Saturday
23 Feb 2019

ജ്യൂസ് അടിക്കുന്ന യന്ത്രത്തില്‍ യുവതിയുടെ കൈ കുടുങ്ങി; വേദന സഹിച്ച് ഒരു മണിക്കൂര്‍

By: Web Desk | Thursday 11 October 2018 5:21 PM IST


മണര്‍കാട്:

കരിമ്പിന്‍ ജ്യൂസ് അടിക്കുന്നതിനിടെ കൈവിരലുകള്‍ കുടുങ്ങിയ യുവതി വേദന സഹിച്ചത് ഒരു മണിക്കൂര്‍. കോട്ടയം ജില്ലയിലെ മണര്‍ക്കാട് ഐരാറ്റുനടയ്ക്ക് സമീപം വഴിയരികില്‍ കരിമ്പിന്‍ ജ്യൂസ് കച്ചവടം നടത്തുകയാണ് ഗീതയെന്ന മുപ്പത്തിയാറുകാരി. ജ്യൂസ് അടിക്കാനായി യന്ത്രത്തിലേക്ക് കരിമ്പു കയറ്റുമ്പോള്‍ അബദ്ധത്തില്‍ വലതുകൈവിരലുകള്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍, നിലവിളിക്കിടയില്‍ ഗീത യന്ത്രം ഓഫ് ചെയ്തു. പക്ഷേ, കൈ അവിടെത്തന്നെ കുടുങ്ങിനിന്നു.

ബസുകളില്‍ പോയവര്‍ പോലും ഗീതയുടെ നിലവിളി കേട്ട് സഹായത്തിനായെത്തി. എല്ലാവരും ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ആര്‍ക്കും സഹായിക്കാനാവാതെ നീണ്ട ഒരു മണിക്കൂര്‍ ഗീത നൊന്തു നീറി, ഒപ്പം കണ്ടുനിന്നവരും.

മണര്‍കാട്ടുനിന്ന് എസ്‌ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലീസും കോട്ടയം ഫയര്‍ഫോഴ്‌സ് ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ ശിവദാസിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയുമെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ മുകള്‍ഭാഗം അഴിച്ചെടുത്തു കൈ പുറത്തെടുത്തു. ഗീതയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ടു വിരലുകള്‍ പൂര്‍ണമായി ചതഞ്ഞ അവസ്ഥയിലാണ്.വിരലുകളിലെ ഞരമ്പു മുറിഞ്ഞിട്ടുമുണ്ട്.

ഇല്ലിവളവ് പാറയ്ക്കല്‍ സന്തോഷിന്റെ ഭാര്യയാണ് ഗീത. സന്തോഷിനു കോട്ടയത്ത് ലോട്ടറി വില്‍പനയാണ് ജോലി. ഒരു മാസം മുന്‍പാണു ഗീത ഐരാറ്റുനടയ്ക്കു സമീപം കരിമ്പിന്‍ ജ്യൂസ് വില്‍പന ആരംഭിച്ചത്.

Related News