മൊറട്ടോറിയം കാലത്തെ പിഴപ്പലിശ; പുനപ്പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം

Web Desk

ന്യൂഡൽഹി

Posted on June 17, 2020, 9:51 pm

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകൾക്ക് പിഴപ്പലിശ ഈടാക്കുന്നതിനെതിരെ സുപ്രീം കോടതി. പിഴപ്പലിശ ഈടാക്കുന്നത് മൊറട്ടോറിയത്തിന്റെ ലക്ഷ്യങ്ങൾക്കു നിരക്കുന്നതല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

മൊറട്ടോറിയം പ്രഖ്യാപിച്ചാൽ അതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്ന നടപടികളാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത വായ്പാ ഗഡുവിന്റെ പലിശയ്ക്ക് പലിശ ഈടാക്കുന്നത് ഇതിനു വിരുദ്ധമാണ്. സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. എല്ലാ തീരുമാനങ്ങളും ബാങ്കുകൾക്കു വിട്ടുകൊടുക്കരുതെന്ന് കോടതി പറഞ്ഞു.

മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാൻ റിസർവ് ബാങ്കിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി. പലിശ പൂർണമായും ഒഴിവാക്കുന്നത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് കേന്ദ്ര സർക്കാരിനും ആർബിഐയ്ക്കും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ബാങ്കുകൾ നിക്ഷേപങ്ങൾക്കു പലിശ നൽകുന്നുണ്ട്. അതുകൊണ്ട് വായ്പാ പലിശ പൂർണമായും ഒഴിവാക്കാനാവില്ല. പലിശ പൂർണമായും ഒഴിവാക്കുകയല്ല, മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത ഗഡുവിന്റെ പലിശയ്ക്കു പലിശ ചുമത്തുന്നതാണ് വിഷയമെന്ന് കോടതി ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ പുനപ്പരിശോധന വേണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് ആദ്യവാരം പരിഗണിക്കും.

eng­lish sum­ma­ry: fine inter­est in moro­to­ri­um peri­od: Supreme court order to review

you may also like this video: