Web Desk

ന്യൂഡൽഹി‍

July 04, 2020, 2:26 pm

ഡൽഹിയിൽ നടന്ന കലാപത്തിനിടെ ഒൻപത് മുസ്ലീങ്ങൾകൊല്ലപ്പെട്ടത് ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലെന്ന് കുറ്റപത്രം

Janayugom Online

ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിനിടെ ഒൻപത് മുസ്ലീങ്ങൾകൊല്ലപ്പെട്ടത് ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലെന്ന് കുറ്റപത്രം. ജൂ​​ൺ 29ന്​ ​ഡ​ൽ​ഹി മെ​ട്രോ​പോ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റി​ന് മുൻപാകെ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പൗരത്വ നിയമ ഭേതഗദിയ്ക്കെതിരെ തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സർക്കാർ അനുകൂലികളായ കലാപകാരികൾ ആക്രമണം നടത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ആക്രമണകാരികൾ പദ്ധതികൾ തയ്യാറാക്കിയതെന്നും ആവശ്യമുള്ളിടങ്ങളിലേക്കെല്ലാം ആളുകളെയും ആയുധങ്ങളും എത്തിച്ചു നൽകാൻ അവർ സന്നദ്ധരായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ മുസ്ലീങ്ങളോട് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 12.49 നാണ് കട്ടർ ഹിന്ദുത് ഏക്താ എന്ന വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ഇന്ത്യൻ മുസ്ലീങ്ങളെ കൊല്ലുക, മൃതദേഹങ്ങൾ മലിനജലത്തിലേക്ക് വലിച്ചെറിയുക തുടങ്ങിയ ആഹ്വാനങ്ങൾ കലാപകാരികൾ ഗ്രൂപ്പിൽ നടത്തി. തുടക്കത്തിൽ 125 ഓളം അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പിൽ നിന്നും മാർച്ച് എട്ടിനകം 47 പേർ പുറത്ത് പോയി. ഹംസ, ആമിൻ, ഭുരെ അലി, മുർസലിൻ, ആസ് മുഹമ്മദ്, മുഷറഫ്, അക്കിൾ അഹമ്മദ്, ഹാഷിം അലി, ജ്യേഷ്ഠൻ ആമിർ ഖാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിനോദ് കുമാർ ഗൗതത്തിന് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 25 രാവിലെയും 26 അർദ്ധരാത്രിയിലും ഗംഗാ വിഹാർ‑ഭാഗീരഥി വിഹാർ പ്രദേശത്ത് പ്രതികൾ ഒമ്പത് മുസ്ലീങ്ങളെ മർദ്ദിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഭഗീരഥീ വിഹാർ പ്രദേശത്ത് നടന്ന ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. ആയുധധാരികൾ ആരെയൊക്കെ കണ്ടാലും പി​ടി​കൂ​ടി പേ​ര്, വി​ലാ​സം എ​ന്നി​വ ചോ​ദി​ച്ച്​ മ​തം ക​ണ്ടെ​ത്തി​യ​ശേ​ഷം ‘ജ​യ് ശ്രീ​റാം’ വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു വി​സ​മ്മ​തി​ച്ച​വ​രെ മ​ർ​ദി​ച്ച്​ അ​വ​ശ​രാ​ക്കി​ അ​​ഴു​ക്കു​ചാ​ലി​ലേ​ക്ക്​ വ​ലി​ച്ചെ​റി​ഞ്ഞു. 

ജ​തി​ൻ ശ​ർ​മ, റി​ഷ​ഭ് ചൗ​ധ​രി, വി​വേ​ക് ​​പ​ഞ്ചാ​ൽ, ലോ​കേ​ഷ് സോ​ള​ങ്കി, പ​ങ്ക​ജ് ശ​ർ​മ, പ്രി​ൻ​സ്, സു​മി​ത് ചൗ​ധ​രി, അ​ങ്കി​ത് ചൗ​ധ​രി, ഹി​മാ​ൻ​ഷു താ​ക്കൂ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ഭാ​ഗീ​ര​ഥി വി​ഹാ​ർ, ഗം​ഗാ​വി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​തെ​ന്ന്​ കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. പ്രധാന പ്രതികളിൽ ഒരാളായ ലോ​കേ​ഷ് സോ​ള​ങ്കി ‘ക​ട്ട​ർ ഹി​ന്ദു​ത്​ ഏ​ക്​​ത’ വാ​ട്​​സ്​​ആ​പ്പ് ​ഗ്രൂ​പ്പി​ൽ അ​യ​ച്ച സ​ന്ദേ​ശ​വും കു​റ്റ​പ​ത്ര​ത്തി​ൽ എ​ടു​ത്തു പ​റ​യു​ന്നു. ​സോളങ്കി ഗ്രൂപ്പിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്ത് പുറത്ത് പോയെങ്കിലും അന്വേഷണ സംഘത്തിന് ഇത് കണ്ടെത്താനായിട്ടുണ്ട്. ഫെബ്രുവരി 25 ന് രണ്ട് മുസ്ലീം പുരുഷന്മാരെ കൊന്ന് അഴുക്ക് ചാലിൽ എറിഞ്ഞതായി സോളങ്കി അയച്ച സന്ദേശങ്ങൾ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു.

“ഞാൻ ഗംഗാ വിഹാറിൽ നിന്നുള്ള ലോകേഷ് സോളങ്കി. എന്തെങ്കിലും പ്രശ്നമോ ആളുകളുടെ കുറവോ ഉണ്ടെങ്കിൽ, എന്നെ അറിയിക്കുക. ഞാൻ മുഴുവൻ ഗംഗാ വിഹാർ ടീമിനൊപ്പം വരും. ബുള്ളറ്റുകൾ, തോക്കുകൾ, തുടങ്ങി ആവശ്യമായതെല്ലാെ ഞങ്ങളുടെ കൈവശം ഉണ്ട് ” എന്ന് രാത്രി 11.39 ന് ഇയാളയച്ച ആദ്യത്തെ സന്ദേശത്തിൽ പറയുന്നു. “രാത്രി 9 മണിയോടെ ബി വിഹാറിനടുത്ത് തങ്ങളുടെ ടീം രണ്ട് മുസ്ലീങ്ങളെ കൊന്ന് അഴുക്ക് ചാലിലേക്കെറിഞ്ഞതായി രാത്രി 11.44 നയച്ച സന്ദേശത്തിലും വ്യക്തമാക്കുന്നുണ്ട്. ഗ്രൂപ്പിലെ സന്ദേശങ്ങൾ പ്രതികളുടെ കുറ്റസമ്മതമായി പരിഗണിക്കാമെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.