ആള്‍ക്കൂട്ട അതിക്രമം; മോഡിക്ക് കത്തയച്ചവര്‍ക്കെതിരെ ദേശദ്രോഹത്തിന് കേസ്‌

Web Desk
Posted on October 04, 2019, 10:14 am

പട്‌ന: ആള്‍ക്കൂട്ട അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ച 49 വിഖ്യാത വ്യക്തികള്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തു. പ്രമുഖ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, ശ്യാം ബെനഗല്‍, അപര്‍ണ്ണ സെന്‍, അനുരാഗ് കശ്യപ്, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, എഴുത്തുകാരന്‍ അമിത് ചൗധരി, ആശിഷ് നന്ദി, അഭിനേതാവ് കെ എസ് ശര്‍മ്മ തുടങ്ങിയവര്‍ക്കെതിരെയാണ് മുസഫര്‍പൂര്‍ സ്വദേശിയായ അഭിഭാഷകന്റെ ഹര്‍ജിയെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം സദര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ദേശദ്രോഹത്തിന് പുറമേ ചില മതങ്ങളെ അപമാനിക്കല്‍ , പൊതുശല്യം എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

പ്രമുഖ വ്യക്തികള്‍ നല്‍കിയ കത്ത് രാജ്യത്തിന്റെ യശസിന് കളങ്കമേല്‍പ്പിക്കുന്നുവെന്നും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന പ്രധാനമന്ത്രിയെ ഇകഴ്ത്തുന്നതിന് കാരണമാകുമെന്നുമായിരുന്നു അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഓഗസ്റ്റ് ഇരുപതിനാണ് കോടതി നിര്‍ദ്ദേശമുണ്ടായതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

ജയ്ശ്രീറാം വിളിക്കാന്‍ പ്രേരിപ്പിക്കുകയും അതു ചെയ്യാത്തവരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലായിരുന്നു 49 പ്രമുഖ വ്യക്തികള്‍ ഇതില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജൂണ്‍ 18 ന് ഝാര്‍ഖണ്ഡില്‍ തബ്രേസ് അന്‍സാരിയെന്ന യുവാവിനെ തല്ലിക്കൊല്ലുകയുണ്ടായി. ജൂലൈ 21 ന് മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ രണ്ടുപേരെയാണ് ജയ്ശ്രീറാം വിളിക്കാതിരുന്നതിന്റെ പേരില്‍ ക്രൂരമായി ആക്രമിച്ചത്. ജയ്ശ്രീറാം, ജയ് ഹനുമാന്‍ വിളികള്‍ വ്യക്തികളുടെ വിഷയമാണെന്നും അത് അടിച്ചേല്‍പ്പിക്കുന്നത് മതേതരത്വത്തിന്റെ ലംഘന മാണെന്നും കത്തില്‍ പറഞ്ഞിരുന്നു.
ജൂലൈയിലാണ് പ്രമുഖര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് അയക്കുന്നത്. കത്തില്‍ ഒപ്പിട്ട അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് അയക്കണമെന്നുവരെ അന്ന് സംഘപരിവാര്‍ ഭീഷണി മുഴക്കിയിരുന്നു. രാജ്യത്തെ സുപ്രധാന പ്രശ്‌നമാണ്ടയ ആള്‍ക്കൂട്ട അതിക്രമം അണ്ടവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതിന് കേസെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമെതിരായ കടന്നാക്രമണമാണ് ബിഹാര്‍ പൊലീസില്‍ നിന്ന് ഉണ്ടായതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു.
എതിരഭിപ്രായം പറയുന്നവരെ കേസില്‍ കുടുക്കി ബുദ്ധിമുട്ടിക്കാമെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.