സാമ്പത്തിക പ്രതിസന്ധി; ഝാര്‍ഖണ്ഡില്‍ പത്രപരസ്യം നല്‍കി വ്യവസായികളുടെ പ്രതിഷേധം

Web Desk
Posted on August 25, 2019, 10:44 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഝാര്‍ഖണ്ഡില്‍ വ്യവസായികളുടെ വേറിട്ട പ്രതിഷേധം.
സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് ഇവര്‍ വര്‍ത്തമാന പത്രങ്ങളില്‍ പരസ്യം നല്‍കി. ഝാര്‍ഖണ്ഡിലെ നോര്‍ത്ത് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മില്‍സ് അസോസിയേഷന്‍, ടീ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് സര്‍ക്കാര്‍ ധനസഹായം ആവശ്യപ്പെട്ട് പത്രപരസ്യം നല്‍കിയത്.

ഇത് കൂടാതെ ഝാര്‍ഖണ്ഡ് ചേമ്പര്‍ ഓഫ് കൊമഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസസിന്റെ നേതൃത്വത്തില്‍ തലസ്ഥാനമായ റാഞ്ചിയിലെ വിവിധ കേന്ദ്രങ്ങളിലും സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ വസതിക്കുമുന്നില്‍ കൂറ്റന്‍ ബോര്‍ഡാണ് സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണങ്ങളും ബോര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയപ്പെട്ട സര്‍ക്കാരെ തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കൂവെന്നാണ് ബോര്‍ഡിലെ വാചകങ്ങള്‍.

ഏകജാലക സംവിധാനത്തിന്റെ പരാജയം, പൊലീസിന്റെ ഭീഷണി, വ്യാവസായിക മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാര്യങ്ങളാണ് തങ്ങളെ ഏറെ വലയ്ക്കുന്നതെന്ന് ചേമ്പര്‍ ഓഫ് കൊമഴ്‌സ് പ്രസിഡന്റ് ദീപക് മാരൂ വ്യക്തമാക്കി. സര്‍ക്കാരിന്റെ അനാസ്ഥകാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പതിനായിരത്തിലധികം വ്യവസായ ശാലകള്‍ അടച്ചുപൂട്ടി. ഇപ്പോള്‍ ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു.

YOU MAY LIKE THIS VIDEO ALSO