Web Desk

തൊടുപുഴ

March 17, 2020, 8:58 pm

സാമ്പത്തിക തട്ടിപ്പ്: മുങ്ങി നടന്ന പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ

Janayugom Online

നിരവധി സാമ്പത്തിക തട്ടിപ്പു കേസുകൾ നടത്തി പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി നടന്ന പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ. അങ്കമാലി കിടങ്ങൂർ പാറേക്കാട്ടിൽ പീറ്റർ (47) ആണ് കാളിയാർ പൊലീസിന്റെ പിടിയിലായത്. ഇയാൾ അങ്കമാലി കേന്ദ്രമാക്കി രാജശ്രീ ചിട്ടിഫണ്ട് എന്ന പേരിൽ പണമിടപാട് സ്ഥാപനം നടത്തി പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഇതിന്റെ പേരിൽ 2010‑ൽ കാളിയാർ പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ 12 കേസുകൾ നിലവിലുണ്ട്.

ചാലക്കുടി, അങ്കമാലി, വൈക്കം, തൊടുപുഴ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി 32 കേസുകളും പ്രതിയുടെ പേരിലുണ്ട്. നേരത്തെ പൊലീസ് പിടിയിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ഇടക്കിടെ നാട്ടിൽ വന്നു പോകുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി പി കെ മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ കാളിയാർ സിഐ പി പങ്കജാക്ഷന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ അങ്കമാലിയിലുള്ള വീട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എസ്ഐ മാരായ തൃദീപ്, ചന്ദ്രൻ, ഇബ്രാഹിം, എഎസ്ഐ വിജേഷ്, സിപിഒമാരായ മനു, സന്ദീപ്, വനിത സിവിൽ പൊലീസ് ഓഫീസർ ഫ്രീഡ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.