Web Desk

ന്യൂഡൽഹി

March 24, 2020, 9:19 pm

കൂടുതൽ ബജറ്റ് വിഹിതം വേണമെന്ന ആവശ്യം ധനമന്ത്രാലയം തള്ളി

കാർഷികോല്പന്നങ്ങളുടെ കുറഞ്ഞ താങ്ങുവില
Janayugom Online

കാർഷികോല്പന്നങ്ങളുടെ കുറഞ്ഞ താങ്ങുവില വർധിപ്പിക്കുന്നതിന് കൂടുതൽ ബജറ്റ് വിഹിതം വേണമെന്ന ആവശ്യം ധനമന്ത്രാലയം നിരസിച്ചതായി റിപ്പോർട്ട്. കൂടാതെ കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രധാൻമന്ത്രി ഫസൽ ഭീമാ യോജന, കാർഷിക വായ്പകൾക്കുള്ള പലിശാ ഇളവുകൾ എന്നിവയ്ക്കുള്ള ബജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറച്ചതായി ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ പറയുന്നു. പയറുവർഗങ്ങൾ, എണ്ണക്കുരു, കൊപ്ര, ജോവർ, മിലറ്റ്, നെല്ല്, ഗോതമ്പ് ഉൾപ്പടെയുള്ള കാർഷികകോല്പന്നങ്ങളുടെ കുറഞ്ഞുതാങ്ങുവില വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാർ തള്ളിയത്.

ഇതോടെ കമ്പോള ഇടപെടൽ പദ്ധതി, പ്രധാൻമന്ത്രി അന്നദാതാ പദ്ധതി ( എംഐഎസ്- പിഎസ്എസ്) ഉൾപ്പടെയുള്ളവ അവതാളത്തിലായി. എംഐഎസ്- പിഎസ്എസ് പദ്ധതിക്കായി 14,337 കോടി രൂപയാണ് കൃഷി മന്ത്രാലയം ആവശ്യപ്പെട്ടത്. ഇതിൽ 1500 കോടിയോളം രൂപ കുറവാണ് അനുവദിച്ചത്. പിഎം കിസാൻ പദ്ധതിക്കായി 75,000 കോടി രൂപയാണ് കൃഷി മന്ത്രാലയം ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ ധനമന്ത്രാലയം തയ്യാറായില്ല. പിഎം കിസാൻ പദ്ധതിക്കായി 2020–21 ബജറ്റിൽ 60,180 കോടി രൂപയാണ് അനുവദിച്ചത്. രാജ്യത്ത് പദ്ധതി ആനുകൂല്യത്തിന് അർഹരായ കർഷകരുടെ എണ്ണം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പക്കൽ ഇപ്പോഴുമില്ല. ഈ വാദം ചൂണ്ടിക്കാട്ടിയാണ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചത്.

Eng­lish Summary:Finance Min­istry rejects demands for high­er bud­getary allocation

You may also like this video