പഴകിയ മുട്ടകള്‍ ഏജന്‍റുമാര്‍ വഴി കേരളത്തിലേക്ക്; ബേക്കറി പലഹാരങ്ങളിലൂടെ നമ്മളിലേക്കും

Web Desk
Posted on April 26, 2019, 7:15 pm

കോഴിക്കോട്: കേരളത്തിലെ ബേക്കറികളില്‍ പഴകിയതും പൊട്ടിയതുമായ മുട്ടകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. ഈ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട് ഗോഡൗണില്‍ സൂക്ഷിച്ച 30,000 മുട്ടകള്‍ ഭക്ഷ്യവകുപ്പ് പിടിച്ചെടുത്തു. തമിഴ്നാട്ടിലെ ഫാമുകളില്‍ നിന്ന് ഒഴിവാക്കുന്ന പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകള്‍ കേരളത്തില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തുച്ഛമായ വിലയില്‍ കിട്ടും എന്നതിനാല്‍ ബേക്കറികളാണ് ഇത്തരം മുട്ടകള്‍ വാങ്ങുന്നത്. മലബാര്‍ മേഖലയിലെ പല ബേക്കറികളിലും കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഇത്തരം മുട്ടകളാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയില്‍ കണ്ടെത്തി.

കേരളത്തിലേക്ക് പഴകിയ മുട്ടകള്‍ എത്തിക്കുന്നതിനായി പ്രത്യേക ഏജന്റുമാരുണ്ട്. ഇവയ്ക്ക് വിലക്കുറവായതിനാല്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പല ബേക്കറികളും ഇത്തരം മുട്ടകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരം മുട്ടകള്‍ കടകളില്‍ വില്‍ക്കാനാവില്ല എന്നതിനാലാണ് ബേക്കറികളില്‍ വ്യാപകമായി വിതരണം ചെയ്യുന്നത്. പരിശോധനയില്‍ കോഴിക്കോട് രാമനാട്ടുകരയില്‍ ഒരു ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പഴകിയതും പൊട്ടിയതുമായ മുപ്പതിനായിരത്തിലധികം മുട്ടകളാണ് അധികൃതര്‍ പിടികൂടി നശിപ്പിച്ചത്. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം മുട്ടകള്‍ വില്‍ക്കുന്ന ഏജന്റുമാരെ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.