June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ശിവകുമാറിനെതിരെ എഫ്ഐആർ

By Janayugom Webdesk
February 18, 2020

മുൻ മന്ത്രി വി എസ് ശിവകുമാർ എംഎൽഎ ഉൾപ്പെടെ നാല് പേർക്കെതിരെ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫ്, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ ബിനാമിയാക്കി കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നതാണ് പരാതി. വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുത്ത് എഫ്ഐആർ സമർപ്പിച്ചത്. വിജിലൻസ് സ്പെഷൽ സെൽ എസ്‌പി വി എസ് അജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. 2011–16 കാലഘട്ടത്തിൽ ആരോഗ്യ, ദേവസ്വംമന്ത്രിയായിരുന്ന വി എസ് ശിവകുമാറാണ് കേസിലെ ഒന്നാം പ്രതി. പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന അദ്ദേഹത്തിന്റെ ഡ്രൈവർ ഷൈജു ഹരൻ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ശാന്തിവിള രാജേന്ദ്രൻ, സുഹൃത്ത് എൻ എസ് ഹരികുമാർ എന്നിവരെയും പ്രതിചേർത്ത്, അഴിമതി നിരോധന നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഈ സാഹചര്യത്തിൽ വി എസ് ശിവകുമാറിനെയും മറ്റ് പ്രതികളെയും വിജിലൻസ് അന്വേഷണ സംഘം ചോദ്യം ചെയ്യും. 2016ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ് രഹസ്യാന്വേഷണ വിഭാഗത്തിന് ശിവകുമാറിന്റെയും ബിനാമിയായി മറ്റുള്ളവരുടെയും അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് ചുമതല നൽകുകയും ചെയ്തിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തി ആയിരത്തോളം പേരുടെ മൊഴി രേഖപ്പെടുത്തുകയും 105 രേഖകൾ പരിശോധിക്കുകയും ചെയ്തു. പരാതികളിൽ പറഞ്ഞ ഏഴുപേരുടെ സ്വത്ത് വിജിലൻസ് വിശദമായി പരിശോധിച്ചതിൽ ശിവകുമാർ ഉൾപ്പെടെ നാലുപേരുടെ സ്വത്തിൽ ഇരട്ടിയിലധികം വർദ്ധന ഉണ്ടെന്നും വ്യക്തമായി. തുടർന്ന്, പരാതിയിൽ കഴമ്പുണ്ടെന്ന് വിജിലൻസ്, ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് ചെയ്തു.

ജനപ്രതിനിധികൾക്ക് എതിരെ അന്വേഷണം ആരംഭിക്കുന്നതിന് മുൻപ് ലഭിക്കേണ്ട അനുമതിക്കായി സർക്കാർ ഈ വിഷയം ഗവർണർക്ക് വിട്ടു. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനുമതി നൽകിയതോടെ കഴിഞ്ഞദിവസം ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. ഇക്കാര്യം പരിശോധിച്ച സർക്കാറും ഗവർണറും 1988ലെ അഴിമതി നിരോധന നിയമം അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നൽകിയത്. തുടർന്ന് അന്വേഷണം വിജിലൻസ് സ്പെഷൽ യൂണിറ്റിന് കൈമാറുകയും പ്രാഥമികാന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.

Eng­lish sum­ma­ry: FIR against Sivakumar.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.