ധനകാര്യ സെക്രട്ടറിക്ക് ദീപാവലി സമ്മാനം സ്വര്‍ണ്ണക്കട്ടി; അന്വേഷണമില്ല

Web Desk

ന്യൂഡല്‍ഹി

Posted on March 07, 2018, 8:58 pm

ദീപാവലി സമ്മാനമായി സ്വര്‍ണ്ണക്കട്ടി കൈപ്പറ്റിയത് സ്ഥിരീകരിച്ച് കേന്ദ്ര ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയാ. ഇരുപത് ഗ്രാമിന്‍റെ രണ്ട് സ്വര്‍ണ്ണക്കട്ടി കൈപ്പറ്റിയതായാണ് മന്ത്രി സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷത്തിനിപ്പുറവും ആരാണ് സ്വര്‍ണ്ണക്കട്ടി കൊടുത്തതെന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണം ഇതുവരെ ഉണ്ടായിട്ടില്ല. കൈക്കൂലി ഇനത്തിലാണോ ഇത് നല്‍കിയതെന്ന കാര്യത്തില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പോലും വ്യക്തതയില്ല.

രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഇൗ സമ്മാനം 2016 ലാണ് ആദിയക്ക് കിട്ടുന്നത്. 2016 നവംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് പിന്‍വലിച്ച സമയത്ത് സമ്മാനമായി സ്വര്‍ണ്ണക്കട്ടി കിട്ടിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സമ്മാനം ലഭിക്കുന്ന സമയത്ത് റവന്യൂ സെക്രട്ടറിയുടെ ഓഫിസിന്‍റെ താക്കോല്‍ തന്‍റെ കൈവശമായിരുന്നുവെന്നും ആദിയ സമ്മതിക്കുന്നു.

അതേസമയം, ന്യൂ മോട്ടി ബാഗിലുള്ള തന്‍റെ വസതിയിലേക്കാണ് അജ്ഞാതന്‍ സ്വര്‍ണ്ണക്കട്ടി അയച്ചത്. ആ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. ആരാണ് ഇത് നല്‍കിയതെന്ന് അറിയില്ല, ആദിയ പറഞ്ഞു. എന്നാല്‍, സ്വര്‍ണ്ണക്കട്ടി ലഭിച്ചതിനുശേഷം ഇദ്ദേഹം സിബിഐക്ക് വിടാതെ സര്‍ക്കാര്‍ ഒൗദ്യോഗിക തോഷാഗാനയിലേക്ക് അയച്ചു. മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കിട്ടുന്ന വിലയേറിയ വസ്തുക്കള്‍ നിക്ഷേപിക്കാന്‍ വിദേശമന്ത്രാലയം നടത്തുന്ന സംവിധാനമാണ് തോഷാഗാന. വിവാദ രത്ന വ്യാപാരി നീരവ് മോഡിയില്‍നിന്നും ദീപാവലി സമ്മാനം ലഭിച്ചുവെന്നും അത് തോഷാഗാനയിലേക്ക് നിക്ഷേപിച്ചുവെന്നുമുള്ള ആരോപണം 24 മണിക്കൂറിനുള്ളില്‍ ആദിയ നിഷേധിച്ചിരുന്നുവെന്നും “ദി വയര്‍” റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വര്‍ണ്ണക്കട്ടി തോഷാഗാനയില്‍ നിക്ഷേപിക്കുമ്പോള്‍ ആരില്‍ നിന്നാണ് അത് ലഭിച്ചതെന്ന് വ്യക്തമാക്കാന്‍ ആദിയ വിസ്സമ്മതിച്ചിരുന്നു. ഇത്തരം തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ അത്ഭുതം തോന്നുന്നുവെന്ന് ആദിയ പ്രതികരിച്ചു.

Photo Courtesy: Reuters/PTI