March 22, 2023 Wednesday

ജനതയുടെ ജീവിത യാഥാർത്ഥ്യം തിരിച്ചറിയുമോ?

ഡോ. കെ പി വിപിൻ ചന്ദ്രൻ
January 30, 2023 4:30 am

2023 ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെ ഇന്ത്യയിലെ ജനസാമാന്യവും നയരൂപീകരണ വിദഗ്ധരും ഗൗരവമായാണ് വീക്ഷിക്കുന്നത്. നിലവിൽ ആഗോള സമ്പദ് വ്യവസ്ഥ നിരവധി പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഉയർന്ന പണപ്പെരുപ്പം, കുതിച്ചു കയറുന്ന പലിശ നിരക്ക്, മിക്ക രാജ്യങ്ങളിലെയും സാമ്പത്തിക സ്ഥിതി മോശമാവുക, റഷ്യൻ-ഉക്രെയ്ൻ യുദ്ധം, കോവിഡ്-19 മഹാമാരി എന്നിങ്ങനെ നിരവധി കാരണങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ അലോസരപ്പെടുത്തുന്നു. ഇന്ത്യയിലെ ഉയർന്ന പണപ്പെരുപ്പം നിയന്ത്രണമില്ലാതെ തുടരുന്നതും അതിനൊപ്പം തൊഴിലില്ലായ്മ ക്രമാതീതമായി ഉയർന്നു നിൽക്കുന്നതും വ്യക്തികളുടെ വാങ്ങൽ ശേഷിയെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഞെട്ടിപ്പിക്കുന്ന തരത്തിൽ ഉയർന്നതാണ്. ഉയർന്ന പണപ്പെരുപ്പം, താഴ്ന്ന വളർച്ചാനിരക്ക്, കൂടിയ തൊഴിലില്ലായ്മ നിരക്ക് എന്നിവയാൽ നിലവിൽ ഇന്ത്യ സ്തംഭനാവസ്ഥയുടെ മുൾമുനയിലാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ഒമ്പതോളം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള സമ്പൂർണ ബജറ്റാണെന്നതും ഭരണകക്ഷിയെ സംബന്ധിച്ച് ഈ ബജറ്റിന് പ്രാധാന്യം ഏറെയാണ്. ഇന്ത്യൻ ജനതയുടെ ജീവിത യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാനും അതിനെ നേർദിശയിലേക്ക് നയിക്കാനും പ്രാപ്തമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് ജനസാമാന്യം. ഒരു രാജ്യത്തിന്റെ വികസനത്തിൽ സാമ്പത്തിക വളർച്ചയാണോ മാനവിക വികസനമാണോ മുഖ്യമെന്ന ചോദ്യത്തിനാണ് ആദ്യം ഉത്തരം കാണേണ്ടത്. സാമ്പത്തിക വിദഗ്ധർ രാജ്യത്തെ നയ രൂപീകരണം നടത്തുന്നത് ഡാറ്റയെ ആധാരമാക്കിയാണ്.

സാമ്പത്തിക വളർച്ചയും മാനവിക വികസനവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാൻ വികസന സാമ്പത്തിക ശാസ്ത്രജ്ഞർ വിവിധ അനുമാനങ്ങളും പരികല്പനകളും വികസിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനമായ ഒരു പഠനമാണ് 2000 ൽ വേൾഡ് ഡെവലപ്പ്മെന്റ് ജേർണലിൽ ഗുസ്താവ് റാനിസും ഫ്രാൻസിസ് സ്റ്റുവർട്ടും “സാമ്പത്തിക വളർച്ചയും മാനവിക വികസനവും” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചത്. പ്രസ്തുത ലേഖനം ആഗോള തലത്തിലും ദേശീയ തലത്തിലുമായി സാമ്പത്തിക വളർച്ചയും മാനവിക വികസനവും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വിശകലനം ചെയ്യുന്നു. നിലവിൽ കേന്ദ്രസർക്കാർ അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് തയാറാക്കുമ്പോഴും ഈ രണ്ട് വികസന സൂചികകളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പരിശോധിക്കുന്നത് ഭാവി ഇന്ത്യയുടെ വികസനത്തിന് ഗുണകരമാകും. ത്രൈമാസ ജിഡിപി ഡാറ്റ ഉപയോഗിച്ചാണ് രാജ്യത്തെ സാമ്പത്തിക വളർച്ചാനിരക്ക് കണക്കാക്കുന്നത്. എന്നാൽ കാർഷിക മേഖല ഒഴികെയുള്ള അസംഘടിത മേഖലയിലെ ഡാറ്റ ലഭ്യമാകാത്തതിനാൽ വളർച്ചാനിരക്ക് യഥാർത്ഥ സാമ്പത്തിക പുരോഗതിയെ വെളിപ്പെടുത്തുന്നില്ല. രാജ്യത്തെ മൊത്തം തൊഴിൽ ശക്തിയുടെ 94 ശതമാനത്തോളം പേർ അസംഘടിത മേഖലയിലാണ്. പണപ്പെരുപ്പം അസംഘടിത മേഖലയിൽ പ്രതിഫലിക്കുന്നുവെങ്കിലും അതിന് ആനുപാതികമായ കൂലി വർധിക്കാത്തതിനാൽ തൊഴിലാളികളുടെ വാങ്ങൽ ശേഷിയെ ബാധിക്കുന്നു. കൂടാതെ മഹാമാരിയും അതിനനുബന്ധിച്ചുണ്ടായ നിയന്ത്രണങ്ങളും ഈ മേഖലയെ തളർത്തി. വർധിച്ചു വരുന്ന തൊഴിലില്ലായ്മയുടെ മൂല കാരണം അസംഘടിത മേഖലയുടെ തകർച്ച കൂടിയാണ്. അതിനൊപ്പം യുവജനങ്ങളുടെ തൊഴിലില്ലായ്മയും രൂക്ഷമാണ്. എങ്കിലും ഇതിനെ കുറിച്ചുള്ള യഥാർത്ഥ വിവരങ്ങളുടെ അപര്യാപ്തത നയരൂപീകരണത്തെ കൂടുതൽ സങ്കീർണമാക്കുന്നു. രാജ്യത്തിന്റെ യഥാർത്ഥ സാമ്പത്തിക ചിത്രം പുറത്ത് വരണമെങ്കിൽ അസംഘടിത മേഖലയിലെ പ്രശ്നങ്ങളും ഉയർന്ന നിരക്കിലുള്ള തൊഴിലില്ലായ്മയുടെയും വിവരങ്ങൾ ലഭ്യമാകേണ്ടതായിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: വിജയിക്കുമോ ആര്‍ബിഐ ഗവര്‍ണറിലെ ‘ട്രപ്പീസ് കലാകാരന്‍’


എന്നാൽ നിലവിൽ രാജ്യത്ത് വിവരശേഖരണത്തിന്റെ അപര്യാപ്തത മൂലം യഥാർത്ഥ സാമ്പത്തിക നില പരിശോധിക്കാതെ പോകുന്നു. സാമ്പത്തിക വളർച്ചയുടെ മറ്റൊരു സൂചികയായ പ്രതിശീർഷ വരുമാനം കണക്കാക്കുന്നതിലും ഇതേ അസ്ഥിരത നിലനിൽക്കുന്നു. മൊത്തം ദേശീയ വരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതിശീർഷ വരുമാനം കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തെ സാമ്പത്തിക സർവേ പ്രകാരം രാജ്യത്തെ പ്രതിശീർഷ വരുമാനം 93,973 (സ്ഥിര വിലയിൽ) രൂപയാണ്. 2023 ജനുവരിയിൽ നടന്ന ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തോളം കയ്യിൽ വയ്ക്കുന്നത് ഒരു ശതമാനത്തോളം വരുന്ന ശതകോടീശ്വരന്മാരാണ്. അതുപോലെ സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങളുടെ മൊത്തം ആസ്തി പരിഗണിച്ചാൽ മൂന്ന് ശതമാനത്തോളം മാത്രമേ വരികയുള്ളു. രാജ്യത്തെ ശതകോടീശ്വരന്മാർ വർധിക്കുമ്പോൾ അതിന് ആനുപാതികമായി പ്രതിശീർഷ വരുമാനത്തിൽ വർധനവ് പ്രകടമാകും. ഇത് രാജ്യത്തിലെ 99 ശതമാനത്തോളം വരുന്ന ജനസാമാന്യത്തിന്റെ സമ്പത്ത് വർധിച്ചതുകൊണ്ടല്ല എന്ന യാഥാർത്ഥ്യം നാം വിസ്മരിക്കുന്നു. വർത്തമാനകാല ഇന്ത്യയിലെ സാമൂഹിക അരക്ഷിതാവസ്ഥ എന്നത്തേക്കാളും രൂക്ഷമാണ്. 2021 ലെ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം 109 രാജ്യങ്ങൾക്കിടയിൽ 66-ാമത് റാങ്കാണ് ഇന്ത്യയുടേത്. ആഗോള തലത്തിലുള്ള ഏതു സൂചികകൾ പരിശോധിച്ചാലും ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലാണ്. (ഉദാഹരണത്തിന്, 2022 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 121 രാജ്യങ്ങൾക്കിടയിൽ 107-ാമതും, മാനവ വികസന സൂചികയിൽ 191 ൽ 132-ാമതും, ആഗോള അസമത്വ സൂചികയിൽ 161 ൽ 123 -ാമതും, ആഗോള സന്തോഷ സൂചികയിൽ 146 രാജ്യങ്ങൾക്കിടയിൽ 136-ാമതും). വർത്തമാന കാല ഇന്ത്യൻ സാഹചര്യത്തിൽ പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയവ സർക്കാരിന്റെ നയരൂപീകരണത്തിൽ മുൻഗണനാ വിഷയമായി മാറേണ്ടതാണ്. ഇതിനനുസൃതമായ പദ്ധതികൾക്ക് രൂപം നൽകാൻ കേന്ദ്ര ബജറ്റ് തയാറാവുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

സംസ്ഥാനങ്ങളുടെ അതിരുവിടുന്ന സൗജന്യങ്ങളെ നിയന്ത്രിക്കണമെന്ന രീതിയിൽ ചില ചർച്ചകൾക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടിരുന്നു. ഇത്തരത്തിലുള്ള സൗജന്യ പെരുമഴ മിക്ക ലോക്‌സഭ‑നിയമസഭ തെരഞ്ഞെടുപ്പുകളിൽ മുൻകാലങ്ങളിലും കാണാമായിരുന്നു. ഏതൊരു സർക്കാരിന്റെയും പ്രാഥമിക ചുമതലകളിലൊന്ന് തങ്ങളുടെ ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക എന്നതാണ്. അതിനായി ഇന്ത്യയിലെ മിക്ക സർക്കാരുകളും പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളുടെ പ്രാഥമികാവശ്യങ്ങളുമായി ബന്ധപ്പെട്ടും പാർശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പല പദ്ധതികളും ചില സൗജന്യങ്ങളും നൽകേണ്ടതായി വരും. പരിധിയിൽ കവിഞ്ഞ സൗജന്യ പ്രഖ്യാപനങ്ങൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലേക്ക് നയിച്ചേക്കും. എങ്കിലും കോവിഡ് മഹാമാരി സൃഷ്ടിച്ച സാമൂഹിക‑സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ജനസാമാന്യത്തെ കൈപിടിച്ച് ഉയർത്തുന്നതിനു പകരം സൗജന്യങ്ങളെ തന്നെ പൂർണമായി ഇല്ലാതാക്കുന്നത് നവലിബറൽ നയങ്ങളുടെ ബാക്കിപത്രമായി മാത്രമേ വിലയിരുത്താനാവുകയുള്ളു. മോഡി സർക്കാർ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന ‘ജൽ ജീവൻ മിഷൻ’ അതിരുവിടുന്ന സൗജന്യങ്ങളായി വ്യാഖ്യാനിക്കാനാകുമോ?. ഇല്ല എന്നതാണ് ഉത്തരം. കാരണം ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ശക്തമായ കുടിവെള്ള സംവിധാനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് നടപ്പിലാക്കുന്നത്. കൂടാതെ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 2005 ൽ തുടക്കമിട്ടത്.


ഇതുകൂടി വായിക്കൂ:സാമ്പത്തിക വളര്‍ച്ച: കണക്കുകള്‍ മൂടിവയ്ക്കാനാവില്ല


ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ തൊഴിലില്ലായ്മയ്ക്കും ജീവനോപാധി കണ്ടെത്തുന്നതിലും തൊഴിലുറപ്പ് പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് സാധാരണ ജനങ്ങൾക്ക് നൽകുന്നതിനെ വെറും സൗജന്യങ്ങളായി കരുതാതെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന നിരവധി ക്ഷേമ പദ്ധതികളായിട്ടു വേണം വ്യാഖ്യാനിക്കേണ്ടത്. കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘ആത്മനിർഭർ ഭാരത്’ പോലും സാമൂഹിക രംഗത്തെ പ്രശ്നങ്ങളെ പരിഗണിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതിന് പകരം വലിയ ദീർഘകാല പദ്ധതികൾക്കാണ് ഊന്നൽ നൽകിയിരുന്നത്. മോഡി സർക്കാരിന്റെ ഭരണകാലത്ത് പ്രധാന വികസനമായി പരിഗണിക്കുന്നത് അടിസ്ഥാന സൗകര്യ വികസനമാണ്. റോഡ്, റെയിൽ, എയർപ്പോർട്ട് അതിനനുബന്ധ മേഖലകളിലാണ് പ്രധാന ഊന്നൽ നൽകിയത്. രാജ്യത്തിന്റെ വളർച്ചയ്ക്ക് അടിസ്ഥാന സൗകര്യ വികസനം അത്യന്താപേക്ഷിതമാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും അതിനൊപ്പം നയരൂപീകരണ വിദഗ്ധരും കേന്ദ്രസർക്കാരും സാമൂഹികമായ അരക്ഷിതാവസ്ഥ ഇല്ലാതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ആഗോള തലത്തിൽ നിലവിൽ ആറാമതാണ് 3.2 ട്രില്യൺ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ സ്ഥാനം. സാമ്പത്തിക വളർച്ചയിൽ നാം മുമ്പിൽ നിൽക്കുമ്പോഴും മാനവവികസന രംഗത്തെ പിന്നോട്ട് പോക്ക് വരുന്ന കേന്ദ്ര ബജറ്റിന്റെ മുഖ്യപരിഗണനാ വിഷയമായി മാറേണ്ടതായിട്ടുണ്ട്. ഇതിലൂടെ മാത്രമേ സാമൂഹ്യനീതി ഉറപ്പു വരുത്തി കൊണ്ടുള്ള സാമ്പത്തിക വളർച്ച നേടാൻ സാധിക്കുകയുള്ളു. ഇതിനായുള്ള പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിലുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.