പിഎസ്‌സി: യഥാര്‍ഥ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണം

Web Desk
Posted on August 06, 2019, 10:53 pm

ഏറ്റവും വിശ്വസനീയവും സുതാര്യവുമായ സംവിധാനത്തിലൂടെയാണ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. കുറ്റമറ്റരീതിയിലുള്ള പരീക്ഷാസംവിധാനം അതിന്റെ സുപ്രധാന മേന്മകളില്‍ ഒന്നാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഏറ്റവും ആധുനികമായ പ്രയോഗങ്ങളിലൂടെ പരിഷ്‌കരിച്ച രീതിയിലുള്ളതാണ് പരീക്ഷ നടത്തിപ്പും തുടര്‍നടപടികളും. അതുകൊണ്ടുതന്നെ വിശ്വാസ്യതയാണ് കേരള പിഎസ്‌സിയുടെ ഏറ്റവും വലിയ പ്രത്യേകത. ലക്ഷക്കണക്കിന് പേരാണ് സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തിലേയ്ക്കുള്ള തൊഴില്‍പ്രതീക്ഷയുമായി പിഎസ്‌സിയെ ആശ്രയിക്കുന്നത്. കുറച്ച് ഒഴിവുകളുള്ള തസ്തികകള്‍ക്കുപോലും ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ പേരാണ് അപേക്ഷിക്കാറുള്ളത്. ഇതുകാരണം സാങ്കേതിക സഹായത്തോടെ മനുഷ്യസാധ്യവുമായ എല്ലാ സജ്ജീകരണങ്ങളും നടത്തിയാലും ചില പോരായ്മകളെങ്കിലും സംഭവിക്കാവുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകാന്‍ പിഎസ്‌സിക്ക് സാധിക്കുന്നുണ്ട്. ആ വിശ്വാസ്യതയ്ക്ക് ഇന്നുവരെ ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
ഇതിനിടയിലാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ പ്രതികളായ മൂന്ന് പേര്‍ റാങ്ക് ലിസ്റ്റില്‍ വന്നതുസംബന്ധിച്ച സംശയങ്ങള്‍ ഉയരുകയും വിവാദമാകുകയും ചെയ്തത്. യൂണിവേഴ്‌സിറ്റി കോളജുമായി ബന്ധപ്പെട്ടതായതിനാല്‍ ചിലര്‍ ഇത് ബോധപൂര്‍വമായ വിവാദമാക്കുന്നതിനും ശ്രമിക്കുകയുണ്ടായി. ഭരണഘടനാപരമായി സ്ഥാപിതമായതാണെങ്കിലും സംസ്ഥാനസര്‍ക്കാരാണ് ഉത്തരവാദികളെന്നുവരെ പ്രതിപക്ഷം പ്രസ്താവനയിറക്കി പരിഹാസ്യരാവുകയും ചെയ്തു. സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യംപോലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി.

സംഭവിക്കാന്‍ പാടില്ലാത്തതെന്ന് പൊതുവേ തോന്നുന്ന ഈ വിഷയം വിവാദമായപ്പോള്‍തന്നെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി പിഎസ്‌സി ഉടന്‍ തന്നെ നടപടികള്‍ ആരംഭിച്ചു. വാര്‍ത്ത പുറത്തുവന്ന ദിവസം തന്നെ പിഎസ്‌സിയിലെ വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണം നടത്തുന്നതിന് തീരുമാനമുണ്ടായി. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥികളായ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം, പ്രണവ് എന്നിവരുടെ അഡൈ്വസ് മെമ്മോ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മരവിപ്പിക്കാനുള്ള തീരുമാനവും ഉടന്‍തന്നെ പിഎസ്‌സി കൈക്കൊള്ളുകയുണ്ടായി.

വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളില്‍ ചിലത് പിഎസ്‌സി തന്നെ സ്വീകരിക്കുകയും ചെയ്തു. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനായ ശിവരഞ്ജിത്തിനെയും രണ്ടാം റാങ്കുകാരനായ പ്രണവിനെയും 28 -ാം റാങ്കുകാരനായ നസീമിനെയും പട്ടികയില്‍ നിന്നും നീക്കുന്നതിനും പിഎസ്‌സി തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്നു സ്ഥിരമായി അയോഗ്യരാക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി സംശയിക്കുന്നതായാണ് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പൊലീസ് അന്വേഷണത്തിന് പിഎസ്‌സി കൈമാറി. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് പിഎസ്‌സി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പരീക്ഷാകേന്ദ്രങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. പിഎസ്‌സിയുടെ പരീക്ഷാ സംവിധാനത്തിന്റെ പോരായ്മയാണിത് എന്ന് കരുതുക വയ്യ. എങ്കിലും പരീക്ഷാകേന്ദ്രങ്ങളില്‍ ക്രമക്കേട് നടക്കാനിടയായ സാഹചര്യം കണ്ടെത്തുക തന്നെവേണം. അത് ഉദ്യോഗാര്‍ഥികള്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്ന ക്രമക്കേടുമല്ല. ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം കണ്ടെത്തി നല്‍കുന്ന വിധത്തില്‍ മറ്റുള്ളവരുടെ സഹായവും ലഭ്യമാകണം. പുറത്തുനിന്ന് ഏത് സംവിധാനത്തിലൂടെയാണെങ്കിലും ഉത്തരങ്ങള്‍ നല്‍കുന്നതിന് ചോദ്യങ്ങള്‍ പുറത്തുപോയതെങ്ങനെയെന്നും കണ്ടെത്തണം.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷയ്ക്കുമേലാണ് ചില വ്യക്തികള്‍ ഈ കൃത്യം നടത്തിയിരിക്കുന്നത്. അതോടൊപ്പം പിഎസ്‌സിയുടെ വിശ്വാസ്യതക്ക് മങ്ങലേറ്റുവെന്ന ധാരണ പരത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഇതെല്ലാംകൊണ്ടുതന്നെ പ്രാകൃതസംവിധാനങ്ങളുള്ള കാലത്തുപോലും ഉടയാതെ സൂക്ഷിച്ച വിശ്വാസ്യത നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതിന് അന്വേഷണംവഴി സാധിക്കണം. അത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി വസ്തുതകള്‍ പുറത്തുകൊണ്ടുവരാനും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് നടപടികളുണ്ടാകേണ്ടത്.