പൂവൻക്കോഴിയെ കൊന്നതിന് ഏഴുപേർക്കെതിരെ എഫ്ഐആർ

Web Desk
Posted on November 22, 2019, 5:26 pm

ഭാഭുവ: ബിഹാറിലെ ഭാഭുവ ജില്ലയിൽ കോഴിയെ കൊന്നതിന് ഏഴു പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഭാഭുവയിലെ തിറോസ്പുർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കമലാ ദേവിയും അയൽവാസിയും തമ്മിൽ രണ്ടുദിവസം മുമ്പ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം, കമലയുടെ പൂവൻകോഴിയെ അയൽവാസി ബ്ലേഡ് ഉപയോഗിച്ചു കൊന്നു.

വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കോഴിയെ കൊന്നതാണെന്ന് തെളിഞ്ഞു. തുടർന്ന് കമലാ ദേവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏഴു പേർക്കെതിരെ ഐപിസി 429, 341, 323 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രഘുനാഥ് സിങ് പറഞ്ഞു.