Janayugom Online
SHUT DOWN

ധനകാര്യസ്ഥാപന ഉടമയെ തീക്കൊളുത്തി കൊന്നസംഭവം: പണമിടപാട് സ്ഥാപനങ്ങള്‍ ഇന്ന് അടച്ചിടും

Web Desk
Posted on July 15, 2018, 8:31 pm

കോഴിക്കോട്: സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ ജീവനോടെ തീക്കൊളുത്തി കൊന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഇന്ന് അടച്ചിടും. ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ 230 ഓളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധത്തില്‍ പങ്കുചേരും. മറ്റു ജില്ലകളില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരും അസോസിയേഷന്‍ പ്രവര്‍ത്തകരും കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തുക. കൈതപ്പൊയില്‍ മലബാര്‍ ഫിനാന്‍സിയേഴ്‌സ് ഉടമ പി ടി കുരുവിളയെ യാതൊരു പ്രകോപനങ്ങളുമില്ലാതെയാണ് പ്രതി സുമേഷ്‌കുമാര്‍ തീക്കൊളുത്തിയതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് തൊട്ടടുത്തുള്ള എല്ലാവരും പള്ളിയില്‍ പോയ തക്കം നോക്കിയാണ് പ്രതി കൃത്യം ചെയ്തത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവം ഇതാദ്യമാണെങ്കിലും സ്ഥാപനങ്ങളില്‍ ഒറ്റയ്ക്ക് ഇരിക്കരുതെന്ന് സംഘടന എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസഫ് ചോതിരക്കുന്നേല്‍, ജില്ലാ പ്രസിഡന്റ് കെ ടി വര്‍ഗീസ്, പി എ ജോസ്, അരങ്ങില്‍ ഗിരീഷ് കുമാര്‍ പങ്കെടുത്തു.