Web Desk

ന്യൂഡല്‍ഹി

October 13, 2020, 10:47 pm

സാമ്പത്തിക പാക്കേജ് കബളിപ്പിക്കൽ: സിപിഐ

Janayugom Online

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. ഉപഭോഗവും നിക്ഷേപവും പുനരുജ്ജീവിപ്പിക്കുന്നതിനെന്ന് ഉയര്‍ത്തിക്കാട്ടിയാണ് നിര്‍മ്മലാ സീതാരാമന്‍ പുതിയ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ രാജ്യത്ത് ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് മറസൃഷ്ടിച്ചുകൊണ്ട് അവരെ വഞ്ചിതരാക്കാനുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്രമന്ത്രി നടത്തിയതെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

സാമ്പത്തിക പ്രവര്‍ത്തന മേഖലയില്‍ അര്‍ത്ഥവത്തായതോ ദീര്‍ഘകാലടിസ്ഥാനത്തിലോ ഉള്ള ഒരു മാറ്റവുമുണ്ടാക്കാന്‍ ഈ പാക്കേജുകള്‍ പ്രാപ്തമല്ല. താറുമാറായി കിടക്കുന്ന സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ ഉപഭോക്തൃ വികാരം മനസിലാക്കിക്കൊണ്ടുള്ള നടപടിയാണ് ആവശ്യം. എന്നാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മോഡി സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുപിടിക്കാനുള്ള പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസവും നടന്നത്. ഇതിനായി എന്നത്തെയും പോലെ ചില മോഹനവാഗ്ദാനങ്ങള്‍ മാത്രമാണ് കേന്ദ്രമന്ത്രി നടത്തിയിരിക്കുന്നത്. 

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു പകരം രാജ്യത്ത് തൊഴിലുകള്‍ ഇല്ലാതാക്കുന്ന പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. അനേകം നിയന്ത്രണങ്ങളോടെ പ്രഖ്യാപിച്ച ക്യാഷ് വൗച്ചര്‍ സ്കീം പണം ചെലവഴിക്കുന്നതില്‍ ജനങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നും ഇത് ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രഹസനങ്ങള്‍ മാത്രമാണെന്നും സിപിഐ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറ‌ഞ്ഞു.

ENGLISH SUMMARY:Financial Pack­age Fraud: CPI
You may also like this video