതിരുവിട്ട കടന്നാക്രമണമാണ് പ്രകൃതിയോട് കാണിച്ചത്. ഒന്നോ രണ്ടോ മക്കള്‍ മാത്രമുള്ള കുടുംബങ്ങള്‍ രണ്ടും മൂന്നും നില മണിമാളിക പണിതു. അതില്‍ കയറിയാല്‍ എങ്ങനെ ഇറങ്ങണം എന്നുപോലും അറിയാത്ത രീതിയിലുള്ള നിര്‍മിതി. വളരെ ന്യൂനപക്ഷം വരുന്ന പ്രവാസികള്‍ക്ക് മാത്രമേ ഇത്തരം ഭവനങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞുള്ളൂ. പക്ഷെ അതുണ്ടാക്കിയത് അപകടകരമായ അനുകരണങ്ങള്‍ ആണ്. ഗള്‍ഫുകാരന്റെ വീട് എന്ന പ്രയോഗം തന്നെ ഉണ്ടായി. നാട്ടില്‍ സ്ഥിരമായി ജീവിക്കുന്നവര്‍ക്ക് അത്തരം വീട് നിര്‍മ്മിതിയില്‍ വല്ലാത്തൊരു അഭിനിവേശം ഉണ്ടായി. അത് പിന്നെ അനുകരണത്തിന്റെ വഴിയായി മാറി. ഭൂമിയുടെ പരിമിതിയെ മറികടക്കാന്‍ നെല്‍വയലുകളില്‍ കുന്നിടിച്ച മണ്ണ് വന്നു വീണു. ഓരോ സമയം രണ്ട് നിലവിളികള്‍. തന്റെ നെഞ്ചില്‍ നിന്നും മണ്ണ് അടര്‍ന്ന് വീണപ്പോഴാണ് കുന്ന് കരഞ്ഞതെങ്കില്‍ ആ മണ്ണിന്റെ ഭാരം താങ്ങാതെയാണ് വയല്‍ നിലവിളിച്ചത്. 1995നു ശേഷം ഇത്തരം മാറ്റങ്ങളിലൂടെ അതിവേഗതയിലാണ് കേരളത്തില്‍ നഗരവല്‍ക്കരണം നടന്നത്. ഇതില്‍ ചെറുതല്ലാത്ത പങ്കാണ് പ്രവാസ സമ്പത്തിനുള്ളത്.
വളരെ ന്യൂനപക്ഷമായ പ്രവാസികള്‍ മാത്രമാണ് കേരളത്തില്‍ നടന്ന ഇത്തരം ആവാസ മാറ്റത്തില്‍ പങ്കാളികളായത്. തൊണ്ണൂറ് ശതമാനത്തില്‍ അധികം സാധാരണക്കാരായ പ്രവാസികളുടെ അവസ്ഥ മറ്റൊന്നാണ്. അവരെയാണ് പ്രളയജലം ആഴത്തില്‍ മുറിവേല്‍പ്പിച്ചത്. ഗള്‍ഫിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന ഈ പ്രവാസിവര്‍ഗത്തിന്റെ ജീവിതരീതികള്‍ തന്നെ വേറെയാണ്. കഫ്റ്റീരിയ, ഗ്രോസറി, ക്ലിനിങ്ങ് കമ്പനി, വിവിധ രംഗങ്ങളിലെ ഡ്രൈവര്‍മാര്‍, ഓഫീസ് ബോയ് തുടങ്ങിയ മേഖലകളിലാണ് സാധാരണക്കാരായ ഭൂരിപക്ഷം മലയാളികളും ജോലി ചെയ്യുന്നത്. പലപ്പോഴും പന്ത്രണ്ട് മണിക്കൂറില്‍ കൂടുതല്‍ അവധിയില്ലാത്ത ജോലി. ഇത്തരക്കാര്‍ രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ നാട്ടില്‍ പോകുന്നതിനെ കുറിച്ച് ചിന്തിക്കൂ കാരണം, ചെലവ് പരമാവധി കുറച്ച് കൈയില്‍ കിട്ടുന്ന കാശുകൊണ്ട് സ്വന്തമായൊരു വീട് എന്നതാണ് ഏതൊരു പ്രവാസിയുടെ പ്രഥമ പരിഗണന.
സാധാരണക്കാരായ പ്രവാസിക്ക് എല്ലാം ചെലവും കഴിച്ച് പരമാവധി മിച്ചം വയ്ക്കാന്‍ കഴിയുക ഇരുപത്തി അയ്യായിരം രൂപയായിരിക്കും.(ചിലര്‍ക്ക് മൂപ്പതോ മൂപ്പതിയഞ്ചോ).ആ പണം നാട്ടില്‍ എത്തിയാല്‍ കുടുംബത്തിന്റെ ചിലവ് അതില്‍ നിന്നും കഴിയണം. ബാക്കി വരുന്നതിലുടെയും വായ്പ വാങ്ങിയും ഒരു പ്രവാസിക്ക് സ്വന്തമായ ഒരു വീട് നിര്‍മിച്ചെടുക്കാന്‍ അനേകം പ്രവാസവര്‍ഷങ്ങള്‍ ആവശ്യമാണ്. ഈ അനേകം എന്നതിന് ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ എന്നാണ് അര്‍ത്ഥം. ആ കാലത്തിനുള്ളില്‍ പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും കുടുംബത്തെ പിരിഞ്ഞുള്ള ജീവിതവും അയാളെ രോഗിയാക്കി മാറ്റിയിരിക്കും. ഇരുപത്തിയഞ്ച് വയസ്സില്‍ തുടങ്ങിയ പ്രവാസമാണെങ്കില്‍ അന്‍പതാമത്തെ വയസില്‍ മടക്കത്തിന്റെ കാലമാണ്. അതിനിടയില്‍ നഷ്ടമായത് ദാമ്പത്യം, മക്കളുടെ സാമീപ്യം, നാട്ടിന്റെ ജൈവപ്രകൃതി തുടങ്ങിയവയാണ്., അപ്പോഴും അയാളെ ആനന്ദത്തിലേക്ക് ആവാഹിച്ചെടുക്കുന്ന ഏകഘടകം തന്റെ വിയര്‍പ്പിന്റെ ശക്തിയില്‍ പണിത വീട് എന്ന തണലാണ്.പ്രത്യക്ഷത്തില്‍ അതൊരു വീടാണ്. അത് ഒരു രക്ഷിതാവിന് നല്‍കുന്ന സൂരക്ഷിതത്വബോധം ചെറുതല്ല. ഏത് നിമിഷവും അവസാനിച്ച് പോവുന്ന ജീവിതത്തില്‍, കുടുംബത്തിന് ഒരു തണല്‍ നിര്‍മിച്ചെടുക്കാന്‍ കഴിഞ്ഞു എന്ന സമാധാനം, സംതൃപ്തി. അതിനുള്ളില്‍ ഏതൊരു പ്രവാസിയും അനുഭവിക്കുന്ന ആഹ്ലാദം ചെറുതല്ല. ആ ആഹ്ലാദത്തിലേക്കാണ് പെട്ടെന്ന് മഹാപ്രളയം ഒഴുകി എത്തിയത്.
പ്രളയം സൃഷ്ടിച്ച നഷ്ടങ്ങള്‍. അതില്‍പ്പെട്ട മനുഷ്യ ജീവനുകളും, മറ്റ് ജീവജാലങ്ങളും. ജീവിച്ചിരിക്കുന്നവര്‍ ഈ നിമിഷവും ആ നഷ്ട്ടങ്ങളെക്കുറിച്ച് വേദനിക്കുന്നു. ഓരോ നഷ്ടങ്ങളും അതിന്റെ അവകാശികളെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്കാണ് നയിക്കുന്നത്. കാരണം, അനിശ്ചിതമായ ഭാവി തന്നെ. അതില്‍പ്പെട്ട പ്രവാസികളുടെ നെഞ്ച് പൊട്ടിപിളര്‍ക്കുന്നത് ഇരട്ട നഷ്ടങ്ങള്‍ കൊണ്ടാണ്. നാടിനെയും കുടുംബത്തെയും പിരിഞ്ഞ് ഉണ്ടാക്കിയ ഏക സമ്പാദ്യമായ വീടിനെയാണ് പ്രളയജലം നക്കിയെടുത്തത്. ഇനി പ്രവാസം തുടര്‍ന്നോ, അതില്‍ ജോലി ചെയ്‌തോ വീട് നിര്‍മിക്കാനുള്ള മാനസികമായ കരുത്തും, ശാരീരികമായ ശക്തിയും ഇത്തരം പ്രവാസികളില്‍ ബാക്കിയില്ല. കൊളസ്‌ട്രോളും, പ്രഷറും, ഷുഗറും വന്നു നിറഞ്ഞ ശരീരത്തെ സമാധാനത്തോടെ ഒന്ന് കിടത്താനുള്ള ആ തണലിടമാണ് മഹാപ്രളയം വലിച്ച് കൊണ്ടുപോയത്.
അനിശ്ചിതമായ ഭാവിക്ക് മുമ്പില്‍ സ്തംഭിച്ച് നില്‍ക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഒപ്പമുണ്ട് ഈ പ്രവാസികളും. എന്നിട്ടും എന്തിന് പ്രത്യേക പരിഗണന എന്ന് ചിന്തിക്കരുത്. പ്രവാസത്തിന്റെ ഏകാന്ത ദ്വീപില്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിന്റെ ആഴത്തെക്കുറിച്ചും നാട് അറിയേണ്ടതുണ്ട്. പുനര്‍നിര്‍മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും എല്ലാ തരത്തിലുള്ള പരിഗണനയും പ്രവാസികള്‍ക്ക് കിട്ടണം. വോട്ടര്‍ പട്ടികയിലും, റേഷന്‍ കാര്‍ഡിലും പേരില്ലാത്ത പ്രവാസികളായ ഗൃഹനാഥരെ സാങ്കേതികതയുടെ പേരില്‍ ഒരു തരിമ്പ് പോലും അവഗണിക്കരുത്. അവരും അവരുടെ പൂര്‍വികരുമാണ് കേരളത്തിന്റെ ഭൗതിക വളര്‍ച്ചയില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്. എന്നാല്‍ കാലം മാറി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സൗദി അറേബ്യയില്‍ നിന്നു മാത്രം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ പ്രവാസികളാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോയത്. സ്വദേശിവല്‍ക്കരണം ഉണ്ടാക്കിയ ഈ തൊഴില്‍ നഷ്ടത്തില്‍ വലിയ ശതമാനം മലയാളിയുമുണ്ട്. നാട്ടില്‍ എത്തിയവര്‍ സ്വയം തൊഴിലായും മറ്റും ജീവിതമാര്‍ഗങ്ങള്‍ ഒരുക്കുന്നതിനിടയിലാണ് മഹാപ്രളയം അതിനു മുകളില്‍ കുത്തിയൊലിച്ചത്. അതുണ്ടാക്കാന്‍ പോവുന്ന അനിശ്ചിതത്വം ഭീകരമാണ്.
2018 ന്റെ തുടക്കത്തില്‍ തന്നെ സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം മൂലമുള്ള മടക്കങ്ങള്‍ക്ക് ശക്തി വര്‍ധിച്ചിരുന്നു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം പന്ത്രണ്ട് വിഭാഗങ്ങളില്‍ സെപ്റ്റംബര്‍ പതിനൊന്ന് മുതല്‍ സ്വദേശിവല്‍ക്കരണം ആരംഭിക്കുകയാണ്. ജനുവരിയോടെ വാച്ച്, ഇലക്ട്രിക്, ഇലക്ട്രോണിക്ക്, കണ്ണട തുടങ്ങിയവയുടെ വില്‍പനയും സേവനവും സ്വദേശിവല്‍ക്കരണത്തില്‍ പെടും. പിന്നീട് വരുന്ന വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ എന്നീ കച്ചവടവും പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കപ്പെടും. ഈ മേഖലയില്‍ ഭൂരിപക്ഷവും മലയാളികള്‍ ആണ് എന്നത് വലിയ ആശങ്ക നല്‍കുന്ന കാര്യമാണ്. വര്‍ഷങ്ങളായി മലയാളികളുടെ ആധിപത്യത്തിലുള്ള വസ്ത്രം, ഫര്‍ണിച്ചര്‍ എന്നീ രംഗത്ത് അടുത്ത ആഴ്ചയില്‍ സ്വദേശിവല്‍ക്കരണം തുടങ്ങും. വസ്ത്ര വ്യാപാര മേഖലയില്‍ കോടിക്കണക്കിന് നിക്ഷേപമുള്ള മലയാളികളുണ്ട് അവരെ ആശ്രയിച്ച് നില്‍ക്കുന്ന നൂറ് കണക്കിന് മലയാളികളായ തൊഴിലാളികളുണ്ട്. മുകളില്‍ പറഞ്ഞ സാധാരണ പ്രവാസികള്‍ ഇവരാണ്. ഇവരുടെ അനിശ്ചിതത്വമായ ജീവിതത്തിലേക്കാണ് പ്രളയജലം കുത്തിയൊലിച്ച് വന്നത്.
ഇങ്ങനെ ഇരട്ട ആഘാതങ്ങള്‍ക്ക് മുമ്പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന പ്രവാസികള്‍ക്ക് എങ്ങനെ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയും? നാട്ടില്‍ സ്ഥിര താമസമാക്കിയവര്‍ക്കും ഭാവി അനിശ്ചിതത്വത്തിന്റേതാണ്. എന്നാല്‍ മുറിഞ്ഞ് പോയതാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള ജോലിയുടെ തുടര്‍ച്ചക്ക് ഉള്ള സാധ്യത അവര്‍ക്ക് മുമ്പിലുണ്ട്. എത്ര ശക്തമായി വെയില്‍ ഉദിച്ചാലും പ്രളയബാധിത പ്രദേശങ്ങളിലെ നനവ് ഉണങ്ങാന്‍ സമയം എടുക്കും. ഭൂരിപക്ഷത്തിനും ഒന്നില്‍ നിന്നു തന്നെ തുടങ്ങണം. അത്തരമൊരു ദേശത്ത് പ്രവാസികള്‍ നിലനില്‍പ്പിനു വേണ്ടി എന്ത് സ്വയം തൊഴിലാണ് ആരംഭിക്കുക.? പത്തോ ഇരുപതോ അതില്‍കൂടുതലോ വര്‍ഷത്തെ പുറംവാസം കൊണ്ട് ഉണ്ടാക്കിയ കിടപ്പാടം പോലും നഷ്ട്ടമായവര്‍ക്ക് മുമ്പില്‍ ഇരുട്ടിന്റെ ആഴം മഹാഗര്‍ത്തങ്ങളായി മാറുകയാണ്. എന്നാല്‍ വിവിധ തൊഴില്‍ മേഖലയില്‍ ഏറെ പരിചയ സമ്പന്നരായ പ്രവാസികള്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സാധ്യതയെ കണ്ടെത്തണം. മുമ്പിലെ സാധ്യതയിലേക്ക് നോക്കിക്കൊണ്ടേയിരിക്കണം ഓരോ പ്രവാസികളും.
പുനര്‍ നിര്‍മിക്കപ്പെടുന്ന കേരളത്തിന് ആവശ്യമായ മനുഷ്യാധ്വാനത്തെ ഒരു തൊഴിലായി സ്വീകരിക്കാന്‍ ആ മേഖലയില്‍ പ്രവര്‍ത്തിച്ച പ്രവാസികള്‍ക്ക് കഴിയണം. അനുബന്ധമായി വരുന്ന ടെക്‌നിക്കല്‍ ജോലികളും വൃത്തിയിലും പുതിയ രീതിയിലും കാഴ്ചവെയ്ക്കാന്‍ ആ മേഖലയില്‍ ജോലി ചെയ്ത പ്രവാസികള്‍ക്ക് കഴിയും. ഇങ്ങനെ പ്രവാസ ലോകത്ത് നിന്നും ആര്‍ജിച്ചെടുത്ത എല്ലാം അറിവുകളും കഴിവുകളും സ്വന്തം നാടിന്റെ പുനര്‍നിര്‍മ്മാണത്തിന് നല്‍കിക്കൊണ്ട് അതൊരു തൊഴില്‍ അതിജീവനമായി മാറ്റാന്‍ പ്രവാസികള്‍ക്ക് കഴിയണം.
പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ ചെറുതല്ല. അവ ഓരോ താളുകളായി നാം പഠിക്കണം. അതില്‍ ഒന്ന് പ്രകൃതിക്ക് അനുസരിച്ച ആവാസ വ്യവസ്ഥയില്‍ ജീവിക്കാന്‍ തയാറാവണം എന്നാണ്. പണം ഉള്ളത് കൊണ്ട് എന്തും വെട്ടിപിടിക്കാമെന്ന ധാരണ മാറണം. തന്റെ ആര്‍ത്തി മറ്റുള്ളവരെ നാശത്തിലേക്കാണ് നയിക്കുന്നത് എന്ന തിരിച്ചറിവിലേക്ക് ഓരോ മനുഷ്യനും മാറണം. അത്തരം ആലോചനയില്‍ പ്രവാസികള്‍ക്ക് എവിടെയെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെക്കില്‍ അത് തിരുത്താനുള്ള അവസരം കൂടിയാണ് പ്രളയം നല്‍കിയിരിക്കുന്നത്. അതിനിടയില്‍ ഒലിച്ചുപോയ പ്രവാസ വര്‍ഷങ്ങള്‍ നോവായി അനുഭവിക്കുകയാണ് പ്രവാസികള്‍.