November 29, 2022 Tuesday

Related news

September 15, 2022
September 1, 2022
August 7, 2022
June 1, 2022
April 29, 2022
February 14, 2022
December 2, 2021
October 14, 2021
August 26, 2021
July 10, 2021

അയോധ്യയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന് പിന്നിലും സാമ്പത്തിക തട്ടിപ്പ്

Janayugom Webdesk
June 14, 2021 2:19 pm

ശ്രീരാമന്റെ പേരിൽ അയോധ്യയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന് പിന്നിലും സാമ്പത്തിക തട്ടിപ്പ്. കുറച്ചുകാലമായീ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ രാമക്ഷേത്രത്തിന്റെ പേരിൽ് കോടികളുടെ ഭൂമി തട്ടിപ്പും നടന്നെന്ന ആരോപണം ഉയർന്നിരിക്കുന്നു. ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികളാണ് രാമക്ഷേത്ര ട്രസ്റ്റിനെ വെട്ടിലാക്കുന്ന ആരോപണങ്ങളുമായി രംഗത്തുവന്നത്.കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം സ്ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ് തട്ടിപ്പിന് പിന്നിലെന്ന് സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും ആരോപിക്കുന്നത്. ഒരു ഭൂമി ഇടപാടിലെ സാമ്പത്തിക അന്തരവും തട്ടിപ്പും ചൂണ്ടിക്കാട്ടിയാണ് ഇവർ രംഗത്തുവന്നത്. മാർച്ച് 18ന് ഒരു വ്യക്തിയിൽനിന്ന് 1.208 ഹെക്ടർ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയൽ എസ്‌റ്റേറ്റ് ഏജന്റുമാർ മിനിറ്റുകൾ കഴിഞ്ഞ് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് വിൽക്കുന്നത് 18.5 കോടിക്കാണ്. രണ്ട് ഇടപാടുകൾക്കിടയിൽ 10 മിനിറ്റിൽ താഴെ സമയവ്യത്യാസം മാത്രം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേക ഇരട്ടികളായി വർധിച്ചതെന്ന് വിശദീകരിക്കണമെന്ന് മുൻ മന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടു. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും പാണ്ഡെ കൂട്ടിച്ചേർത്തു. ബാബ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർക്ക് വിൽപന നടത്തിയത്. ഇവരിൽനിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. രണ്ട് ഇടപാടുകളിലും അയോധ്യ മേയർ ഋഷികേഷ് ഉപാധ്യായയും രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുമാണ് സാക്ഷികൾ. ഇടപാട് നടന്നയുടൻ 17 കോടി ബാങ്ക് വഴി കൈമാറുകയും ചെയ്തു. 

മിനിറ്റുകൾക്കിടെ ഭൂമിയിൽ എന്ത് സ്വർണഖനിയാണ് കണ്ടെടുത്തതെന്നും പണം ആര് കൈപ്പറ്റിയെന്നും അന്വേഷിക്കണമെന്നും പവൻ പാണ്ഡെ ആവശ്യപ്പെട്ടു.2020 ഫെബ്രുവരിയിലാണ് മോദി സർക്കാർ രാമക്ഷേത്ര നിർമ്മാണത്തിനായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ടമാണ് ചുമതല. ഉത്തരവു പ്രകാരം 70 ഏക്കർ ഭൂമി ക്ഷേത്രത്തിനായി അനുവദിച്ചിട്ടുണ്ട്. 15 അംഗ സമിതിയിൽ 12 പേരും കേന്ദ്രം നാമനിർദ്ദേശം നടത്തുന്നവരാണ്.ക്ഷേത്രത്തിനായി നീക്കിവെച്ച ഭൂമിയോടു ചേർന്നുള്ള ഭൂമിയിലാണ് ഇടപാട് നടന്നത്. എ.എ.പി രാജ്യസഭ എംപി സഞ്ജയ് സിങ് ഞായറാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിലും ഇതേ ആവശ്യം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് ഉൾപെടെ സംശയിക്കണമെന്നും സംഭവം സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നും സഞ്ജയ് സിങ് പറഞ്ഞു. എന്നാൽ, 100 വർഷമായി സമാന ആരോപണങ്ങൾ മുഴക്കിക്കൊണ്ടിരിക്കുകയാണെന്നും അന്ന് മഹാത്മ ഗാന്ധിയെ കൊന്നത് ഞങ്ങളാണെന്ന് അവർ പറഞ്ഞിരുന്നുവെന്നും ട്രസ്റ്റ് സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായ് പറഞ്ഞു.അതേസമയം ഇതാദ്യമായല്ല രാമക്ഷേത്ര ട്ര്സ്റ്റ് വിവാദത്തിൽ ചാടുന്നത്. 

രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ ഫണ്ടിൽ നിന്ന് അജ്ഞാതർ ലക്ഷങ്ങൾ തട്ടിയെടുത്തത് സംബന്ധിച്ച് കേസിൽ അന്വേഷണം നടന്നു കൊണ്ടിരിക്കയാണ്. വ്യാജ ചെക്കുകളുപയോഗിച്ചാണു പണം തട്ടിയെടുത്തത്. മൂന്നാംതവണ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഫോണിൽ വിവരം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ലക്‌നൗവിലെ രണ്ടു ബാങ്കുകളിൽ നിന്നാണു പണം പിൻവലിച്ചതെന്ന് അറിവായിട്ടുണ്ട്.എത്ര പണം പിൻവലിച്ചുവെന്നതു സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ക്ഷേത്ര നിർമ്മാണത്തിന് സമാഹരിച്ച 1400 കോടി രൂപ ബിജെപി മുക്കിയതായി കഴിഞ്ഞദിവസം ഏതാനും സന്ന്യാസിമാർ ആരോപിച്ചിരുന്നു. രഥയാത്ര നടത്തി ബിജെപി പിരിച്ചെടുത്ത തുകയാണ് കാണാതായതെന്നും ഇതു പാർട്ടിയുടെ ആവശ്യത്തിനുപയോഗിച്ചെന്നും സന്ന്യാസിമാർ ആരോപിച്ചിരുന്നു. സമാന ആരോപണവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്നു പണം നഷ്ടമായത്.
eng­lish summary;Financial fraud behind the tem­ple being built in Ayodhya
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.